തിരുവനന്തപുരം: പിപിഇ കിറ്റ് വിവാദത്തില്‍ സര്‍ക്കാര്‍ നടപടികള്‍ ന്യായീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. അടിയന്തിര സാഹചര്യത്തിലുള്ള രക്ഷാ ഉപകരണങ്ങള്‍ അടിയന്തിരമായി വാങ്ങേണ്ടതുണ്ടായിരുന്നു. കാലതാമസം വരുത്തി ആളുകളെ മരണത്തിലേക്ക് തള്ളിവിടാന്‍ കഴിയുമായിരുന്നില്ലെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.
പിപിഇ കിറ്റ് അടക്കം കിട്ടാത്ത അവസ്ഥയുണ്ടായി. ജനങ്ങള്‍ പരിഭ്രാന്തരായിരുന്നുവെന്നും എത്ര കാലം കൊവിഡ് നില്‍ക്കുമെന്ന് പറയാന്‍ കഴിയാത്ത കാലത്ത് പര്‍ച്ചേസ് മാനദണ്ഡം പാലിച്ച് നടപടി എടുത്താല്‍ മതിയായിരുന്നു എന്നാണോ നിങ്ങള്‍ പറയുന്നതെന്ന് മുഖ്യമന്ത്രി ചോദിച്ചു. അന്ന് അടിയന്തിരമായി സാധനങ്ങള്‍ വാങ്ങാനാണ് തീരുമാനമെടുത്തത്. അതില്‍ ഒരു അസ്വാഭാവികതയുമില്ലെന്ന് മുഖ്യമന്ത്രി പറഞ്ഞു.
Also Read: വിദ്യാര്‍ത്ഥിനിക്ക് നേരെ പാഞ്ഞടുത്ത് തെരുവുനായ; രക്ഷപ്പെട്ടത് തലനാരിഴക്ക്
ജീവന്‍ രക്ഷാ ഉപകരണങ്ങള്‍ക്ക് പലതിനും പല വിലയായിരുന്നു. ആ സാഹചര്യത്തില്‍ പലതും നമ്മള്‍ നിര്‍ബന്ധിതരായി. ചിലതിന് വില കൂടി. ചീഫ് സെക്രട്ടറിയുടെ സമിതിയാണ് കാര്യങ്ങള്‍ തീരുമാനിച്ചതെന്ന് മുഖ്യമന്ത്രി പറഞ്ഞു. സിഎജിക്ക് ഉചിതവും വ്യക്തവുമായ മറുപടി സര്‍ക്കാര്‍ നല്‍കിയിരുന്നുവെന്ന് മുഖ്യമന്ത്രി പറഞ്ഞു. കൊവിഡ് കാലവും സാധാരണ കാലവും തമ്മിലുള്ള വ്യത്യാസമുണ്ട്. കണക്കുകള്‍ കൂട്ടി വച്ച് വിലയിരുത്തിയാല്‍ ശരിയാകില്ല. സിഎജി അവ്യക്തത സൃഷ്ടിക്കുകയാണ് ചെയ്തതെന്ന് മുഖ്യമന്ത്രി പറഞ്ഞു.
സിഎജി റിപ്പോര്‍ട്ട് അന്തിമമല്ലെന്നും പബ്ലിക് അക്കൗണ്ട്‌സ് കമ്മിറ്റി പരിശോധിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കുറഞ്ഞ വിലയ്ക്ക് നല്‍കിയ കമ്പനി പകുതി എണ്ണം മാത്രമേ നല്‍കിയുള്ളൂ. അതേ വിലയ്ക്ക് ബാക്കി നല്‍കാന്‍ അവര്‍ക്ക് കഴിഞ്ഞില്ല. അതുകൊണ്ടാണ് അവരുമായുള്ള പര്‍ച്ചേസ് ഉത്തരവ് റദ്ദാക്കിയതെന്ന് മുഖ്യമന്ത്രി പറഞ്ഞു. പി പി ഇ കിറ്റ് അഴിമതി ആരോപണത്തില്‍ സര്‍ക്കാരിന് ഒന്നും മറച്ചുവയ്ക്കാനില്ലെന്ന് മുഖ്യമന്ത്രി വ്യക്തമാക്കി. പ്രതിപക്ഷ നേതാവ് പറഞ്ഞ കാര്യം പരിശോധിക്കാമെന്ന് മുഖ്യമന്ത്രി പറഞ്ഞു.