അന്താരാഷ്ട്ര കായിക മത്സരങ്ങളിൽ പങ്കെടുക്കുന്നതിനായി പാകിസ്ഥാനിൽ നിന്നുള്ള കായിക താരങ്ങൾക്കും ഉദ്യോഗസ്ഥർക്കും ഇന്ത്യയിലേക്ക് എത്തുന്നതിന് കേന്ദ്ര സർക്കാർ അനുമതി നൽകി. രണ്ടിലധികം രാജ്യങ്ങൾ പങ്കെടുക്കുന്ന ബഹുരാഷ്ട്ര ടൂർണമെന്റുകൾക്കും രാജ്യാന്തര മത്സരങ്ങൾക്കും വേണ്ടിയാണ് ഈ ഇളവ് അനുവദിച്ചിരിക്കുന്നത്. പാക് താരങ്ങൾക്ക് ഇന്ത്യയിലെത്താനുള്ള വിസ നടപടികൾ ലഘൂകരിക്കുമെന്നും കേന്ദ്രം വ്യക്തമാക്കി.
പാക് താരങ്ങൾക്ക് ഇന്ത്യയിൽ വരാമെങ്കിലും, പാകിസ്ഥാനുമായി മാത്രമുള്ള ഉഭയകക്ഷി മത്സരങ്ങൾ നടത്തില്ലെന്ന നിലപാടിൽ മാറ്റമില്ലെന്ന് കായിക മന്ത്രാലയം അറിയിച്ചു. വേദി ഇന്ത്യയിലായാലും മറ്റ് വിദേശ രാജ്യങ്ങളിലായാലും ഇരുരാജ്യങ്ങളും മാത്രമായുള്ള മത്സരങ്ങൾ ഉണ്ടാകില്ല. ഇന്ത്യ-പാക് പരമ്പരകൾ വിദേശ മണ്ണിൽ വെച്ച് നടത്താനുള്ള നീക്കങ്ങൾക്കും കേന്ദ്രത്തിന്റെ ഈ നയം തിരിച്ചടിയാകും.
Also Read:ഫിറ്റ്‌നസിൽ വിരാട് കോഹ്‌ലിയെ മാതൃകയാക്കൂ; സഞ്ജു സാംസണ് ഉപദേശവുമായി സഞ്ജയ് മഞ്ജരേക്കർ
ഇന്ത്യയിലോ മറ്റ് വിദേശ രാജ്യങ്ങളിലോ നടക്കുന്ന ബഹുരാഷ്ട്ര ടൂർണമെന്റുകളിൽ പാകിസ്ഥാൻ പങ്കെടുക്കുന്നുണ്ടെങ്കിലും അവിടെ കളിക്കുന്നതിന് ഇന്ത്യൻ ടീമിനും ഇനി വിലക്കുണ്ടാകില്ല. എന്നാൽ പാകിസ്ഥാൻ ആതിഥേയത്വം വഹിക്കുന്ന അന്താരാഷ്ട്ര മത്സരങ്ങളിൽ ഇന്ത്യൻ ടീം പങ്കെടുക്കുമോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തത വന്നിട്ടില്ല.






