പാലക്കാട്: പാലക്കാട് പനയമ്പാടത്ത് ലോറി മറിഞ്ഞ് നാലു വിദ്യാർത്ഥിനികൾ മരിച്ച സംഭവത്തിൽ പ്രതികരണവുമായി ഗതാഗത മന്ത്രി കെ.ബി ഗണേഷ് കുമാർ. പനയമ്പാടത്തെ റോഡ് നിർമ്മാണത്തിൽ പാളിച്ചയുണ്ടെന്ന് കെ.ബി ഗണേഷ് കുമാർ പറഞ്ഞു.
ഇതിനെ കുറിച്ച് പൊതുമരാമത്ത് വകുപ്പ് മന്ത്രി മുഹമ്മദ് റിയാസ്, കെ കൃഷ്ണൻകുട്ടി എന്നിവരുമായി സംസാരിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. നാളെ പാലക്കാട് പോയി റോഡിനെ സംബന്ധിച്ച പ്രശ്നങ്ങൾക്ക് അടിയന്തരമായി പരിഹാരം കാണും. ഇത്തരം ബ്ലാക്ക് സ്പോട്ടുകൾ കണ്ടെത്തി ലിസ്റ്റ് തരാനായി ആവശ്യപ്പെടുമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
Also Read: പനയമ്പാടം അപകടത്തിൽ ലോറി ജീവനക്കാരുടെ വിശദമായ മൊഴി ഇന്ന് രേഖപ്പെടുത്തും
കോൺട്രാക്ടർമാരാണ് റോഡ് എങ്ങനെ നിർമ്മിക്കണമെന്ന് തീരുമാനിക്കുന്നത് അവിടെ എഞ്ചിനീയർമാർക്ക് ഒരു സ്ഥാനവുമില്ല. ഗ്രൗണ്ട് ലെവലിലേക്ക് ഇറങ്ങിവന്ന് സൈറ്റിൽ നിന്നാണ് റോഡുകൾ ഡിസൈൻ ചെയ്യേണ്ടത്. യാതൊരു ശാസ്ത്രീയ മാനദണ്ഡവും പാലിക്കാതെയാണ് റോഡ് നിർമ്മാണം നടത്തുന്നത്. പ്രാദേശികമായ പ്രശ്നങ്ങൾ കേട്ടിട്ട് വേണം റോഡുകൾ ഡിസൈൻ ചെയ്യാനെന്നും മന്ത്രി പറഞ്ഞു.
പരീക്ഷ കഴിഞ്ഞ് മടങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ദാരുണമായ മരണം സംഭവിച്ചത്. പാലക്കാട്ടുനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടാവുകയിരുന്നു. ലോറിക്കടിയിൽപ്പെട്ട വിദ്യാർത്ഥികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.