മഹേഷ് നാരായണൻ സംവിധാനം ചെയ്ത പേട്രിയറ്റ് മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരുന്ന ചിത്രങ്ങളിലൊന്നായിരുന്നു. ചിത്രത്തിലെ മറ്റൊരു വലിയ ആകർഷണം, പതിനെട്ട് വർഷങ്ങൾക്ക് ശേഷം മോഹൻലാലും മമ്മൂട്ടിയും ഒരുമിച്ച് എത്തുന്നു എന്നതായിരുന്നു. റിലീസിന് പിന്നാലെ സിനിമയ്ക്ക് സമ്മിശ്ര പ്രതികരണങ്ങളാണ് ലഭിച്ചത്. ആദ്യ ദിനം ആഗോളതലത്തിൽ 29.1 കോടി രൂപ നേടിയ ചിത്രം ഇതുവരെ 60 കോടിയിലേറെ കളക്ഷൻ സ്വന്തമാക്കിയതായാണ് റിപ്പോർട്ടുകൾ.
ഇപ്പോഴിതാ ചിത്രത്തിന്റെ ഇന്റർവെൽ രംഗത്തെ കുറിച്ചുള്ള മഹേഷ് നാരായണന്റെ വെളിപ്പെടുത്തലാണ് സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. ‘പേട്രിയറ്റ്’യിലെ നിർണായക ഇന്റർവെൽ സീൻ ചിത്രീകരിച്ചത് യഥാർത്ഥ വിമാനത്തിനുള്ളിലാണെന്ന് അദ്ദേഹം വ്യക്തമാക്കി. ശ്രീലങ്കൻ യുദ്ധത്തിന് ശേഷം യു.എൻ ഉപേക്ഷിച്ച എയർക്രാഫ്റ്റാണ് ഷൂട്ടിംഗിനായി ഉപയോഗിച്ചതെന്നും, ആക്ഷൻ രംഗങ്ങൾക്കായി അതിലെ ചില ഭാഗങ്ങൾ പ്രത്യേകം റീക്രിയേറ്റ് ചെയ്തതായും സംവിധായകൻ പറഞ്ഞു. ചിത്രത്തിൽ ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര, രേവതി, രാജീവ് മേനോൻ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചാപ്പു ഫിലിംസ് എന്നീ ബാനറുകളിൽ ആന്റോ ജോസഫും കെ.ജി അനിൽകുമാറും ചേർന്നാണ് ചിത്രം നിർമ്മിക്കുന്നത്.






