പാലക്കാട്: മണ്ണാർക്കാട് പനയംപാടത്ത് സ്‌കൂള്‍ വിദ്യാര്‍ത്ഥികളുടെ മുകളിലേക്ക് സിമന്റ് ലോറി മറിഞ്ഞ് നാല് കുട്ടികള്‍ക്ക് മരിച്ചതിൽ പ്രതിഷേധവുമായി നാട്ടുകാർ. നിരന്തരം അപകടം ഉണ്ടാകുന്നതാണ് നാട്ടുകാരുടെ പ്രതിഷേധത്തിന് ഇടയാക്കിയത്. പൊലീസുമായി നാട്ടുകാർ വാക്കേറ്റത്തിലേർപ്പെട്ടു.
റോഡിന് താത്കാലിക പരിഹാരം വേണ്ടെന്നും ശാശ്വത പരിഹാരം വേണമെന്നുമാണ് നാട്ടുകാരുടെ ആവശ്യം. റോഡ് പണി തുടങ്ങിയപ്പോൾ മുതൽ പ്രതിഷേധിക്കുന്നതാണ്. പരിഹാരം കണ്ടില്ലെങ്കിൽ ഒരു വാഹനവും കടത്തിവിടില്ലെന്ന് നാട്ടുകാർ പറഞ്ഞു.
Also Read: സ്കൂൾ ബസ് മതിലിലിടിച്ച് വിദ്യാർത്ഥികൾക്ക് പരുക്കേറ്റു
പരീക്ഷ കഴിഞ്ഞ് മടങ്ങിയ എട്ടാം ക്ലാസ് വിദ്യാർത്ഥികൾക്കാണ് ദാരുണമായ മരണം സംഭവിച്ചത്. ഇർഫാന, മിത, റിദ, ആയിഷ എന്നിവരാണ് മരിച്ചത്. പാലക്കാട്ടുനിന്ന് സിമന്റ് കയറ്റി വന്ന ലോറി മറ്റൊരു ലോറിയിലിടിച്ച് നിയന്ത്രണം വിട്ടാണ് അപകടമുണ്ടായതെന്നാണ് സൂചന. ലോറിക്കടിയിൽപ്പെട്ട വിദ്യാർത്ഥികളെ പുറത്തെടുത്ത് ആശുപത്രിയിലെത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു. കരിമ്പ ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനികളാണ് മരിച്ചത്.
അതേസമയം അപകടത്തില്‍ കോങ്ങാട് എംഎല്‍എ കെ ശാന്തകുമാരി പ്രതികരിച്ചു. ‘റ’ ഷേപ്പിലുള്ള വളവ് നിവര്‍ത്തിയാല്‍ മാത്രമേ അപകടത്തിന് പരിഹാരമുണ്ടാകൂ എന്ന് എംഎല്‍എ പറഞ്ഞു. ചെറുതും വലുതുമായ നിരവധി അപകടങ്ങള്‍ നടക്കുന്ന സ്ഥലമാണത്. റോഡിലെ വളവാണ് അപകടത്തിന് കാരണമെന്നും നടപടി സ്വീകരിക്കുമെന്നും എംഎല്‍എ പറഞ്ഞു.