യുഎഇയിൽ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽഹിന്ദ് ഗ്രൂപ്പ് വഴി; ജൂലൈ 1 മുതൽ 16 പുതിയ കേന്ദ്രങ്ങൾ

ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും സംയുക്തമായി നടത്തിയ രാജ്യാന്തര ടെൻഡറിലൂടെയാണ് അൽഹിന്ദ് ഗ്രൂപ്പ് മൂന്ന് വർഷത്തെ കരാർ സ്വന്തമാക്കിയത്

യുഎഇയിൽ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽഹിന്ദ് ഗ്രൂപ്പ് വഴി; ജൂലൈ 1 മുതൽ 16 പുതിയ കേന്ദ്രങ്ങൾ
യുഎഇയിൽ പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി അൽഹിന്ദ് ഗ്രൂപ്പ് വഴി; ജൂലൈ 1 മുതൽ 16 പുതിയ കേന്ദ്രങ്ങൾ

അബുദാബി: യുഎഇയിലെ ലക്ഷക്കണക്കിന് വരുന്ന ഇന്ത്യൻ പ്രവാസികൾക്ക് പാസ്‌പോർട്ട്, വിസ സേവനങ്ങൾ ഇനി മുതൽ കൂടുതൽ വേഗത്തിലും സുതാര്യമായും ലഭ്യമാകും. യുഎഇയിലുടനീളം ആരംഭിക്കുന്ന 16 പുതിയ ഇന്ത്യൻ കോൺസുലർ സർവീസ് കേന്ദ്രങ്ങളുടെ ലൊക്കേഷൻ വിവരങ്ങൾ പുറത്തുവന്നു. ഇതുവരെ ഈ സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസ് ഇന്റർനാഷനലിന് പകരം പ്രമുഖ ട്രാവൽ ഗ്രൂപ്പായ അൽഹിന്ദ് ടൂർസ് ആൻഡ് ട്രാവൽസിനാണ് പുതിയ കരാർ ലഭിച്ചിരിക്കുന്നത്. അബുദാബിയിലെ ഇന്ത്യൻ എംബസിയിൽ നടന്ന ചടങ്ങിൽ അധികൃതർ കരാർ ഔദ്യോഗികമായി ഒപ്പിട്ടു. വരുന്ന ജൂലൈ ഒന്നു മുതൽ പുതിയ കേന്ദ്രങ്ങൾ യുഎഇയിൽ പൂർണമായി പ്രവർത്തനസജ്ജമാകും.

ഇന്ത്യൻ എംബസിയും ദുബായിലെ കോൺസുലേറ്റും സംയുക്തമായി നടത്തിയ രാജ്യാന്തര ടെൻഡറിലൂടെയാണ് അൽഹിന്ദ് ഗ്രൂപ്പ് മൂന്ന് വർഷത്തെ കരാർ സ്വന്തമാക്കിയത്. വിഎഫ്എസ് ഗ്ലോബൽ ഉൾപ്പെടെയുള്ള വമ്പൻ കമ്പനികളെ മറികടന്നാണ് ഏറ്റവും കുറഞ്ഞ നിരക്ക് രേഖപ്പെടുത്തിയ അൽഹിന്ദ് കരാർ നേടിയത്. പ്രവാസികൾക്ക് ഏറ്റവും ആശ്വാസകരമായ വാർത്ത ഇതിന്റെ കുറഞ്ഞ സേവന നിരക്കാണ്. ഒരു ട്രാൻസാക്ഷന് വെറും 19 ദിർഹം മാത്രമാണ് ഇനി ഈടാക്കുക. ബയോമെട്രിക് ഫോട്ടോ എടുക്കൽ ഉൾപ്പെടെയുള്ള എല്ലാ സേവനങ്ങളും ഈ തുകയിൽ ഉൾപ്പെടും.

