പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയോരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം

ഡാം തുറക്കുന്നതുമൂലം അധികജലം ഒഴുകിയെത്തി ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തുള്ള പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്

പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയോരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം
പെരിങ്ങൽക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയോരത്തുള്ളവർക്ക് അതീവ ജാഗ്രതാ നിർദ്ദേശം

തൃശൂർ ജില്ലയിൽ കനത്ത മഴ തുടരുന്ന സാഹചര്യത്തിലും നീരൊഴുക്ക് ശക്തമായതിനെ തുടർന്നും പെരിങ്ങൽക്കുത്ത് ഡാം തുറക്കാൻ അധികൃതർ തീരുമാനിച്ചു. ഡാമിലെ ജലനിരപ്പ് ക്രമാതീതമായി ഉയർന്നുകൊണ്ടിരിക്കുന്ന പശ്ചാത്തലത്തിലാണ് ഈ നടപടി. ഓഗസ്റ്റ് 1 ന് ഉച്ചയ്ക്ക് 12 മണി സമയത്തെ കണക്കുപ്രകാരം പെരിങ്ങൽക്കുത്ത് ഡാമിലെ ജലനിരപ്പ് 421.00 മീറ്ററിലെത്തിയിട്ടുണ്ട്. ഡാമിന്റെ വൃഷ്ടിപ്രദേശത്ത് മഴ ശക്തമായി തുടരുന്നതിനാലും അടുത്ത ദിവസം കേന്ദ്ര കാലാവസ്ഥാ വകുപ്പ് ജില്ലയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നതിനാലും ഡാമിലെ ജലനിരപ്പ് ക്രമപ്പെടുത്തേണ്ടത് അടിയന്തര ആവശ്യമായി മാറിയിരിക്കുകയാണ്.

ഡാമിലെ ജലനിരപ്പ് 422.00 മീറ്റർ എത്തുന്ന അടിയന്തര സാഹചര്യത്തിൽ സൂയിസ് വാൽവുകൾ ഘട്ടം ഘട്ടമായി തുറക്കുന്നതിനുള്ള അനുവാദം നൽകിക്കൊണ്ട് തൃശൂർ ജില്ലാ ദുരന്തനിവാരണ അതോറിറ്റി ചെയർപേഴ്സൺ കൂടിയായ ജില്ലാ കലക്ടർ ഔദ്യോഗികമായി ഉത്തരവിറക്കിയിട്ടുണ്ട്.

ALSO READ;കനത്ത മഴ; ശബരിമല യാത്ര കഴിവതും ഒഴിവാക്കണമെന്ന് ദേവസ്വം ബോർഡ്! അതീവ ജാഗ്രതാ നിർദ്ദേശം

ഡാം തുറക്കുന്നതുമൂലം അധികജലം ഒഴുകിയെത്തി ചാലക്കുടി പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ പുഴയുടെ തീരത്തുള്ള പൊതുജനങ്ങൾ ജാഗ്രത പാലിക്കണമെന്ന് കലക്ടർ കർശന നിർദ്ദേശം നൽകിയിട്ടുണ്ട്.

പുഴയിലെ ജലനിരപ്പ് ഉയരാൻ സാധ്യതയുള്ളതിനാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ പുഴയിൽ കുളിക്കുന്നതിനും വസ്ത്രങ്ങൾ അലക്കുന്നതിനും ഫോട്ടോ എടുക്കുന്നതിനും കർശന നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. കൂടാതെ ചാലക്കുടിപ്പുഴയിൽ മത്സ്യബന്ധനത്തിനും പൂർണ്ണമായ വിലക്കേർപ്പെടുത്തിയിട്ടുണ്ട്. പുഴയുടെ തീരത്തുള്ള വിനോദസഞ്ചാര കേന്ദ്രങ്ങളിൽ ആവശ്യമായ സുരക്ഷയും കർശന നിയന്ത്രണങ്ങളും ഏർപ്പെടുത്താൻ ചാലക്കുടി, വാഴച്ചാൽ ഡിവിഷണൽ ഫോറസ്റ്റ് ഓഫീസർക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ആവശ്യമെങ്കിൽ ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജമാക്കുന്നതിനുള്ള നടപടികളും ബന്ധപ്പെട്ട വകുപ്പുകൾ സ്വീകരിച്ചിട്ടുണ്ട്.

Share Email
Top