ത്രിപുരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂരിലെ തിരഞ്ഞെടുപ്പിന് പോയതാകും; പരിഹസിച്ച് വിഡി സതീശന്‍

ത്രിപുരയില്‍ തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂരിലെ തിരഞ്ഞെടുപ്പിന് പോയതാകും; പരിഹസിച്ച് വിഡി സതീശന്‍

വടകര: മുഖ്യമന്ത്രിയുടെ വിദേശയാത്രയെ പരിഹസിച്ച് വി ഡി സതീശന്‍. ഇടത് ഇല്ലെങ്കില്‍ ഇന്ത്യ ഇല്ലെന്ന് പറഞ്ഞു നടന്ന പിണറായി വിജയന്‍ ഇടതുപക്ഷം മത്സരിക്കുന്ന മറ്റു സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുപ്പ് പ്രചരണത്തിന് പോയിട്ടില്ലെന്ന് ചൂണ്ടികാട്ടിയാണ് പരിഹാസം. ത്രിപുരയില്‍ പോലും തിരഞ്ഞെടുപ്പ് പ്രചാരണത്തിന് പോകാത്ത പിണറായി സിംഗപ്പൂര്‍, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളിലെ തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്ക് പോയതായിരിക്കുമെന്നാണ് സതീശന്‍ പരിഹസിച്ചു.

സി പി എമ്മും ബി ജെ പിയും തമ്മില്‍ അന്തര്‍ധാര അല്ല, ഇപ്പോള്‍ ബിസിനസ് പങ്കാളികളായിട്ടുണ്ടെന്നും പ്രതിപക്ഷ നേതാവ് അഭിപ്രായപ്പെട്ടു. വടകരയില്‍ ഷാഫിക്കെതിരായ പ്രചരണങ്ങള്‍ക്കെതിരായി യു ഡി എഫ് സംഘടിപ്പിച്ച രാഷ്ട്രീയ വിശദീകരണയോഗത്തിലാണ് സതീശന്‍ ഇക്കാര്യങ്ങള്‍ പറഞ്ഞത്. അങ്ങാടിയില്‍ തോറ്റാല്‍ അമ്മയോട് എന്ന ചൊല്ല് പോലെ ആണ് സി പി എമ്മിന്റെ ഇപ്പോഴത്തെ അവസ്ഥ. തിരഞ്ഞെടുപ്പിലെ പരാജയ ഭീതി കൊണ്ടുള്ള ദുഷ് പ്രചാരണമാണ് ഷാഫിക്കെതിരെ നടക്കുന്നത്. വടകരയില്‍ വലിയ ഭൂരിപക്ഷത്തില്‍ എല്‍ ഡി എഫ് തോല്‍ക്കും. സംസ്ഥാനത്ത് വലിയ രീതിയില്‍ ഉള്ള പിന്തുണ ഷാഫിക്ക് വടകരയില്‍ കിട്ടിയെന്നും സതീശന്‍ അഭിപ്രായപ്പെട്ടു.

ലോക്‌സഭ തിരഞ്ഞെടുപ്പ് കഴിഞ്ഞിട്ടും എല്‍ ഡി എഫ് വര്‍ഗീയ ചേരിതിരിവ് ഉണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ഇത് അടുത്ത നിയമ സഭ തിരഞ്ഞെടുപ്പ് ലക്ഷ്യം വച്ചാണ്. വര്‍ഗീയത പറയുന്ന ബി ജെ പിയും വടകരയിലെ സി പി എമ്മും തമ്മില്‍ ഒരു വ്യത്യാസവും ഇല്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. വര്‍ഗീയ വിവേചനം ഉണ്ടാക്കിയാല്‍ നേട്ടം സി പി എമ്മിന് ആയിരിക്കില്ലെന്നും അത് മുതലെടുക്കാന്‍ വര്‍ഗീയ കക്ഷികള്‍ ഉണ്ടെന്ന് സി പി എം ഓര്‍ക്കണമെന്നും സതീശന്‍ കൂട്ടിച്ചേര്‍ത്തു. ഒരു വര്‍ഗീയ കക്ഷികളുടെയും വോട്ട് യു ഡി എഫിന് വേണ്ട. സി പി എമ്മുകാര്‍ വടകരയില്‍ ഷാഫിക്ക് വോട്ട് ചെയ്തിട്ടുണ്ടെന്നും ഇക്കാര്യം വോട്ട് എണ്ണുമ്പോള്‍ സി പി എമ്മിന് മനസിലാകുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Top