തിരുവനന്തപുരം: പിഎസ്‌സി ചെയർമാന്റേയും അംഗങ്ങളുടേയും ശമ്പളം വർധിപ്പിക്കാൻ തീരുമാനം. ഇന്ന് ചേർന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം. മറ്റ് സംസ്ഥാനങ്ങളിലെ പിഎസ്‌സി അംഗങ്ങളുടേയും ചെയർമാന്റേയും ശമ്പളം പരിഗണിച്ചാണ് വർധന എന്നാണ് വിശദീകരണം. ചെയർമാന്റെ ശമ്പളം ജില്ലാ ജഡ്ജിയുടെ സൂപ്പർ ടൈം സ്കെയിലിലെ പരമാവധി തുകക്ക് തുല്യമായി നിശ്ചയിച്ചു. പിഎസ്‌സി അംഗങ്ങളുടേത് ജില്ലാ ജഡ്ജിമാരുടെ സെലക്ഷൻ ഗ്രേഡ് സ്കെയിലിലെ പരമാവധി തുകക്ക് തുല്യവുമാക്കി. നിലവിൽ ചെയർമാന് 76,000 രൂപയാണ് അടിസ്ഥാന ശമ്പളം, അലവൻസുകൾ അടക്കം 2.26 ലക്ഷം രൂപ ലഭിക്കും. അംഗങ്ങൾക്ക് 2.23 ലക്ഷം രൂപയും പ്രതിമാസം ലഭിക്കും.
കൂടാതെ വ്യാവസായിക ട്രിബ്യൂണലുകളിൽ പ്രിസൈഡിങ് ഓഫീസർമാരുടെ ശമ്പളവും അലവൻസുകളും സബോർഡിനേറ്റ് ജുഡീഷ്യറിയിലെ ജുഡീഷ്യൽ ഓഫീസർമാരുടേതിന് സമാനമായി പരിഷ്കരിക്കും. ശമ്പള വർധനവ് ആവശ്യപ്പെട്ട് പിഎസ്‌സി നേരത്തെ ധനവകുപ്പിന് കത്ത് അയച്ചിരുന്നു. സംസ്ഥാനം രൂക്ഷമായ സാമ്പത്തിക പ്രതിസന്ധിയിലൂടെ കടന്നുപോകുമ്പോൾ പിഎസ്‌സി അംഗങ്ങളുടെ ശമ്പള വർധനവ് വലിയ രാഷ്ട്രീയ വിവാദമാകാൻ സാധ്യതയുണ്ടെന്നാണ് വിലയിരുത്തൽ.