ഡൽഹി: രാജ്യതലസ്ഥാനത്തെ അതീവ സുരക്ഷാ മേഖലകളിൽ ക്യാമറകൾ സ്ഥാപിച്ച് പാകിസ്ഥാന് ദൃശ്യങ്ങൾ ചോർത്തി നൽകിയിരുന്ന വൻ ചാരശൃംഖലയെ ഡൽഹി പോലീസ് പിടികൂടി. സ്പെഷ്യൽ സെൽ അഡീഷണൽ പോലീസ് കമ്മീഷണർ പ്രമോദ് കുശ്വാഹയുടെ നേതൃത്വത്തിൽ നടത്തിയ മിന്നൽ പരിശോധനയിൽ പത്തുപേരാണ് അറസ്റ്റിലായത്.
പാകിസ്ഥാൻ ചാരസംഘടനയായ ഐ.എസ്.ഐയുടെ നേരിട്ടുള്ള നിയന്ത്രണത്തിലാണ് ഈ സംഘം പ്രവർത്തിച്ചിരുന്നതെന്ന് പോലീസ് സ്ഥിരീകരിച്ചു. കീഴ്പ്പെടുത്തിയ ചാരന്മാരിൽ നിന്ന് ലാപ്‌ടോപ്പുകൾ, മൊബൈൽ ഫോണുകൾ, മറ്റ് അത്യാധുനിക ഇലക്ട്രോണിക് ഉപകരണങ്ങൾ എന്നിവ കണ്ടെടുത്തിട്ടുണ്ട്. പ്രധാന സർക്കാർ സ്ഥാപനങ്ങളിലും തന്ത്രപ്രധാന മേഖലകളിലും രഹസ്യമായി ക്യാമറകൾ സ്ഥാപിച്ച്, അവിടുത്തെ തത്സമയ വിവരങ്ങൾ ഇവർ അതിർത്തി കടത്തിയിരുന്നു.
Also Read: നിതീഷ് കുമാർ രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തു; ആശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി
ഇന്ത്യയുടെ പ്രതിരോധ സംവിധാനങ്ങളിലെ വിള്ളലുകൾ കണ്ടെത്താനും വൻതോതിലുള്ള ഭീകരാക്രമണങ്ങൾ ആസൂത്രണം ചെയ്യാനുമാണ് ഈ വിവരങ്ങൾ കൈമാറിയിരുന്നതെന്ന് അന്വേഷണസംഘം വ്യക്തമാക്കുന്നു. ആഴ്ചകൾ നീണ്ട നിരീക്ഷണത്തിനൊടുവിലാണ് ഈ ശൃംഖലയെ പോലീസ് തകർത്തത്. പിടിയിലായവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ രാജ്യത്തെ വിവിധ ഭാഗങ്ങളിലുള്ള സ്ലീപ്പർ സെല്ലുകളെ കണ്ടെത്താനുള്ള ഊർജിതമായ അന്വേഷണം തുടരുകയാണ്.






