ഓൺലൈൻ മാധ്യമങ്ങളുടെ അതിരുകടന്ന പെരുമാറ്റത്തിനെതിരെയും സ്ത്രീകൾ നേരിടുന്ന സൈബർ അതിക്രമങ്ങൾക്കെതിരെയും ഗുരുതരമായ വെളിപ്പെടുത്തലുമായി മന്ത്രി ബിന്ദു കൃഷ്ണ രംഗത്ത്. കൊല്ലത്തെ ഒരു സ്കൂൾ പരിപാടിക്കിടെ തന്റെ മുഖം ഒഴിവാക്കി ശരീരഭാഗങ്ങൾ മാത്രം ക്യാമറയിൽ പകർത്തി ചിലർ സോഷ്യൽ മീഡിയയിൽ പ്രചരിപ്പിച്ചതായി മന്ത്രി വെളിപ്പെടുത്തി. ഇത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ ഇടപെട്ട് ചിത്രം ഡിലീറ്റ് ചെയ്യിച്ചെങ്കിലും അപ്പോഴേക്കും ചിലർ ഇതിന്റെ സ്ക്രീൻഷോട്ടുകൾ എടുത്തിരുന്നു. ഒരു മന്ത്രിയായ തനിക്ക് പോലും ഇതാണ് അവസ്ഥയെങ്കിൽ സാധാരണക്കാരായ സ്ത്രീകളുടെ അവസ്ഥ എത്രത്തോളം ദയനീയമായിരിക്കുമെന്ന് മന്ത്രി ആശങ്ക പ്രകടിപ്പിച്ചു. സ്ത്രീകൾക്കും കുട്ടികൾക്കും എതിരെയുള്ള ഇത്തരം അതിക്രമങ്ങളിൽ വനിതാ ശിശുക്ഷേമ വകുപ്പ് ‘സീറോ ടോളറൻസ്’ നയം സ്വീകരിക്കുമെന്നും, സുരക്ഷിതമല്ലാത്ത സ്ഥലങ്ങൾ കണ്ടെത്തി ‘സേഫ് വുമൺ, സേഫ് ഫാമിലി’ പദ്ധതി വഴി സുരക്ഷ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.
കോറോ ഹെൽത്ത് അടക്കമുള്ള കമ്പനികളിലെ കൂട്ടപ്പിരിച്ചുവിടലുകൾക്കെതിരെയും ഗിഗ് തൊഴിലാളികളുടെ ക്ഷേമത്തിനായും ശക്തമായ നടപടികൾ സ്വീകരിക്കുമെന്ന് മന്ത്രി അറിയിച്ചു. ഗിഗ് തൊഴിലാളികൾക്കായി പ്രത്യേക വിശ്രമമുറികളും ചാർജിങ് സ്റ്റേഷനുകളും ഉൾപ്പെടുന്ന ‘ഗിഗ് വർക്കേഴ്സ് ആക്ട്’ നടപ്പിലാക്കുമെന്നും, ഐടി മേഖലയിലെ ജീവനക്കാർക്കായി ‘ഓഫീസ് വെൽനസ് പോളിസി’ രൂപീകരിക്കുമെന്നും അവർ പറഞ്ഞു. പേഴ്സണൽ സ്റ്റാഫ് നിയമനവുമായി ബന്ധപ്പെട്ട തർക്കങ്ങൾ മന്ത്രി നിഷേധിച്ചു. താൻ ഒരു വകുപ്പും ആവശ്യപ്പെട്ടിരുന്നില്ലെന്നും ആദ്യമായി എംഎൽഎയായ തന്നെ മന്ത്രിയാക്കിയത് പാർട്ടിയുടെ വലിയ തീരുമാനമാണെന്നും അവർ ഓർമ്മിപ്പിച്ചു. കൂടാതെ, കെ.സി. വേണുഗോപാലുമായി നടത്തിയ കൂടിക്കാഴ്ചയിൽ കെപിസിസി പുനഃസംഘടനയിൽ അർഹമായ വനിതാ പ്രാതിനിധ്യം ഉറപ്പാക്കണമെന്ന് താൻ ആവശ്യപ്പെട്ടിട്ടുണ്ടെന്നും ബിന്ദു കൃഷ്ണ കൂട്ടിച്ചേർത്തു.






