പത്തനംതിട്ട കീക്കൊഴൂർ സ്വദേശിനി രജിതമോളെ വീട്ടിൽക്കയറി വെട്ടിക്കൊന്ന കേസിൽ പ്രതി അതുൽ സത്യന് 25 വർഷം കഠിനതടവും 3,55,000 രൂപ പിഴയും ശിക്ഷ വിധിച്ചു. പത്തനംതിട്ട അഡീഷണൽ ജില്ലാ സെഷൻസ് കോടതിയാണ് ഈ നിർണ്ണായക വിധി പ്രസ്താവിച്ചത്. 2023 ജൂണിലായിരുന്നു നാടിനെ നടുക്കിയ ഈ സംഭവം നടന്നത്. അഞ്ചുവർഷമായി പ്രതിക്കൊപ്പം കഴിഞ്ഞിരുന്ന രജിത, ഇയാളുടെ ഉപദ്രവം സഹിക്കവയ്യാതെ സ്വന്തം വീട്ടിലേക്ക് മാറിത്താമസിക്കുകയായിരുന്നു. തിരികെ വരണമെന്ന ആവശ്യം നിരസിച്ചതിനെത്തുടർന്നാണ് രജിതയെയും തടയാൻ ശ്രമിച്ച മാതാപിതാക്കളെയും സഹോദരിയെയും പ്രതി ക്രൂരമായി ആക്രമിച്ചത്.
രജിതയുടെ മരണത്തിന് കാരണമായ ആക്രമണം തടയാൻ ശ്രമിച്ച അച്ഛൻ രാജു, അമ്മ ഗീത, അനിയത്തി അപ്പു എന്നിവർക്കും ഗുരുതരമായി പരുക്കേറ്റിരുന്നു. നിരവധി ക്രിമിനൽ കേസുകളിൽ പ്രതിയായ അതുൽ കാപ്പ നിയമപ്രകാരം നടപടി നേരിട്ടിട്ടുള്ളയാളാണ്. വധഭീഷണി ഉയർന്നതിനെത്തുടർന്ന് സംഭവദിവസം രാവിലെ രജിത പോലീസിൽ പരാതി നൽകിയിരുന്നെങ്കിലും, പോലീസ് സ്ഥലത്തെത്തിയപ്പോഴേക്കും പ്രതി ഒളിവിൽ പോയിരുന്നു. കൃത്യമായ അന്വേഷണം പൂർത്തിയാക്കി സമയബന്ധിതമായി കുറ്റപത്രം സമർപ്പിച്ചതിനാൽ വിചാരണാ വേളയിലുടനീളം പ്രതിക്ക് ജാമ്യം ലഭിച്ചിരുന്നില്ല. പ്രോസിക്യൂഷന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ ഹരിശങ്കർ പ്രസാദ് ഹാജരായി.






