ഇത്രയും വലിയ വമ്പൻ തിരിച്ചടി നിയമസഭാ തിരഞ്ഞെടുപ്പിൽ ലഭിച്ചിട്ടും , പാർട്ടി അണികളും അനുഭാവികളും ഉൾപ്പെടെ വലിയ പ്രതിഷേധം ഉയർത്തിയിട്ടും, എന്താണ് സി.പി.എം നേതൃത്വം തിരുത്താത്തത് ? പിണറായി വിജയനും, പാർട്ടി സെക്രട്ടറി എംവി ഗോവിന്ദനും ഇതെന്ത് ഭാവിച്ചാണ് മുന്നോട്ട് പോകുന്നത് ? ഇവർ യഥാർത്ഥത്തിൽ കമ്യൂണിസ്റ്റുകൾ തന്നെയാണോ ? ഇടതുപക്ഷ കേന്ദ്രങ്ങളിൽ പരക്കെ ഉയരുന്ന ചോദ്യമാണിത്.
ഇടതുപക്ഷത്തിന് നേതൃത്വം നൽകുന്ന സി.പി.എം എന്ന കമ്യൂണിസ്റ്റ് പാർട്ടിയുടെ നയങ്ങളിലും നിലപാടുകളിലും മാത്രമല്ല, സംഘടനാ പരമായ അച്ചടക്കവും പാടെ ലംഘിക്കപ്പെടുന്ന കാഴ്ചയാണ് ഇപ്പോഴും കാണുന്നത്. പിണറായി വിജയനും ഗോവിന്ദനും അടങ്ങുന്ന ഒരു ചെറു സംഘം പാർട്ടിയെ വരുതിയിലാക്കി വ്യക്തിപരമായ താല്പര്യങ്ങൾക്കു വേണ്ടി ഉപയോഗപ്പെടുത്തുന്നതിൻ്റെ റിസൾട്ടാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ കണ്ടിരിക്കുന്നത്. ഇവരിൽ ചിലർ തീരുമാനിക്കും അത് പാർട്ടി ഘടകങ്ങളെ കൊണ്ട് അംഗീകരിപ്പിക്കും എന്ന രീതിയാണ് പിന്തുടരുന്നത്. ഉൾപാർട്ടി ചർച്ചകൾ പോലും പാർട്ടിക്ക് അകത്ത് നടന്നിട്ട് കാലം കുറേയായി. പിണറായി സർക്കാർ അധികാരത്തിൽ വന്ന പത്ത് വർഷവും പിണറായി എടുക്കുന്ന തീരുമാനങ്ങൾ പാർട്ടിയിലും അടിച്ചേൽപ്പിക്കുന്ന ശൈലിയാണ് പിന്തുടർന്നത്. അതിലുള്ള ദേഷ്യം കൂടിയാണ് നിയമസഭാ തിരഞ്ഞെടുപ്പിൽ ഇപ്പോൾ സി.പി.എം അണികളും അനുഭാവികളും തീർത്തിരിക്കുന്നത്. ബാക്കി കണക്ക് അവർ സി.പി.എം സമ്മേളനം തുടങ്ങുമ്പോൾ അവിടെ തീർക്കുമെന്ന് തന്നെയാണ് ഇടതുപക്ഷ മനസ്സുകൾ കരുതുന്നത്.
സിപിഐ എമ്മിൽ ആര് നേതാവാകണമെന്ന് നിശ്ചയിക്കുന്നത് മാധ്യമങ്ങളല്ല, പാർട്ടിയാണെന്ന് പറയുന്ന എം വി ഗോവിന്ദൻ, പാർട്ടി എന്നു പറഞ്ഞാൽ അദ്ദേഹവും പിണറായിയും മാത്രമല്ലന്നതും ഓർക്കുന്നത് നല്ലതാണ്. സിപിഐ എമ്മിൽ ആര് നേതാവാകണം എങ്ങനെ പ്രവർത്തിക്കണം എന്നൊക്കെ നിശ്ചയിക്കുന്നത് ഗോവിന്ദൻ മാഷ് പറഞ്ഞതു പോലെ പാർട്ടി തന്നെയാണ്. അത് സമ്മതിക്കുന്നു. എന്നാൽ ഈ പാർട്ടി എന്നു പറയുന്നത് ജീവനില്ലാത്ത വസ്തു ഒന്നും അല്ലല്ലോ ? സി.പി.എം സംഘടനാ സമ്മേളനങ്ങൾ വഴി തിരഞ്ഞെടുത്ത നേതൃത്വം കൂടിയാലോചനകളിലൂടെ ഭൂരിപക്ഷ തീരുമാനപ്രകാരം എടുക്കുന്ന നിലപാടുകളെയാണ് പാർട്ടി തീരുമാനം എന്ന് പറയുന്നത്. അതല്ലാതെ പിണറായി വിജയൻ ഒറ്റയ്ക്ക് എടുക്കുന്ന തീരുമാനത്തെ ഗോവിന്ദൻ മാസ്റ്റർ പിന്താങ്ങിയതു കൊണ്ടു മാത്രം അത് ഒരിക്കലും പാർട്ടി തീരുമാനമായി മാറുകയില്ല.