ആകെ വരാനിരിക്കുന്ന 16 കേന്ദ്രങ്ങളിൽ ഏറ്റവും കൂടുതൽ ഓഫിസുകൾ വരുന്നത് അബുദാബിയിലാണ്. അബുദാബിയിലെ അൽ ഖാലിദിയ, അൽ റീം ഐലൻഡ്, മുസഫ, മദീനാത് സായിദ്, ഗയാത്തി, അൽ ഐൻ എന്നിവിടങ്ങളിലാണ് പുതിയ കേന്ദ്രങ്ങൾ സ്ഥാപിക്കുന്നത്. ദുബായിലെ വലിയ പ്രവാസി പങ്കാളിത്തം കണക്കിലെടുത്ത് ബർ ദുബായിലും ദുബായ് ഇൻവെസ്റ്റ്‌മെന്റ് പാർക്കിലും കൂടുതൽ കൗണ്ടറുകളോട് കൂടിയ വിപുലമായ സൗകര്യങ്ങളാണ് ഒരുക്കുന്നത്. ഷാർജയിൽ അൽ മജാസ്, റോള എന്നിവിടങ്ങളിലും പുതിയ ഓഫിസുകൾ വരും. ഇതിന് പുറമെ അജ്മാനിലെ അൽ ജുർഫ്, ഫുജൈറ, ഉമ്മുൽ ഖുവൈൻ, റാസൽഖൈമ, ഖോർഫക്കാനിലെ കോർണിഷ്, കൽബ എന്നിവിടങ്ങളിലാണ് മറ്റ് കേന്ദ്രങ്ങൾ പ്രവർത്തനമാരംഭിക്കുക. ഈ കേന്ദ്രങ്ങളുടെ പൂർണമായ വിലാസം പിന്നീട് അധികൃതർ പുറത്തുവിടും.

Also Read:ബലിപെരുന്നാള്‍! കുവൈത്തിൽ അവധികൾ പ്രഖ്യാപിച്ചു

പാസ്‌പോർട്ട് പുതുക്കൽ, വീസ പ്രോസസിങ്, ഒസിഐ കാർഡ് അപേക്ഷകൾ, പൊലീസ് ക്ലിയറൻസ് സർട്ടിഫിക്കറ്റ്, സറണ്ടർ സർട്ടിഫിക്കറ്റ്, ഗ്ലോബൽ എൻട്രി പ്രോഗ്രാം വെരിഫിക്കേഷൻ, അറ്റസ്റ്റേഷൻ തുടങ്ങിയ എല്ലാ സേവനങ്ങളും ഈ കേന്ദ്രങ്ങൾ വഴി ലഭ്യമാകും. ജൂലൈ ഒന്നിന് മുൻപായി 350 ഓളം ജീവനക്കാരെ നിയമിച്ചുകൊണ്ട് അടിസ്ഥാന സൗകര്യങ്ങളും സാങ്കേതിക വിദ്യകളും പൂർത്തിയാക്കാനുള്ള അവസാനഘട്ട ഒരുക്കങ്ങളിലാണ് കമ്പനിയിപ്പോൾ.

വർഷങ്ങളായി പാസ്‌പോർട്ട് സേവനങ്ങൾ നൽകിയിരുന്ന ബിഎൽഎസ് ഇന്റർനാഷനലിന്റെ കരാർ പലതവണ നീട്ടിനൽകിയിരുന്നുവെങ്കിലും, അപേക്ഷകരിൽ നിന്നുണ്ടായ തുടർച്ചയായ പരാതികളും കോടതി കേസുകളും മുൻനിർത്തി കേന്ദ്ര വിദേശകാര്യ മന്ത്രാലയം ഇവരെ ഭാവി ടെൻഡറുകളിൽ പങ്കെടുക്കുന്നതിൽ നിന്ന് രണ്ട് വർഷത്തേക്ക് വിലക്കുകയായിരുന്നു. കേരളം ആസ്ഥാനമായി പ്രവർത്തിക്കുന്ന അൽഹിന്ദ് ഗ്രൂപ്പിന് നിലവിൽ യുഎഇയിലും ലോകമെമ്പാടുമായി ശക്തമായ ശൃംഖലയുണ്ട്. പുതിയ കേന്ദ്രങ്ങൾ വരുന്നതോടെ പ്രവാസികൾക്ക് കൂടുതൽ മെച്ചപ്പെട്ട സേവനം ലഭ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Share Email
Top