ഇഎംഐയിൽ ഫോൺ വാങ്ങാൻ പദ്ധതിയുണ്ടോ? ശമ്പളം തീരാതെ കടം തീർക്കാം! അറിയാം ‘2-6-10’ നിയമം

പല കമ്പനികളും 12 മുതൽ 24 മാസം വരെയുള്ള തിരിച്ചടവ് സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും ‘2-6-10’ നിയമം അനുസരിച്ച് ഇഎംഐ ആറുമാസത്തിനുള്ളിൽ അടച്ചുതീർക്കണം.

ഇഎംഐയിൽ ഫോൺ വാങ്ങാൻ പദ്ധതിയുണ്ടോ? ശമ്പളം തീരാതെ കടം തീർക്കാം! അറിയാം ‘2-6-10’ നിയമം
ഇഎംഐയിൽ ഫോൺ വാങ്ങാൻ പദ്ധതിയുണ്ടോ? ശമ്പളം തീരാതെ കടം തീർക്കാം! അറിയാം ‘2-6-10’ നിയമം

കൈയിൽ മുഴുവൻ പണമില്ലെങ്കിലും ഇഷ്ടപ്പെട്ട ഫോൺ സ്വന്തമാക്കാം. ചെറിയ മാസത്തവണകളായി പണം അടച്ചുതീർക്കാമെന്നതാണ് ഇഎംഐയുടെ ആകർഷണം. എന്നാൽ തിരിച്ചടവിനെക്കുറിച്ച് കൃത്യമായ ധാരണയില്ലെങ്കിൽ ഈ സൗകര്യം വലിയ സാമ്പത്തിക ബാധ്യതയായി മാറാം. വിലകൂടിയ ഫോൺ വാങ്ങുമ്പോൾ സാമ്പത്തിക ബുദ്ധിമുട്ടുകൾ ഒഴിവാക്കാൻ സഹായിക്കുന്നതാണ് സാമ്പത്തിക വിദഗ്ധർ മുന്നോട്ടുവയ്ക്കുന്ന ‘2-6-10’ നിയമം.

ഈ നിയമപ്രകാരം, വാങ്ങാൻ ഉദ്ദേശിക്കുന്ന ഉൽപ്പന്നത്തിന്റെ ആകെ വില ഒരു മാസത്തെ വരുമാനത്തിന്റെ പകുതിയിൽ കൂടരുത്. അതായത്, ഒരു ലക്ഷം രൂപ വിലയുള്ള ഐഫോൺ വാങ്ങാൻ പ്രതിമാസം കുറഞ്ഞത് രണ്ട് ലക്ഷം രൂപ വരുമാനമുണ്ടാകണം. സാധാരണയായി പലരും മാസത്തവണ എത്രയാണെന്നു മാത്രമാണ് പരിശോധിക്കുന്നത്. എന്നാൽ ഉൽപ്പന്നത്തിന്റെ ആകെ വിലയും സ്വന്തം വരുമാനവും തമ്മിലുള്ള അനുപാതം കൂടി കണക്കിലെടുക്കണമെന്നാണ് ഈ നിയമം നിർദേശിക്കുന്നത്. അപ്രതീക്ഷിത സാമ്പത്തിക ആവശ്യങ്ങൾ വരുമ്പോൾ പണം മുഴുവൻ വിലകൂടിയ ഇലക്ട്രോണിക് ഉപകരണങ്ങൾക്കായി ചെലവഴിച്ച് പ്രതിസന്ധിയിലാകുന്നത് ഒഴിവാക്കുകയാണ് ലക്ഷ്യം.

ALSO READ:ജർമനിയിൽ കൗമാരക്കാരിയെ കടന്നുപിടിച്ച് ഹ്യൂമനോയ്ഡ് റോബോട്ട്..!

പല കമ്പനികളും 12 മുതൽ 24 മാസം വരെയുള്ള തിരിച്ചടവ് സൗകര്യങ്ങൾ നൽകുന്നുണ്ടെങ്കിലും ‘2-6-10’ നിയമം അനുസരിച്ച് ഇഎംഐ ആറുമാസത്തിനുള്ളിൽ അടച്ചുതീർക്കണം. സാങ്കേതികവിദ്യ അതിവേഗം മാറുന്നതിനാൽ വാങ്ങിയ ഫോൺ പഴയതാകുന്നതിനു മുൻപേ അതിന്റെ കടം തീർക്കുന്നതാണ് ഉചിതം. ദീർഘകാല ഇഎംഐകൾ ക്രെഡിറ്റ് പരിധിയെ ബാധിക്കാനും മറ്റ് അത്യാവശ്യങ്ങൾക്കായി വായ്പ എടുക്കുന്നതിന് തടസ്സമാകാനും സാധ്യതയുണ്ട്.

ഈ നിയമത്തിലെ അവസാന നിർദേശമനുസരിച്ച്, ഒരു ഇഎംഐക്കായി പ്രതിമാസ വരുമാനത്തിന്റെ പത്ത് ശതമാനത്തിൽ കൂടുതൽ മാറ്റിവയ്ക്കരുത്. വാടക, ഭക്ഷണം, യാത്ര, ഇൻഷുറൻസ് തുടങ്ങിയ അടിസ്ഥാന ആവശ്യങ്ങൾക്കുള്ള ചെലവുകൾ പരിഗണിച്ചശേഷം മാത്രമേ ആഡംബരങ്ങൾക്കായി പണം ചെലവഴിക്കാവൂ. വരുമാനത്തിന്റെ വലിയൊരു ഭാഗം ഇഎംഐ തിരിച്ചടവിലേക്ക് പോകുന്നത് മാസാവസാനം സാമ്പത്തിക സമ്മർദമുണ്ടാക്കാം. അതിനാൽ ഇഷ്ടപ്പെട്ട ഫോൺ വാങ്ങുന്നതിനു മുൻപ് അതിന്റെ വില, തിരിച്ചടവ് കാലാവധി, മാസത്തവണ എന്നിവ സ്വന്തം വരുമാനവുമായി ഒത്തുനോക്കുന്നത് സാമ്പത്തിക സുരക്ഷയ്ക്ക് സഹായിക്കും.

Share Email
Top