റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ 5 ലക്ഷത്തിന്റെ സ്വർണം കവർന്നു; തമിഴ്‌നാട് സ്വദേശി പിടിയിൽ

ജനുവരി 25-ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വെച്ചാണ് പ്രതി യാത്രക്കാരിയുടെ ബാഗ് തട്ടിയെടുത്തത്

റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ 5 ലക്ഷത്തിന്റെ സ്വർണം കവർന്നു; തമിഴ്‌നാട് സ്വദേശി പിടിയിൽ
റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരിയുടെ 5 ലക്ഷത്തിന്റെ സ്വർണം കവർന്നു; തമിഴ്‌നാട് സ്വദേശി പിടിയിൽ

തിരുവനന്തപുരം: തിരുവനന്തപുരം സെൻട്രൽ റെയിൽവേ സ്റ്റേഷനിൽ വെച്ച് യാത്രക്കാരിയുടെ അഞ്ച് ലക്ഷം രൂപ വിലവരുന്ന സ്വർണാഭരണങ്ങൾ കവർന്ന പ്രതി പിടിയിൽ. തമിഴ്‌നാട് കന്യാകുമാരി ഭൂതപ്പാണ്ടി സ്വദേശി ശ്യാം ക്രിസ്പിൻ (42) ആണ് റെയിൽവേ പോലീസിന്റെയും ആർ.പി.എഫ് ക്രൈം ഇന്റലിജൻസ് ബ്രാഞ്ചിന്റെയും സംയുക്ത പരിശോധനയിൽ കുടുങ്ങിയത്. മോഷ്ടിച്ച ആഭരണങ്ങൾ മുഴുവൻ പ്രതിയിൽ നിന്ന് പോലീസ് കണ്ടെടുത്തു.

ജനുവരി 25-ന് ഒന്നാം നമ്പർ പ്ലാറ്റ്‌ഫോമിൽ വെച്ചാണ് പ്രതി യാത്രക്കാരിയുടെ ബാഗ് തട്ടിയെടുത്തത്. മോഷ്ടിച്ച ബാഗ് നെടുമങ്ങാട് വാണ്ട എന്ന സ്ഥലത്തെ ഒരു റൈസ് മില്ലിന് സമീപമുള്ള പലകപ്പെട്ടിയിലാണ് ഒളിപ്പിച്ചിരുന്നത്. തമ്പാനൂർ മുതൽ കരമന വരെയുള്ള വിവിധ ഭാഗങ്ങളിലെ ഇരുനൂറോളം സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചാണ് അന്വേഷണസംഘം പ്രതിയെ തിരിച്ചറിഞ്ഞത്. ഇയാൾ മുൻപ് മറ്റു മോഷണക്കേസുകളിൽ പ്രതിയല്ലെന്നും എന്നാൽ ലഹരിക്ക് അടിമയാണെന്നും പോലീസ് വ്യക്തമാക്കി. ആർ.പി.എഫ് ഡിവിഷണൽ കമ്മീഷണർ മുഹമ്മദ് ഹനീഫയുടെ നേതൃത്വത്തിൽ രൂപീകരിച്ച പ്രത്യേക സംഘമാണ് പ്രതിയെ വലയിലാക്കിയത്. വരും ദിവസങ്ങളിൽ റെയിൽവേ സ്റ്റേഷനിൽ സുരക്ഷാ പരിശോധനകൾ കൂടുതൽ കർശനമാക്കുമെന്ന് റെയിൽവേ ക്രൈം ഇന്റലിജൻസ് ഇൻസ്പെക്ടർ ജിപിൻ അറിയിച്ചു.

Share Email
Top