സ്തനാർബുദ പ്രതിരോധത്തിന് കരുതലിന്റെ ചുവടുവെപ്പുമായി ‘പിങ്ക് കാരവൻ’; യു.എ.ഇയിൽ സൗജന്യ പരിശോധനകളും ബോധവത്കരണവും തുടങ്ങി

പൊതുജനങ്ങളിൽ സ്തനാർബുദ ബോധവത്കരണവും പ്രതിരോധവും ശക്തമാക്കാൻ ലക്ഷ്യമിട്ട് ഫ്രണ്ട്‌സ് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ (എഫ്.ഒ.സി.പി.) നേതൃത്വത്തിൽ പിങ്ക് കാരവൻ കാംപെയ്‌ന് തുടക്കമായി

സ്തനാർബുദ പ്രതിരോധത്തിന് കരുതലിന്റെ ചുവടുവെപ്പുമായി ‘പിങ്ക് കാരവൻ’; യു.എ.ഇയിൽ സൗജന്യ പരിശോധനകളും ബോധവത്കരണവും തുടങ്ങി
സ്തനാർബുദ പ്രതിരോധത്തിന് കരുതലിന്റെ ചുവടുവെപ്പുമായി ‘പിങ്ക് കാരവൻ’; യു.എ.ഇയിൽ സൗജന്യ പരിശോധനകളും ബോധവത്കരണവും തുടങ്ങി

ഷാർജ: പൊതുജനങ്ങളിൽ സ്തനാർബുദ ബോധവത്കരണവും പ്രതിരോധവും ശക്തമാക്കാൻ ലക്ഷ്യമിട്ട് ഫ്രണ്ട്‌സ് ഓഫ് കാൻസർ പേഷ്യന്റ്സിന്റെ (എഫ്.ഒ.സി.പി.) നേതൃത്വത്തിൽ പിങ്ക് കാരവൻ കാംപെയ്‌ന് തുടക്കമായി. യു.എ.ഇ.യിലുടനീളം സൗജന്യ സ്തനാർബുദ പരിശോധനകൾ, സാമൂഹിക സംരംഭങ്ങൾ, ബോധവത്കരണ പരിപാടികൾ എന്നിവയാണ് ഒരു മാസം നീണ്ടുനിൽക്കുന്ന കാംപെയ്‌നിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്. അൽ ജാദയിലാണ് ആദ്യഘട്ട പ്രചാരണ പരിപാടികൾ പുരോഗമിക്കുന്നത്.

ഞായറാഴ്ച (ഒക്ടോബർ 4) വൈകിട്ട് അഞ്ച് മണിമുതൽ രാത്രി 11 മണിവരെ ഇവിടെ പരിശോധനാ സേവനങ്ങൾ ലഭ്യമാണ്. ആരോഗ്യ പരിശോധനകൾക്കൊപ്പം എല്ലാ പ്രായക്കാർക്കും അനുയോജ്യമായ വിവിധ വിനോദ പ്രവർത്തനങ്ങളിലും പൊതുജനങ്ങൾക്ക് പങ്കെടുക്കാം. സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരുപോലെ സൗജന്യ ക്ലിനിക്കിൽ പരിശോധനാ സേവനങ്ങൾ പ്രയോജനപ്പെടുത്താം. കൂടാതെ, 40 വയസോ അതിൽ കൂടുതലോ ഉള്ള സ്ത്രീകൾക്കായി പിങ്ക് കാരവന്റെ മൊബൈൽ ക്ലിനിക്കുകൾ മാമ്മോഗ്രാം പരിശോധനകളും വാഗ്ദാനം ചെയ്യുന്നുണ്ട്.

Also Read: റിയാദിൽ സൗദി അരാംകോ കേന്ദ്രത്തിൽ തീപ്പിടിത്തം; കനത്ത പുക ഉയർന്നതായി റിപ്പോർട്ട്

രോഗം നേരത്തെ കണ്ടെത്തേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് സമൂഹത്തിൽ അവബോധം വർധിപ്പിക്കുകയാണ് കാംപെയ്‌ന്റെ പ്രധാന ലക്ഷ്യം. അർബുദ പ്രതിരോധ നടപടികൾ, സ്വയം പരിശോധനകളുടെ പ്രാധാന്യം, നിശ്ചിത ഇടവേളകളിൽ ആരോഗ്യപരിശോധന നടത്തേണ്ടതിന്റെ ആവശ്യകത എന്നീ വിഷയങ്ങളിൽ ആരോഗ്യവിദഗ്ധരുടെ മേൽനോട്ടത്തിൽ പ്രത്യേക ശില്പശാലകളും സംഘടിപ്പിക്കുന്നുണ്ട്. കായിക, ആരോഗ്യ പ്രവർത്തനങ്ങൾ, സംവേദനാത്മക ശില്പശാലകൾ, സാംസ്‌കാരിക പരിപാടികൾ എന്നിവയ്‌ക്കൊപ്പം ആരോഗ്യകരമായ ജീവിതശൈലി പ്രോത്സാഹിപ്പിക്കുന്ന വിവിധ ഉത്പന്നങ്ങളും സേവനങ്ങളും പ്രദർശിപ്പിക്കുന്ന കമ്യൂണിറ്റി മാർക്കറ്റും ഇതിന്റെ ഭാഗമായി ഒരുക്കിയിട്ടുണ്ട്.

കഴിഞ്ഞവർഷം അൽ ജാദയിൽ നടന്ന കാംപെയ്‌നിൽ 1134 ആളുകൾ സ്തനാർബുദ പരിശോധനകൾ നടത്തിയിരുന്നു. മൊത്തം 17,458 സ്ത്രീകൾക്കും 2,244 പുരുഷന്മാർക്കുമായി 19,000-ലേറെ സൗജന്യ സ്തനാർബുദ പരിശോധനകളാണ് കഴിഞ്ഞ വർഷം മാത്രം പൂർത്തിയാക്കിയത്.

രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി ഈ മാസമുടനീളം ഒൻപത് സ്ഥിരം പിങ്ക് കാരവൻ ക്ലിനിക്കുകൾ പ്രവർത്തിക്കും. അബുദാബിയിലെ മുഷ്രിഫ് മാൾ, അൽ ഐനിലെ മാൾ ഓഫ് അൽ ഐൻ, മകാനി സാഖർ, ദുബായിലെ സിറ്റി വാക്ക്, ഷാർജയിലെ അൽ മജാസ് വാട്ടർ ഫ്രണ്ട്, അൽ ദൈദ് മാൾ, ഉമുൽഖുവൈനിലെ മാൾ ഓഫ് യു.എ.ക്യൂ., റാസൽഖൈമയിലെ റാക് മാൾ, ഫുജൈറയിലെ ലുലു മാൾ എന്നീ സ്ഥലങ്ങളിലാണ് സ്ഥിരം ക്ലിനിക്കുകൾ സജ്ജീകരിച്ചിട്ടുള്ളത്. ഇതിനുപുറമേ, താമസ പ്രദേശങ്ങൾ, ഷോപ്പിങ് കേന്ദ്രങ്ങൾ, സർവകലാശാലകൾ, സർക്കാർ സ്ഥാപനങ്ങൾ എന്നിവ കേന്ദ്രീകരിച്ച് മൊബൈൽ ക്ലിനിക്കുകളും മിനി മൊബൈൽ ക്ലിനിക്കുകളും സേവനങ്ങൾ എത്തിക്കാനായി രംഗത്തുണ്ടാകും.

Share Email
Top