ന്യൂഡൽഹി: സോറോസ്, അദാനി വിഷയങ്ങൾ പാർലമെന്റിന്റെ ഇരുസഭകളെയും ഇന്നും പ്രക്ഷുബ്ധമാക്കി. ലോക്‌സഭാ സ്പീക്കർ ഓം ബിർല ഏകപക്ഷീയമായി പെരുമാറുന്നു എന്നാരോപിച്ച് കോൺഗ്രസ് അംഗങ്ങൾ ഉൾപ്പെടെയുള്ളവർ ഡയസിലേക്ക് കയറി പ്രതിഷേധിച്ചു. ഇരു സഭകളിലെയും നടപടികൾ തടസ്സപ്പെട്ടു.
അമേരിക്കൻ ശതകോടീശ്വരൻ ജോർജ് സോറോസുമായി കോൺഗ്രസിന് ബന്ധമുണ്ടെന്നുള്ള എൻഡിഎ ആരോപണവും, എന്‍ഡിഎയ്ക്ക് അദാനിയുമായി ബന്ധമുണ്ടെന്ന പ്രതിപക്ഷത്തിന്റെ തിരിച്ചടിയുമാണ് സഭാ നടപടികൾ ബഹളമയമാക്കിയത്. ലോക്സഭയിൽ രാവിലെ ചോദ്യോത്തര വേളയിൽ ബഹളമുണ്ടായില്ല.
Also Read: തമിഴ്നാട്ടിൽ വാഹനാപകടം; 3 മലയാളികൾ മരിച്ചു
ശൂന്യവേളയിൽ കോൺഗ്രസിലെ ജ്യോതിമണിയെ സ്പീക്കർ ഓം ബിർല സംസാരിക്കാനായി ക്ഷണിച്ചു. കർഷക പ്രക്ഷോഭത്തെക്കുറിച്ച് സംസാരിച്ച ജ്യോതിമണി, ഈ വിഷയം മറയ്ക്കാനാണ് കേന്ദ്രം സോറോസ് വിഷയം ഉന്നയിക്കുന്നതെന്ന് ആരോപിച്ചു.
ആദാനിയും കേന്ദ്രവുമായുള്ള ബന്ധവും ജ്യോതിമണി ആരോപിച്ചതോടെ ബഹളമായി. സഭയിൽ ഇല്ലാത്ത ആളെക്കുറിച്ച് ആരോപണം ഉന്നയിക്കുന്നത് ശരിയല്ലെന്ന് ചെയർ നിർദേശിച്ചു. കഴിഞ്ഞ ദിവസം പിയൂഷ് ഗോയൽ സമാനമായ രീതിയിൽ സോറോസ് വിഷയം ഉന്നയിച്ചപ്പോൾ എന്തുകൊണ്ട് ചെയർ ഇടപെട്ടില്ലെന്നും രേഖകളിൽനിന്ന് നീക്കിയില്ലെന്നും കെ.സി.വേണുഗോപാൽ ചേദിച്ചു. ദീപേന്ദർ ഹൂഡ, പപ്പു യാദവ്, ജ്യോതിമണി തുടങ്ങിയവർ സ്പീക്കറുടെ ഡയസിലേക്ക് കയറി. ഇതേതുടർന്ന് സഭാ നടപടികൾ നിർത്തിവച്ചു.