ആലപ്പുഴ: സിപിഎം ആലപ്പുഴ ജില്ലാ സമ്മേളനത്തില്‍ വോട്ടുചോര്‍ച്ചയില്‍ തുടര്‍ നടപടിക്ക് മുഖ്യമന്ത്രി പിണറായി വിജയന്റെ നിര്‍ദേശം. നഷ്ടപ്പെട്ടവോട്ടുകള്‍ തിരികെയെത്തിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. വോട്ടു ചോര്‍ച്ചയുണ്ടായ അമ്പലപ്പുഴ, ഹരിപ്പാട്, കായംകുളം എന്നിവിടങ്ങളില്‍ പ്രത്യേകം യോഗങ്ങള്‍ ചേരും. സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്റെ സാന്നിധ്യത്തിലാകും യോഗങ്ങള്‍ ചേരുക.
ആലപ്പുഴയില്‍ എസ്എന്‍ഡിപിയും മറ്റു സമുദായ സംഘടനകളുമായി ആരോഗ്യകരമായ ബന്ധം സൂക്ഷിക്കണമെന്ന് മുഖ്യമന്ത്രി നിര്‍ദ്ദേശിച്ചു. നഷ്ടപ്പെട്ട വോട്ട് തിരികെ കൊണ്ടുവരണം. അകന്ന ജനവിഭാഗങ്ങള്‍, സംഘടനകള്‍ എന്നിവരുമായി നിരന്തര ബന്ധം വേണം. അവരുടെ പ്രശ്‌നങ്ങളില്‍ ഇടപെട്ട് പരിഹാരം കാണണം. വോട്ടു നഷ്ടപ്പെടാനിടയാക്കിയ കാരണങ്ങള്‍ കണ്ടെത്തി തിരുത്തണം. ന്യൂനപക്ഷങ്ങള്‍, യുവാക്കള്‍ എന്നിവരുടെ ഇടയിലുള്ള പ്രവര്‍ത്തനത്തില്‍ ശ്രദ്ധിക്കണം തുടങ്ങി നിര്‍ദ്ദേശങ്ങള്‍ മുഖ്യമന്ത്രി മുന്നോട്ട് വെച്ചു.
Also Read: ജയിലില്‍ പോയിട്ടും രാജിവെക്കാത്ത ഒരേയൊരു മുഖ്യമന്ത്രിയാണ് അരവിന്ദ് കെജ്രിവാള്‍; ആഞ്ഞടിച്ച് അമിത് ഷാ
ആലപ്പുഴയിലെ സിപിഎം സമ്മേളന ചര്‍ച്ചകള്‍ക്ക് മുഖ്യമന്ത്രിയുടെ അഭിനന്ദനം. ചര്‍ച്ചകള്‍ ക്രിയാത്മകമായെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. മുന്‍പത്തെ സമ്മേളനങ്ങളിലെ ചര്‍ച്ചകള്‍ പോലെയല്ല ഇത്തവണ നടന്നതെന്നും വ്യക്തി വിമര്‍ശനങ്ങളും കുറ്റപ്പെടുത്തലുകളും ഒഴിവായത് നല്ല ലക്ഷണമാണെന്നും മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു.
കുട്ടനാട് എംഎല്‍എയ്ക്ക് എതിരായ ഒരു പ്രതിനിധിയുടെ അധിക്ഷേപ പരാമര്‍ശത്തില്‍ മുഖ്യമന്ത്രിയുടെ തിരുത്തല്‍. വ്യക്തി പരമായ അധിക്ഷേപങ്ങള്‍ പാടില്ലെന്ന് മുഖ്യമന്ത്രി ചൂണ്ടിക്കാട്ടി. കുട്ടനാടിന് പ്രത്യേക ശ്രദ്ധ നല്‍കുമെന്ന് മുഖ്യമന്ത്രി ഉറപ്പ് നല്‍കി. രണ്ടാം കുട്ടനാട് പാക്കേജില്‍ പ്രഖ്യാപിച്ച പദ്ധതികള്‍ സമയബന്ധിതമായി നടപ്പാക്കും. കുട്ടനാട്ടിലെ പദ്ധതി നടത്തിപ്പിന് മേല്‍നോട്ട സമിതി ഉണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സിപിഐയ്ക്കും എന്‍സിപിക്കും എതിരായ വിമര്‍ശനങ്ങളില്‍ മുന്നണിയിലെ കക്ഷികള്‍ക്ക് കുറവുകളുണ്ടാകും പക്ഷേ സ്വന്തമെന്ന പോലെ ചേര്‍ത്തു നിര്‍ത്തണമെന്നായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി. സിപിഎം ചിഹ്നത്തില്‍ വോട്ടു ചെയ്യാന്‍ ആഗ്രഹമുണ്ടാകും. എപ്പോഴും അതിന് കഴിയില്ല. നമ്മുടെ സ്വന്തം സ്ഥാനാര്‍ത്ഥി എന്ന പോലെ കരുതി പ്രവര്‍ത്തിക്കണം.ഒറ്റ മുന്നണി എന്ന ചിന്ത വേണമെന്നും മുഖ്യമന്ത്രി പറഞ്ഞു.