സമീപരാഷ്ട്രങ്ങളിലേക്ക് പലസ്തീൻകാരെ മാറ്റി ഗാസ സ്വന്തമാക്കുമെന്ന ഭീഷണി ആവർത്തിച്ച് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. വൈറ്റ് ഹൗസിൽ ജോർദാൻ രാജാവ് അബ്ദുള്ള രണ്ടാമനുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെയായിരുന്നു ട്രംപിന്റെ ഈ പരാമർശം. ഗാസയിൽനിന്ന് പലസ്തീനികളെ ഒഴിപ്പിക്കുന്നതിനെതിരായ ജോർദാന്റെ നിലപാട് ട്രംപിനെ ധരിപ്പിച്ചുവെന്നും അദ്ദേഹം സമാധാനത്തിന്റെ ആൾരൂപമാണെന്നും അബ്ദുള്ള രാജാവ് പിന്നീട് സമൂഹമാധ്യമത്തിൽ കുറിച്ചു. തുടർന്ന് ഇരുനേതാക്കളുമായുള്ള കൂടിക്കാഴ്ചയ്ക്കു പിന്നാലെ നടത്തിയ മാധ്യമസമ്മേളനത്തിലാണ് ട്രംപ് ഇക്കാര്യം ആവർത്തിച്ചത്.
അറബ് രാജ്യങ്ങൾ ബദൽ മാർഗം അമേരിക്കയ്ക്ക് മുന്നിൽ അവതരിപ്പിക്കുമെന്നാണു സൂചന. ഗാസയിലേക്കു തിരിച്ചെത്താൻ പലസ്തീൻകാർക്ക് അവകാശമില്ലെന്ന നിലപാട് ആവർത്തിച്ച അമേരിക്കൻ പ്രസിഡന്റ്, പലസ്തീൻ അഭയാർത്ഥികളെ ഏറ്റെടുത്തില്ലെങ്കിൽ സഖ്യകക്ഷികളായ ഈജിപ്തിനും ജോർദാനുമുള്ള സഹായം നിർത്തുമെന്നും മുന്നറിയിപ്പു നൽകി. അതിനിടെ, ശനിയാഴ്ച ഉച്ചയ്ക്കുമുൻപ് മുഴുവൻ ബന്ദികളെയും ഹമാസ് വിട്ടയച്ചില്ലെങ്കിൽ ഗാസ വെടിനിർത്തൽ റദ്ദാക്കുമെന്നും ഡോണൾഡ് ട്രംപ് ഭീഷണി മുഴക്കി. ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഇക്കാര്യം ആവർത്തിച്ചു. അതേസമയം വെടിനിർത്തൽ കരാർ മാനിച്ചാലേ ബന്ദികളുടെ മോചനം സാധ്യമാകൂയെന്നു ഹമാസ് പ്രതികരിച്ചു.
Also Read : ‘രാജ്യത്ത് ഭീകരാക്രമണ സാധ്യത, മാനസികമായി സജ്ജരായിരിക്കണം’: സിംഗപ്പൂർ മന്ത്രി
അനിശ്ചിതത്വത്തിലാവുന്ന ‘സമാധാനം’..

മുന്നറിയിപ്പും ഭീഷണിയുമായി ലോകത്തെ രണ്ടു പ്രബല രാഷ്ട്രങ്ങളുടെ തലവന്മാർ ഉന്നം നോക്കി ഇരിക്കുന്നുണ്ടെങ്കിലും കിഴക്കൻ ജറുസലം തലസ്ഥാനമായി പലസ്തീൻ സ്വതന്ത്ര രാഷ്ട്രമെന്ന നയത്തിൽ വിട്ടുവീഴ്ചയില്ലെന്ന് ഈജിപ്ത് വിദേശകാര്യ മന്ത്രാലയം പ്രസ്താവിച്ചു. സൈനികരുടെ അവധികൾ റദ്ദാക്കിയ ഇസ്രയേൽ സൈന്യം ഗാസ അതിർത്തിയിൽ ഇപ്പോൾ സൈനികനീക്കവും ആരംഭിച്ചിട്ടുണ്ട്. അതേസമയം ഗാസയിൽ സമാധാനം നിലനിർത്താനായി നേരത്തേ നിശ്ചയിച്ചതുപോലെ ബന്ദികളുടെ മോചനം നടത്തണമെന്ന് ഐക്യരാഷ്ട്ര സംഘടന മേധാവി അന്റോണിയോ ഗുട്ടെറസ് ഹമാസിനോട് അഭ്യർത്ഥിച്ചു.
Also Read : ‘പ്രകോപിപ്പിച്ചാൽ മടിച്ചുനിൽക്കില്ല’; അമേരിക്കയ്ക്ക് മുന്നറിയിപ്പുമായി ഉത്തര കൊറിയ
ജനുവരി 19ന് ആരംഭിച്ച വെടിനിർത്തൽ ഇസ്രയേൽ തുടർച്ചയായി ലംഘിക്കുന്നുവെന്നും സഹായങ്ങൾ തടയുന്നുവെന്നും ആരോപിച്ചാണു ശനിയാഴ്ചത്തെ അടുത്തഘട്ട ബന്ദിമോചനം അനിശ്ചിതമായി നീട്ടുമെന്ന് ഹമാസ് കഴിഞ്ഞദിവസം പ്രസ്താവിച്ചത്.