തൃശ്ശൂര്‍: ഇന്ത്യയിലെ ആര്‍എസ്എസും ഇസ്രയേലിലെ സയണിസ്റ്റുകളും ഇരട്ട സന്തതികളാണെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ലോക മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഭീകരമായ ആക്രമണമാണ് ഇസ്രയേല്‍ ഇറാനുമേല്‍ നടത്തിയത്. ഇസ്രയേലിനെതിരെ ലോകത്താകെ വിമര്‍ശനം ഉയര്‍ന്നു വരുന്ന ഘട്ടത്തിലാണ് ഈ ആക്രമണം. ഇതിന് അവര്‍ക്ക് പിന്‍ബലമാകുന്നത് അമേരിക്കയാണെന്നും മുഖ്യമന്ത്രി പറഞ്ഞു. തൃശ്ശൂരിലെ നാട്ടികയില്‍ സിപിഎം ഏരിയാ കമ്മിറ്റിയുടെ പുതിയ ഓഫീസ് കെട്ടിടം ഉദ്ഘാടനം ചെയ്തുകൊണ്ട് നടത്തിയ പ്രസംഗത്തിലാണ് മുഖ്യമന്ത്രിയുടെ വിമര്‍ശനം.
Also Read: ഇറാൻ്റെ അജ്ഞാത സംഘങ്ങൾ നെതന്യാഹുവിനെയും ട്രംപിനെയും ലക്ഷ്യമിടുമോ എന്ന് പരക്കെ ആശങ്ക
ഇറാനെ ആക്രമിച്ചതില്‍ ലോക രാജ്യങ്ങളും സംഘടനകളും അപലപിച്ചപ്പോള്‍ അവിടെ ഇന്ത്യയെ കണ്ടില്ലെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. അമേരിക്കന്‍ സാമ്രാജ്യത്വത്തിന്റെ മുഖം മുഷിയാന്‍ പാടില്ലെന്ന നിലപാടാണ് ബിജെപി സര്‍ക്കാരിനും ആര്‍എസ്എസിനുമുള്ളത്. ബിജെപിയും ആര്‍എസ്എസും വര്‍ഗീയതയുടെ വക്താക്കളാണ്. വര്‍ഗീയതയുമായി സമരസപ്പെടുന്ന നിലപാടാണ് കോണ്‍ഗ്രസിന്റേതും. നിലമ്പൂരില്‍ ജമാ അത്തെ ഇസ്ലാമിയുമായി പരസ്യമായി കൂട്ടുചേര്‍ന്നാണ് കോണ്‍ഗ്രസ് മത്സരിക്കുന്നത്. വര്‍ഗീയതക്കെതിരെ ജനങ്ങള്‍ മതനിരപേക്ഷത ഉയര്‍ത്തിപ്പിടിക്കണമെന്നും പ്രസംഗത്തില്‍ മുഖ്യമന്ത്രി ആവശ്യപ്പെട്ടു.