പാലക്കാട്: മണ്ണാർക്കാട് പനയംപാടത്ത് ലോറി മറിഞ്ഞ് നാല് വിദ്യാർത്ഥികൾ മരിച്ച സംഭവത്തിൽ അനുശോചനമറിയിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പാലക്കാട്ടുനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായത്. അപകടം ഞെട്ടിക്കുന്നതും ദാരുണവുമാണെന്ന് മുഖ്യമന്ത്രി അനുശോചിച്ചു. പരുക്കേറ്റ എല്ലാ കുട്ടികൾക്കും അടിയന്തിര ചികിത്സ നൽകുന്നതിന് സർക്കാർ സംവിധാനങ്ങൾ ഏകോപിച്ച് പ്രവർത്തിക്കും. അപകടം സംബന്ധിച്ച് വിശദമായി പരിശോധിച്ച് ആവശ്യമായ നടപടികൾ കൈക്കൊള്ളുമെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു.
കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ് മരിച്ചത്. പരീക്ഷ കഴിഞ്ഞ് മടങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ദാരുണമായ മരണം സംഭവിച്ചത്. റോഡരികിലൂടെ നടന്നുപോവുകയായിരുന്ന അഞ്ച് കുട്ടികളുടെ ഇടയിലേക്കാണ് ലോറി പാഞ്ഞുകയറിയത്. നിയന്ത്രണം വിട്ട ലോറി പാഞ്ഞുവരുന്നതു കണ്ട് ഒരു വിദ്യാർത്ഥിനി ഓടി രക്ഷപ്പെടുകയായിരുന്നു.
അതേസമയം,വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തെക്കുറിച്ച് അന്വേഷിച്ച് അടിയന്തരമായി റിപ്പോർട്ട് നൽകാൻ പാലക്കാട് ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി പ്രതികരിച്ചു.