പിണറായി മുഖ്യമന്ത്രി ആയിരുന്ന 10 വർഷവും അദ്ദേഹത്തെ ചുറ്റിപറ്റി നടന്ന ചിലരാണ് ഭരണം നിയന്ത്രിച്ചിരുന്നത്. അല്ലാതെ പാർട്ടിയല്ല. പാർട്ടിക്ക് ഒരു റോളും ഇല്ലായിരുന്നു എന്നതാണ് യാഥാർത്ഥ്യം. പൊളിറ്റിക്കൽ സെക്രട്ടറി, പ്രൈവറ്റ് സെക്രട്ടറി, അഡീഷണൽ പ്രൈവറ്റ് സെക്രട്ടറി തുടങ്ങി സകലരെയും നിശ്ചയിച്ചതും പിണറായി വിജയൻ തന്നെയാണ്. പെണ്ണ് കേസിൽ സി.പിഎം നടപടി എടുത്ത് പുറത്താക്കിയ വ്യക്തിയെ പൊളിറ്റിക്കൽ സെക്രട്ടറി ആക്കിയതു തന്നെ നാണംകെട്ട ഏർപ്പാടായിരുന്നു. പി ജയരാജൻ അല്ലാതെ മറ്റാരും തന്നെ ഈ നിയമനത്തെ സംസ്ഥാന കമ്മറ്റിയിൽ ചോദ്യം ചെയ്തില്ല എന്നതും സി.പി.എം നേതാക്കളിലെ പരിമിതിയെ തുറന്നു കാട്ടുന്നതാണ്. വിമർശിക്കുന്നവർ ഒതുക്കപ്പെടുന്ന പുതിയ കാലത്തെ സംഘാനാ രീതിയാണ് ഈ മൗനത്തിന് കാരണമാകുന്നത്.

നിയമസഭാ തിരഞ്ഞെടുപ്പിൽ കനത്ത പ്രഹരം ഏറ്റിട്ടും ഇനിയും തിരുത്താൻ ഉദ്ദേശിക്കുന്നില്ല എന്ന നിലപാടാണ് പിണറായി വിജയൻ ഇപ്പോഴും പിന്തുടരുന്നത്. ഇത് എങ്ങനെയാണ് സി.പി.എം പ്രവർത്തകർക്ക് അംഗീകരിക്കാൻ പറ്റുക എന്നതാണ് ഉയരുന്ന മറ്റൊരുചോദ്യം.
ബൂർഷ്വാ രാഷ്‌ട്രീയ പാർട്ടിക്കളിൽ നിന്നും വ്യത്യസ്‌തമാണ് കമ്മ്യൂണിസ്റ്റ് പാർട്ടികളുടെ സംഘടനാരീതിയെന്നും, നിയമസഭാ തെരഞ്ഞെടുപ്പ് തോൽവിയുമായി ബന്ധപ്പെട്ട് വിശദമായ പരിശോധനയാണ് പാർട്ടി ആകെ നടത്തിയത് എന്നും പറയുന്ന ഗോവിന്ദൻ മാസ്റ്റർ പിണറായി വിജയൻ്റെ പുതിയ നിലപാടിലും മറുപടി പറയേണ്ടതുണ്ട്. വെള്ളാപ്പള്ളി പറഞ്ഞത് മുസ്‍ലിം വിഭാഗത്തിനെതിരായാണ് കേരളീയ സമൂഹം കണക്കാക്കിയത് എന്ന് വാദിച്ച പിണറായി, ‘വെള്ളാപ്പള്ളിയെ കാറിൽ കയറ്റിയതിൽ തെറ്റില്ല’ എന്ന് അർത്ഥശങ്കക്കിടയില്ലാത്ത രീതിയിലാണ് തുറന്നു പറഞ്ഞിരിക്കുന്നത്. അയ്യപ്പസംഗമത്തിനിടെ എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശനെ കാറിൽ കയറ്റിയത് തെറ്റായി കാണുന്നില്ലെന്ന് പറയുന്ന ഈ പിണറായി വിജയനെയും മുൻ നിർത്തി മുന്നോട്ട് പോയാൽ, വീണ്ടും പടുകുഴിയിലാണ് സി. പി. എം വീഴാൻ പോകുന്നത്.
