കൊച്ചി: LGBTQIA+ കമ്മ്യൂണിറ്റിയെ അപമാനിക്കുന്നതും അവഹേളിക്കുന്നതുമായ ഉള്ളടക്കങ്ങള്‍ ഉണ്ടെന്നാരോപിച്ച് ‘ഒരു ജാതി ജാതകം’ എന്ന സിനിമയ്ക്കെതിരെ ഹൈക്കോടതിയില്‍ ഹര്‍ജി. LGBTQIA+ കമ്മ്യൂണിറ്റിയെ പ്രതിനിധീകരിച്ച് ഷാക്കി എസ് പ്രിയംവദയാണ് ഹര്‍ജി നല്‍കിയത്. സിനിമയിലെ ചില സംഭാഷണങ്ങള്‍ LGBTQIA+ കമ്മ്യൂണിറ്റിയെ അവഹേളിക്കുന്നതാണെന്ന് പരാതിയില്‍ പറയുന്നു. ഡയലോഗുകള്‍ വിവേചനത്തെ പ്രോത്സാഹിപ്പിക്കുന്നതും മനുഷ്യന്റെ അന്തസ്സ് ലംഘിക്കുന്നതും ദോഷകരമായ സ്റ്റീരിയോടൈപ്പുകള്‍ നിലനിര്‍ത്തുന്നുവെന്നും പരാതിയില്‍ പരാമര്‍ശിക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പരാതി ലഭിച്ചിട്ടും തിരുത്തല്‍ നടപടികള്‍ സ്വീകരിക്കാന്‍ സിബിഎഫ്സി വിസമ്മതിച്ചതിലൂടെ ആര്‍ട്ടിക്കിള്‍ 14 ലംഘിച്ചുവെന്നും പരാതിയില്‍ ചൂണ്ടിക്കാണിക്കുന്നു. ട്രാന്‍സ്ജെന്‍ഡര്‍ പേഴ്സണ്‍സ് ആക്റ്റ് 2019 ലെ സെക്ഷന്‍ 18 പ്രകാരം കുറ്റം ചെയ്തതിന് സംവിധായകനും പ്രൊഡക്ഷന്‍ കമ്പനിയ്ക്കുമെതിരെ നടപടിയെടുക്കാന്‍ സംസ്ഥാനത്തോട് ആവശ്യപ്പെടണമെന്ന് കോടതിയോട് ആവശ്യപ്പെട്ടു.
Also Read: ‘ലവ് അണ്ടര്‍ കണ്‍സ്ട്രക്ഷന്‍’ ട്രെയിലർ എത്തി
സിനിമയിലെ LGBTQIA+ കമ്മ്യൂണിറ്റിയ്‌ക്കെതിരായ അപമാനകരമായ വാക്കുകളോ സംഭാഷണങ്ങളോ ബീപ്പ് ചെയ്യാനോ സെന്‍സര്‍ ചെയ്യാനോ നിര്‍ദ്ദേശം പുറപ്പെടുവിക്കണമെന്നും OTT പ്ലാറ്റ്ഫോമുകളില്‍ നല്‍കിയത് ഉള്‍പ്പെടെ ഒരു കോപ്പിയിലും അത്തരം ഡയലോഗുകള്‍ ഇല്ലെന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിക്കാരി കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്. ഇത്തരം പ്രവര്‍ത്തികള്‍ ഭാവിയില്‍ ആവര്‍ത്തിക്കപ്പെടാതിരിക്കാന്‍ ഫിലിം സര്‍ട്ടിഫിക്കറ്റ് മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടു.