കട്രത് തമിഴ് മുതല്‍ പേരന്‍പ് വരെ നാല് ചിത്രങ്ങളാണ് റാം സംവിധാനം നിർവഹിച്ച് മുന്‍പ് പ്രദര്‍ശനത്തിനെത്തിയിട്ടുള്ളത്. ഇപ്പോഴിതാ അദ്ദേഹത്തിന്‍റെ പറന്ത് പോ എന്ന ഏറ്റവും പുതിയ ചിത്രം തിയറ്ററുകളില്‍ എത്തിയിരിക്കുകയാണ്. ഇന്നലെ റിലീസ് ചെയ്ത ചിത്രത്തിന് മികച്ച പ്രതികരണങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ ലഭിച്ചുകൊണ്ടിരിക്കുന്നത്. ബുക്ക് മൈ ഷോയില്‍ 9.5 റേറ്റിംഗ് ഉണ്ട് ചിത്രത്തിന്. ഇപ്പോഴിതാ ചിത്രത്തിന്‍റെ കളക്ഷന്‍ കണക്കുകള്‍ സംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തെത്തിയിരിക്കുകയാണ്.
പ്രമുഖ ട്രാക്കര്‍മാരായ സാക്നില്‍കിന്‍റെ കണക്ക് പ്രകാരം 42 ലക്ഷം രൂപയാണ് ചിത്രം ആദ്യ ദിനം നേടിയ കളക്ഷന്‍. രണ്ടാം ദിനമായ ഇന്ന് ഇതുവരെയുള്ള ട്രാക്കിംഗ് അനുസരിച്ച് ചിത്രം 18 ലക്ഷമാണ് നേടിയിരിക്കുന്നത്. മികച്ച അഭിപ്രായം വന്നതിനാല്‍ ശനി, ഞായര്‍ ദിനങ്ങളില്‍ ചിത്രം തിയറ്ററുകളിലേക്ക് കാര്യമായി ആളെ എത്തിക്കാന്‍ സാധ്യതയുള്ളതായാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തല്‍. റോഡ് മ്യൂസിക്കല്‍ കോമഡി ഗണത്തില്‍ പെടുന്ന ചിത്രത്തില്‍ ശിവയാണ് നായകനായി എത്തുന്നത്. ശിവയുടെ ഭാര്യയായി എത്തുന്നത് മലയാളി താരം ഗ്രേസ് ആന്‍റണിയാണ്. അഞ്ജലി, മിഥുല്‍ റ്യാന്‍, വിജയ് യേശുദാസ്, ശ്രീജ രവി എന്നിവര്‍ക്കൊപ്പം അജു വര്‍ഗീസും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. ഗ്രേസ് ആന്‍റണിയുടെയും അജു വര്‍ഗീസിന്‍റെയും തമിഴ് അരങ്ങേറ്റമാണ് ഈ ചിത്രം.
Also Read: ‘മികച്ച വ്യക്തിയാണ് തന്റെ മകൾ ആരാധ്യ, എല്ലാ ക്രെഡിറ്റും ഐശ്വര്യയ്ക്കാണ്’: അഭിഷേക് ബച്ചന്‍
അതേസമയം ചിത്രത്തിന്‍റെ രചനയും റാം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. ഛായാഗ്രഹണം എന്‍ കെ ഏകാംബരം, എഡിറ്റിംഗ് മതി വി എസ്, മ്യൂസിക് സന്തോഷ് നിയാനിധി, പ്രൊഡക്ഷന്‍ ഡിസൈനര്‍ കുമാര്‍ ഗംഗപ്പന്‍, സ്റ്റണ്ട് മാസ്റ്റര്‍ സ്റ്റണ്ട് സില്‍വ, കോസ്റ്റ്യൂം ഡിസൈനര്‍ ചന്ദ്രകാന്ത് സോനാവാരെ, നൃത്തസംവിധാനം റിച്ചി റിച്ചാര്‍ഡ്സണ്‍, സൗണ്ട് ഡിസൈന്‍ അരുള്‍ മുരുകന്‍, ഓഡിയോഗ്രഫി എം ആര്‍ രാജാകൃഷ്ണന്‍, കളറിസ്റ്റ് രാജശേഖരന്‍, വിഎഫ്എക്സ് കാര്‍ത്തിക് കമ്പേട്ടന്‍, സ്റ്റില്‍സ് ജയ്കുമാര്‍ വൈരവന്‍, മേക്കപ്പ് ശശികുമാര്‍ പരമശിവം, സുധി സുരേന്ദ്രന്‍, പബ്ലിസിറ്റി ഡിസൈന്‍സ് ട്വന്‍റി വണ്‍ ജി- പ്രവീണ്‍ പി കെ, ക്രിയേറ്റീവ് പ്രൊമോഷന്‍സ് ഓണ്‍ ദി ഹൗസ്. അതേസമയം നിവിന്‍ പോളിയെ നായകനാക്കി റാം ഒരുക്കിയ ഏഴ് കടല്‍ ഏഴ് മലൈ എന്ന ചിത്രം പ്രദര്‍ശനത്തിന് എത്താനുണ്ട്.