സുരക്ഷയേക്കുറിച്ച് ആശങ്ക വര്‍ധിപ്പിച്ച് യാത്രക്കാര്‍; ബോയിംഗിന് രൂക്ഷ വിമര്‍ശനം

സുരക്ഷയേക്കുറിച്ച് ആശങ്ക വര്‍ധിപ്പിച്ച് യാത്രക്കാര്‍; ബോയിംഗിന് രൂക്ഷ വിമര്‍ശനം

കാലിഫോര്‍ണിയ: യാത്രക്കാരുടെ സുരക്ഷയേക്കുറിച്ച് ആശങ്ക വര്‍ധിപ്പിച്ച് ബോയിംഗ് വിമാനങ്ങളുടെ സുരക്ഷാ പിഴവുകള്‍. ജനുവരി മാസത്തില്‍ ആകാശ മധ്യത്തില്‍ വാതില്‍ തെറിച്ച് പോയതിന് പിന്നാലെ നിരവധി സംഭവങ്ങളാണ് ബോയിംഗ് വിമാനക്കമ്പനിക്ക് നാണക്കേടുണ്ടാക്കിയത്. നേരത്തെ ആകാശമധ്യത്തില്‍ വാതില്‍ തെറിച്ച് പോയ ബോയിംഗ് വിമാനത്തിന്റെ അതേ വിഭാഗത്തിലുള്ള വിമാനത്തിനാണ് കഴിഞ്ഞ ദിവസവും സാങ്കേതിക തകരാറുണ്ടായത്. സൌത്ത് വെസ്റ്റ് എയര്‍ലൈന്‍ ഉപയോഗിച്ചിരുന്ന ബോയിംഗം 737-500 വിമാനത്തിന്റെ എഞ്ചിന്‍ കവറാണ് ആകാശ മധ്യത്തില്‍ വച്ച് ഇളകിത്തെറിച്ചത്. ബോയിംഗ് വിമാനങ്ങളുടെ മാക്‌സ് മോഡല്‍ വിമാനങ്ങളുടെ ആദ്യ മോഡലുകളിലൊന്നാണ് 737 വിമാനങ്ങള്‍.

അടുത്തിടെയാണ് 32 വര്‍ഷത്തോളം ബോയിംഗില്‍ ജോലി ചെയ്തിരുന്ന ജോണ്‍ ബാര്‍നെറ്റ് വെടിയേറ്റ് മരിച്ച നിലയില്‍ കണ്ടെത്തിയിരുന്നു. വിമാന നിര്‍മ്മാണത്തിലെ പിഴവുകള്‍ ബോയിംഗ് വിമാന കമ്പനി അവഗണിച്ചുവെന്ന അതി ഗുരുതരമായ ആരോപണം ഉന്നയിച്ച ജീവനക്കാരനായിരുന്നു ജോണ്‍. ബോയിംഗ് കമ്പനിക്കെതിരെ ജോണ്‍ നേരത്തെ ഒരു കേസില്‍ തെളിവും നല്‍കിയിരുന്നു. 2010 മുതല്‍ ബോയിംഗിന്റെ ചാള്‍സ്റ്റണ്‍ പ്ലാന്റില്‍ ക്വാളിറ്റി മാനേജരായിരുന്നു ജോണ്‍. ബോയിംഗ് അത്യാധുനിക വിമാനമായ ഡ്രീം ലൈനര്‍ നിര്‍മ്മിക്കുന്ന പ്ലാന്റിലായിരുന്നു ജോണ്‍ ജോലി ചെയ്തിരുന്നത്. ജോണിന്റെ മരണത്തിലും ബോയിംഗ് പഴി കേട്ടിരുന്നു.

വാതില്‍ ഇളകി തെറിച്ചതിന് പിന്നാലെ 200 ബോയിംഗ് 737 മാക്‌സ് 9 വിമാനങ്ങളാണ് സുരക്ഷാ അതോറിറ്റി സര്‍വ്വീസ് നിര്‍ത്തി വച്ച് പരിശോധനയ്ക്ക് വിധേയമാക്കിയത്. 2018, 2019 വര്‍ഷങ്ങളിലുണ്ടായ വിമാന അപകടങ്ങളില്‍ ബോയിംഗ് വിമാനങ്ങളിലെ 346 യാത്രക്കാരാണ് കൊല്ലപ്പെട്ടത്. ഈ അപകടങ്ങള്‍ക്ക് പിന്നാലെ മുഖം മിനുക്കാനുള്ള നിരവധി ശ്രമങ്ങള്‍ ബോയിംഗിന്റെ ഭാഗത്ത് നിന്ന് ഉണ്ടായെങ്കിലും ഒന്നും തന്നെ കമ്പനിയെ സഹായിക്കുന്നില്ലെന്ന് വ്യക്തമാക്കുന്നതാണ് അടുത്തിടെയുണ്ടായ സംഭവങ്ങളില്‍ ഏറെയും. സുരക്ഷാ മാനദണ്ഡങ്ങളെ മുന്‍നിര്‍ത്തി 737 മാക്‌സ് വിമാനങ്ങളെ സര്‍വ്വീസില്‍ നിന്ന് പിന്‍വലിച്ച നടപടിയും ബോയിംഗിനെ സഹായിച്ചിരുന്നില്ല. ഏറ്റവും ഒടുവിലെ സംഭവത്തില്‍ 10300 അടി ഉയരത്തില്‍ സര്‍വ്വീസ് നടത്തുന്നതിനിടെയാണ് ബോയിംഗ് വിമാനത്തിന്റെ എന്‍ജിന്‍ ഷീറ്റ് ഇളകി തെറിച്ചത്. 135യാത്രക്കാരും ആറ് ജീവനക്കാരുമായിരുന്നു സംഭവ സമയത്ത് വിമാനത്തിലുണ്ടായിരുന്നത്.

Top