പുനലൂര്‍: പുനലൂരിൽ കെഎസ്ആര്‍ടിസി ബസ് തട്ടി വീണ കാല്‍നടയാത്രക്കാരന്റെ ഇടതുകാലിലൂടെ അതേ ബസ് കയറിയിറങ്ങി ഗുരുതര പരിക്ക്. പുനലൂര്‍ കെഎസ്ആര്‍ടിസി ഡിപ്പോയ്ക്ക് മുന്നില്‍ ഇന്ന് ഒന്‍പതുമണിയോടെയാണ് സംഭവം നടന്നത്. പുനലൂര്‍ കാഞ്ഞിരമല സ്വദേശി മുരുകേശനാണ് (52) അപകടത്തില്‍പ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ ഇദ്ദേഹത്തെ തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നഗരത്തിലെ സ്വകാര്യ ആശുപത്രിയിലെ ജീവനക്കാരനാണ് മുരുകേശന്‍. മലയോരഹൈവേയോട് ചേര്‍ന്ന് ബസുകള്‍ ഡിപ്പോയിലേക്ക് പ്രവേശിക്കുന്ന കവാടത്തിനരികിലൂടെ നടക്കുമ്പോഴായിരുന്നു അപകടം ഉണ്ടായത്. ആലപ്പുഴയില്‍ നിന്നും തെങ്കാശിയിലേക്ക് പോവുകയായിരുന്ന ഫാസ്റ്റ് പാസഞ്ചര്‍ ബസ്സാണ് അപകടമുണ്ടാക്കിയത്. അപകടത്തിന് പിന്നാലെ സമീപത്തുള്ളവർ ഉടന്‍തന്നെ ഇദ്ദേഹത്തെ താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സ നല്‍കി മെഡിക്കല്‍ കോളേജ് ആശുപത്രിയിലേക്ക് അയക്കുകയായിരുന്നു.