സ്റ്റാലിന് നല്‍കാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതി; ബി.ജെ.പി. നേതാവ് അറസ്റ്റില്‍

സ്റ്റാലിന് നല്‍കാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതി; ബി.ജെ.പി. നേതാവ് അറസ്റ്റില്‍

മധുര: തമിഴ്നാട് മുഖ്യമന്ത്രി സ്റ്റാലിന് നല്‍കാനുള്ള പരാതിക്കൊപ്പം കഞ്ചാവ് പൊതിയുമായി ബി.ജെ.പി. നേതാവ് പിടിയില്‍. ബി.ജെ.പി. സംസ്ഥാന എക്സിക്യൂട്ടിവ് കൗണ്‍സില്‍ അംഗമായ എസ്. ശങ്കര്‍ പാണ്ടിയെയാണ് മധുര വിമാനത്താവളത്തില്‍നിന്ന് പോലീസ് അറസ്റ്റ് ചെയ്തത്. മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ കുടുംബത്തോടൊപ്പം മധുര വിമാനത്താവളത്തില്‍ എത്തിയപ്പോഴാണ് കഞ്ചാവ് പൊതിയുമായി ബി.ജെ.പി. ഭാരവാഹി പരാതി നല്‍കാനെത്തിയത്.

സംസ്ഥാനത്ത് മയക്കുമരുന്നിന്റെ വില്‍പ്പനയും ഉപയോഗവും ഉയര്‍ത്തുന്ന ഭീഷണി ചൂണ്ടിക്കാണിക്കുന്നതായിരുന്നു ശങ്കര്‍ പാണ്ടിയുടെ പരാതി. തമിഴ്നാട്ടില്‍ കഞ്ചാവ് സുലഭമായി ലഭിക്കുന്നതും ലഹരിമരുന്നുമായി ബന്ധപ്പെട്ട കുറ്റകൃത്യങ്ങള്‍ വര്‍ധിക്കുന്നതും പരാതിയില്‍ സൂചിപ്പിച്ചിരുന്നു. ഇതിന്റെ പ്രധാന്യം ചൂണ്ടിക്കാണിക്കാനാണ് പരാതിക്കൊപ്പം കഞ്ചാവ് പൊതിയും കരുതിയിരുന്നതെന്നാണ് മാധ്യമങ്ങളുടെ റിപ്പോര്‍ട്ട്.

വിമാനത്താവളത്തില്‍വെച്ച് ശങ്കര്‍ പാണ്ടിയുടെ നീക്കങ്ങളില്‍ സംശയം തോന്നിയ പോലീസ് ഇദ്ദേഹത്തെ കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടര്‍ന്നാണ് പരാതിക്കൊപ്പം കഞ്ചാവ് പൊതിയും കണ്ടെടുത്തത്. ശങ്കര്‍ പാണ്ടിയെ കൂടുതല്‍ചോദ്യംചെയ്യലിനായി പിന്നീട് ആവണിപുരം പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോയി. കഞ്ചാവ് കൈവശംവെച്ചതിന് ബി.ജെ.പി. നേതാവിനെതിരേ എന്‍.ഡി.പി.എസ്. ആക്ട് പ്രകാരം കേസെടുത്തേക്കുമെന്നാണ് റിപ്പോര്‍ട്ട്.

കുടുംബത്തോടൊപ്പം കൊടൈക്കനാലിലേക്ക് പോകാനായാണ് മുഖ്യമന്ത്രി എം.കെ. സ്റ്റാലിന്‍ തിങ്കളാഴ്ച മധുര വിമാനത്താവളത്തിലെത്തിയത്. അനൗദ്യോഗിക സന്ദര്‍ശനമായതിനാല്‍ പാര്‍ട്ടി പ്രവര്‍ത്തകരോ മന്ത്രിമാരോ മുഖ്യമന്ത്രിയെ സ്വീകരിക്കാന്‍ വിമാനത്താവളത്തിലെത്തിയിരുന്നില്ല. എം.കെ. സ്റ്റാലിന്റെ സന്ദര്‍ശനത്തെത്തുടര്‍ന്ന് കൊടൈക്കനാലില്‍ കര്‍ശന സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്. മുഖ്യമന്ത്രിയുടെ സന്ദര്‍ശനം അവസാനിക്കുന്നതുവരെ കൊടൈക്കനാലില്‍ ഡ്രോണ്‍ ഉപയോഗിക്കുന്നതിനും പോലീസ് വിലക്കേര്‍പ്പെടുത്തിയിട്ടുണ്ട്.

Top