രാജ്യത്തെ സ്കൂൾ ഭരണത്തിൽ കമ്മ്യൂണിറ്റിയുടെയും രക്ഷിതാക്കളുടെയും പങ്കാളിത്തം വർദ്ധിപ്പിക്കുന്നതിനായി കേന്ദ്ര വിദ്യാഭ്യാസ മന്ത്രാലയം പുതിയ മാർഗനിർദേശങ്ങൾ പുറത്തിറക്കി. സ്കൂൾ മാനേജ്‌മെന്റ് കമ്മിറ്റികളുടെ അധ്യക്ഷ, ഉപാധ്യക്ഷ സ്ഥാനങ്ങളിലേക്ക് ഇനി രക്ഷിതാക്കളിൽ നിന്നുള്ള പ്രതിനിധികളെ നിയമിക്കണമെന്ന് കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമ്മേന്ദ്ര പ്രധാൻ നിർദ്ദേശിച്ചു.
സ്കൂൾ പ്രിൻസിപ്പൽ അല്ലെങ്കിൽ ഹെഡ്മാസ്റ്റർ സമിതിയുടെ മെമ്പർ സെക്രട്ടറിയായി പ്രവർത്തിക്കുമ്പോൾ, അധ്യക്ഷ സ്ഥാനം രക്ഷിതാക്കൾക്കായിരിക്കും. സ്കൂളിലെ കുട്ടികളുടെ എണ്ണത്തിനനുസരിച്ചാണ് അംഗങ്ങളെ നിശ്ചയിക്കുന്നത്. 500-ൽ അധികം കുട്ടികളുള്ള സ്കൂളുകളിൽ 20 മുതൽ 25 വരെ അംഗങ്ങൾ സമിതിയിലുണ്ടാകും. ഇതിൽ പകുതി പേർ സ്ത്രീകളായിരിക്കണമെന്നതും നിർബന്ധമാണ്. തദ്ദേശ സ്വയംഭരണ പ്രതിനിധികൾ, അധ്യാപകർ, ആശാ വർക്കർമാർ എന്നിവരും സമിതിയുടെ ഭാഗമാകും. സമഗ്ര ശിക്ഷ, പി.എം പോഷൺ, നിപുൺ ഭാരത് തുടങ്ങിയ സുപ്രധാന പദ്ധതികളുടെ മേൽനോട്ട ചുമതല ഈ സമിതിക്കായിരിക്കും.
Also Read: AP LAWCET 2026 ഉത്തരസൂചിക ഇന്ന് പുറത്തിറങ്ങും; എങ്ങനെ പരിശോധിക്കണമെന്ന് അറിയാം!
കൂടാതെ, സ്കൂളിലെ 30 ലക്ഷം രൂപ വരെയുള്ള നിർമ്മാണ പ്രവർത്തനങ്ങൾ നേരിട്ട് നടത്താനുള്ള വിപുലമായ അധികാരവും പുതിയ മാർഗരേഖ സമിതിക്ക് നൽകുന്നുണ്ട്. രണ്ട് വർഷമായിരിക്കും സമിതിയുടെ കാലാവധി. ഓരോ അധ്യയന വർഷത്തിന്റെ തുടക്കത്തിലും സ്കൂൾ മേധാവി സമിതിയിലേക്കുള്ള തിരഞ്ഞെടുപ്പ് നടപടികൾ പൂർത്തിയാക്കേണ്ടതുണ്ട്. ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായുള്ള ഈ പരിഷ്കാരം പ്രീ-പ്രൈമറി മുതൽ പന്ത്രണ്ടാം ക്ലാസ് വരെയുള്ള വിദ്യാഭ്യാസ മേഖലയിൽ ഗുണപരമായ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കി. സംസ്ഥാനങ്ങൾക്ക് തങ്ങളുടെ സാഹചര്യത്തിനനുസരിച്ച് മാറ്റങ്ങൾ വരുത്താനുള്ള ഒരു ചട്ടക്കൂടായാണ് ഈ മാർഗരേഖ പ്രവർത്തിക്കുക.






