ഒമാനിൽ നിന്ന് ഇന്ത്യയിലേക്കുള്ള യാത്രയ്ക്കിടെ അറബിക്കടലിൽ യന്ത്രത്തകരാറിനെത്തുടർന്ന് കുടുങ്ങിയ ‘എംവി ഗൗതം’ എന്ന കപ്പലിന് പാകിസ്ഥാൻ നാവികസേന തുണയായി. മുംബൈയിലെ മാരിടൈം റെസ്‌ക്യൂ ആൻഡ് കോർഡിനേഷൻ സെന്റർ നൽകിയ സന്ദേശത്തിന്റെ അടിസ്ഥാനത്തിൽ പാകിസ്ഥാനിലെ അധികൃതർ ഉടൻ തന്നെ രക്ഷാദൗത്യത്തിന് ഉത്തരവിടുകയായിരുന്നു. പാകിസ്ഥാൻ നാവികസേനയുടെ ‘പിഎംഎസ്എസ് കശ്മീർ’ എന്ന കപ്പലും മാരിടൈം സെക്യൂരിറ്റി ഏജൻസിയും സംയുക്തമായാണ് ഈ ദൗത്യം വിജയകരമായി പൂർത്തിയാക്കിയത്.
ആറ് ഇന്ത്യക്കാരും ഒരു ഇന്തോനേഷ്യക്കാരനുമടക്കം ഏഴ് ജീവനക്കാരാണ് കപ്പലിലുണ്ടായിരുന്നത്. ഭക്ഷണവും മരുന്നുകളും ഉൾപ്പെടെയുള്ള അടിയന്തര സഹായങ്ങൾ എത്തിച്ചതിന് പുറമെ, കപ്പലിന്റെ സാങ്കേതിക തകരാറുകൾ പരിഹരിക്കാനുള്ള വിദഗ്ധ സഹായവും പാക് സേന ലഭ്യമാക്കി. കടലിൽ അപകടത്തിൽപ്പെടുന്ന കപ്പലുകളെ സഹായിക്കാനുള്ള അന്താരാഷ്ട്ര ധാരണകളുടെ ഭാഗമായാണ് ഈ നടപടിയെന്ന് പാക് നാവികസേന അറിയിച്ചു. രക്ഷാപ്രവർത്തനത്തിന്റെ വീഡിയോ ദൃശ്യങ്ങൾ ഇതിനോടകം സമൂഹമാധ്യമങ്ങളിൽ ശ്രദ്ധനേടിയിട്ടുണ്ട്.