വർഗ്ഗീയ വിഷം ചീറ്റിയ വെള്ളാപ്പള്ളിയെ പിണറായി വിജയൻ മുഖ്യമന്ത്രിയുടെ കാറിൽ കയറ്റിയ ആ നിമിഷം തന്നെ, സി.പി.എം തലയും കുത്തിയാണ് താഴെ വീണത്. വെള്ളാപ്പള്ളി-പിണറായി അടുപ്പം എന്തടിസ്ഥാനത്തിൽ വന്നതാണ് എന്ന് ചോദിക്കാനുള്ള ശേഷി പോലും, ഇവിടുത്തെ ഒരു സിപിഎം നേതാവിനും ഇല്ലന്നതാണ് യാഥാർത്ഥ്യം. അതു പോലെ തന്നെ ആർ എസ് എസ് ബുദ്ധിയിൽ പിറന്ന കേന്ദ്ര പദ്ധതിയായ പിഎം ശ്രീയിൽ പിണറായി സർക്കാർ ഒപ്പിട്ടതും, മത ന്യൂനപക്ഷങ്ങളെ സി.പി.എമ്മിൽ നിന്നും അകറ്റാൻ മറ്റൊരു കാരണമായിട്ടുണ്ട്. പിന്നീട് സി.പി.ഐ നേതൃത്വം കണ്ണുരുട്ടിയപ്പോൾ ഈ നിലപാടിൽ നിന്നും പിന്നോട്ട് പോയെങ്കിലും ജനങ്ങൾ അതൊന്നും തന്നെ മറന്നിട്ടില്ലന്നതും, തിരഞ്ഞെടുപ്പ് ഫലം കാണിച്ചു തരുന്നുണ്ട്.
ഇങ്ങനെ ഏകപക്ഷിയമായി പാർട്ടി നയം വക വയ്ക്കാതെ, ധിക്കാരത്തോട് കൂടി ഇപ്പോഴും മുന്നോട്ട് പോകുന്ന പിണറായി വിജയനെ പ്രതിപക്ഷ നേതൃസ്ഥാനത്ത് നിന്നും എത്രയും പെട്ടന്ന് മാറ്റിയില്ലങ്കിൽ 2029-ൽ മാത്രമല്ല, ഒരു തിരഞ്ഞെടുപ്പിലും സി.പി.എം വിജയിക്കാൻ പോകുന്നില്ല എന്നതാണ് യാഥാർത്ഥ്യം. മൂന്ന് സീറ്റിൽ നിന്നും തുടങ്ങി പശ്ചിമ ബംഗാളിൻ്റെ ഭരണം പിടിച്ച ബി.ജെ.പി ഇപ്പോൾ കേരളത്തിൽ തുടങ്ങിയിരിക്കുന്നതും സി.പി.എമ്മിൻ്റെ മൂന്ന് സിറ്റുകൾ പിടിച്ചെടുത്താണ്. ഇതും ഓർക്കുന്നത് നല്ലതാണ്.
വെള്ളാപ്പള്ളിയും സുകുമാരൻ നായരും ഒപ്പം ഉണ്ടെങ്കിൽ, ഭൂരിപക്ഷ സമുദായത്തിൻ്റെ പിന്തുണ ഉണ്ടാകുമെന്ന കണക്ക് കൂട്ടലാണ് പിണറായി വിജയൻ നടത്തിയിരുന്നത്. അതിൻ്റെ ഫലമായി യഥാർത്ഥത്തിൽ സംഭവിച്ചത് ന്യൂനപക്ഷ സമുദായങ്ങൾ മാത്രമല്ല, ഭൂരിപക്ഷ സമുദായങൾ പോലും ഇടതുപക്ഷത്തെ കൈവിട്ടു എന്നതാണ്. പിണറായി അല്ലാതെ മറ്റാരുണ്ട് എന്ന ചോദ്യം ഉയർത്തിയ കൂറ്റൻ ഫ്ലക്സുകൾ പോലും ജനങ്ങളുടെ ക്ഷമയെ പരീക്ഷിക്കുന്നതായിരുന്നു. ഈ ഫ്ലക്സിലെ അടിക്കുറുപ്പ് തെറ്റായി പോയി എന്ന് തുറന്ന് പറഞ്ഞ് സി.പി.എം കേന്ദ്ര കമ്മറ്റി അംഗം പി രാജീവ് തന്നെ ഇപ്പോൾ പരസ്യമായി രംഗത്ത് വന്നിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്.
