മിഡ്-സൈസ് എസ്‌യുവി വിപണിയിൽ തങ്ങളുടെ മേധാവിത്വം നിലനിർത്താൻ വമ്പൻ വിലക്കുറവുമായി മാരുതി സുസുക്കി. വിപണിയിൽ മികച്ച മുന്നേറ്റം തുടരുന്ന ‘മാരുതി സുസുക്കി വിക്ടോറിസ്’ എസ്‌യുവിയുടെ തിരഞ്ഞെടുത്ത പെട്രോൾ വേരിയന്റുകൾക്കാണ് ഇപ്പോൾ 38,900 രൂപ വരെ വില കുറച്ചിരിക്കുന്നത്. നിലവിൽ രാജ്യത്ത് ഏറ്റവും കൂടുതൽ വിറ്റഴിക്കപ്പെടുന്ന രണ്ടാമത്തെ മിഡ്-സൈസ് എസ്‌യുവിയാണ് വിക്ടോറിസ്.
ഏറ്റവും പുതിയ വില പരിഷ്കാരം വിക്ടോറിസിന്റെ എല്ലാ മോഡലുകൾക്കും ബാധകമല്ല. സാധാരണ എൽഎക്സ്ഐ (LXi), വിഎക്സ്ഐ (VXi), സെഡ്എക്സ്ഐ (ZXi), സെഡ്എക്സ്ഐ പ്ലസ് (ZXi Plus) എന്നീ പെട്രോൾ മാനുവൽ, ഓട്ടോമാറ്റിക് പതിപ്പുകളുടെ വിലയിൽ മാറ്റമില്ല. കൂടാതെ കാറിന്റെ സിഎൻജി (CNG), സ്ട്രോങ് ഹൈബ്രിഡ് മോഡലുകളുടെ വിലയും മാരുതി സുസുക്കി അതേപടി നിലനിർത്തിയിട്ടുണ്ട്. മാനുവൽ, ഓട്ടോമാറ്റിക് ഗിയർബോക്സ് ഓപ്ഷനുകളിൽ ലഭ്യമായ ZXi (O), ZXi പ്ലസ് (O) എന്നീ വകഭേദങ്ങൾക്ക് മാത്രമാണ് എക്സ്-ഷോറൂം വിലയിൽ 38,900 (ഏകദേശം 39,000 രൂപ) കുറവു വരുത്തിയിരിക്കുന്നത്.
ZXi (O) MT (മാനുവൽ): പഴയ വില 14.08 ലക്ഷം, പുതിയ വില 13.69 ലക്ഷം (39,000 കുറഞ്ഞു)
ZXi (O) AT (ഓട്ടോമാറ്റിക്): പഴയ വില 15.64 ലക്ഷം, പുതിയ വില 15.25 ലക്ഷം (39,000 കുറഞ്ഞു)
ZXi+ (O) MT (മാനുവൽ): പഴയ വില 15.82 ലക്ഷം, പുതിയ വില 15.43 ലക്ഷം (39,000 കുറഞ്ഞു)
ZXi+ (O) AT (ഓട്ടോമാറ്റിക്): പഴയ വില 17.77 ലക്ഷം, പുതിയ വില 17.38 ലക്ഷം (39,000 കുറഞ്ഞു)
LXi MT – 10.50 ലക്ഷം, VXi MT – 11.80 ലക്ഷം, ZXi MT – 13.57 ലക്ഷം, ZXi+ AT AWD – 18.64 ലക്ഷം എന്നീ മറ്റ് വേരിയന്റുകളുടെ വിലയിൽ മാറ്റമില്ല).
ശതമാനക്കണക്കിൽ നോക്കിയാൽ ZXi (O) പെട്രോൾ മാനുവൽ പതിപ്പിനാണ് ഏറ്റവും ഉയർന്ന വിലക്കുറവ് (2.76%) ലഭിച്ചിരിക്കുന്നത്. വിപണിയിൽ ജനപ്രീതിയുള്ള ഒരു മോഡലിന് വില വർദ്ധിപ്പിക്കുന്നതിന് പകരം കമ്പനി വില കുറയ്ക്കാൻ തയ്യാറായത് വാഹനപ്രേമികളെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. ഹ്യുണ്ടായി ക്രെറ്റ ഉൾപ്പെടെയുള്ള വമ്പൻമാരുള്ള ഈ സെഗ്മെന്റിൽ കൂടുതൽ ഉപയോക്താക്കളെ ആകർഷിക്കാൻ മാരുതിയുടെ ഈ നീക്കം സഹായിക്കും. ഇന്ത്യൻ വിപണിയിൽ കടുത്ത മത്സരമുള്ള മിഡ്-സൈസ് എസ്‌യുവി സെഗ്മെന്റിലാണ് വിക്ടോറിസ് മത്സരിക്കുന്നത്. ഹ്യുണ്ടായി ക്രെറ്റ, ടൊയോട്ട അർബൻ ക്രൂയിസർ ഹൈറൈഡർ, മാരുതി സുസുക്കി ഗ്രാൻഡ് വിറ്റാര, ഹോണ്ട എലിവേറ്റ്, റെനോ ഡസ്റ്റർ, ടാറ്റ സിയറ എന്നിവയാണ് വിക്ടോറിസിന്റെ പ്രധാന എതിരാളികൾ.