സി.പി.എം. സംസ്ഥാന സെക്രട്ടറിയായി ഗോവിന്ദൻ മാസ്റ്റർ തുടരവെ തന്നെ അദ്ദേഹത്തിൻ്റെ ഭാര്യയെ തളിപറമ്പിൽ മത്സരിപ്പിച്ചതും, പയ്യന്നൂരിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും തുടങ്ങി സി.പി.എമ്മിലെ ഭിന്നത സംസ്ഥാന വ്യാപകമായാണ് സി.പിഎം വോട്ട് ബാങ്കിനെ സ്വാധീനിച്ചിരിക്കുന്നത്. ഇഷ്ടക്കാരെ തിരഞ്ഞ് പിടിച്ച് സ്ഥാനാർത്ഥികളാക്കിയതും തോൽവിയുടെ വ്യാപ്‌തി വർദ്ധിപ്പിക്കാൻ കാരണമായിട്ടുണ്ട് എന്നതും ഒരു വസ്തുതയാണ്.

ഇതെല്ലാം ചെയ്ത് വച്ചിട്ട് ഇപ്പോഴും നിലപാടിൽ ഒരു മാറ്റവും വരുത്താതെ എന്ത് തിരുത്തൽ പദ്ധതിയാണ് സി.പി.എം നേതൃത്വം നടത്താൻ പോകുന്നത് എന്നതാണ് സി.പി.എം അണികൾ ചോദിക്കുന്നത്. പിണറായി വിജയനും ഗോവിന്ദൻ മാസ്റ്ററും മാത്രമല്ല സി.പി.എം കണ്ണൂർ ജില്ലാ സെക്രട്ടറി കെകെ രാഗേഷും നിലവിലെ സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റും ഉൾപ്പെടെ പൂർണ്ണ പരാജയമാണ്. ഇവരെയൊക്കെ മാറ്റി തിരുത്തൽ നടപടി തുടങ്ങിയാൽ മാത്രമേ സി.പി.എമ്മിന് തിരിച്ചു വരാനുള്ള ശേഷി വീണ്ടെടുക്കാൻ പറ്റുകയൊള്ളൂ. താഴെ തട്ടു മുതൽ സി.പി.എമ്മിനുള്ളിലെ വികാരവും അതു തന്നെയാണ്. കഴിവുള്ള നിരവധി നേതാക്കളാണ് കഴിഞ്ഞ ഒരുപാട് വർഷമായി തഴയപ്പെട്ടു കൊണ്ടിരിക്കുന്നത്. സ്തുതി പാഠകർക്ക് മാത്രം പരിഗണന എന്ന ശൈലി തന്നെ കമ്യൂണിസ്റ്റ് വിരുദ്ധമാണ്.
ഇതൊക്കെ തിരുത്താതെ ഒരു രക്ഷയും സി.പി.എമ്മിന് ഉണ്ടാകുകയില്ല. പി രാജീവ് തുടങ്ങിവച്ച വിമർശനങ്ങൾ ഏറ്റെടുത്ത് രംഗത്ത് വരാനെങ്കിലും സി.പി.എം നേതാക്കൾ തയ്യാറാകേണ്ടതുണ്ട്. ഇടതുപക്ഷ കേരളം ആഗ്രഹിക്കുന്നതും അതു തന്നെയാണ്. ഇനിയും പഴയ പോലെ മുന്നോട്ട് പോകാനാണ് നേതൃത്വത്തിൻ്റെ ഉദ്ദേശമെങ്കിൽ കേരള രാഷ്ട്രീയത്തിൽ സി.പി.എം ഇരിക്കുന്ന സ്ഥാനത്ത് ബി.ജെ.പി ഇരിക്കുന്നത് അധികം വൈകാതെ തന്നെ നമുക്ക് എല്ലാവർക്കും കാണേണ്ടതായി വരും. അക്കാര്യത്തിലും യാതൊരു സംശയവും ഉണ്ടാവേണ്ടതില്ല.
EXPRESS VIEW
വീഡിയോ കാണുക;






