ഓപ്പൺഎഐ ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായ സാം ആൾട്ട്മാൻ സോഷ്യൽ മീഡിയയിൽ പങ്കുവെച്ച പുതിയ കുറിപ്പാണ് ഇപ്പോൾ ആഗോള ടെക് ലോകത്ത് വലിയ ചർച്ചയായിരിക്കുന്നത്. തന്റെ മൂത്ത കുഞ്ഞ് ആദ്യമായി രണ്ട് വാക്കുകൾ കൂട്ടിച്ചേർത്ത് സംസാരിച്ചപ്പോൾ ഉണ്ടായ സന്തോഷത്തെ, കമ്പനിയുടെ പുത്തൻ നിർമ്മിതബുദ്ധി മോഡലായ ‘ജിപിടി 5.6’ ഒരു പുതിയ ഗണിതശാസ്ത്ര ആശയം കണ്ടെത്തിയപ്പോൾ തനിക്കുണ്ടായ അത്ഭുതത്തോടാണ് ആൾട്ട്മാൻ താരതമ്യം ചെയ്തത്.
സമൂഹമാധ്യമമായ എക്‌സിൽ പങ്കുവെച്ച കുറിപ്പിൽ അദ്ദേഹം ഇങ്ങനെ കുറിച്ചു: “ഞങ്ങളുടെ മൂത്ത കുട്ടി ആദ്യമായി രണ്ട് വാക്കുകൾ കൂട്ടിച്ചേർത്ത് പറഞ്ഞു. ആ ബൗദ്ധിക മുന്നേറ്റം എന്നെ അത്ഭുതപ്പെടുത്തിയ തോത്, ജിപിടി 5.6 പുതിയ ഗണിതം കണ്ടെത്തിയപ്പോൾ എനിക്കുണ്ടായ അത്ഭുതത്തിന് സമാനമാണ്.” സാം ആൾട്ട്മാനും ഭർത്താവ് ഒലിവർ മൾഹെറിനും 2025 ഫെബ്രുവരിയിലാണ് ആദ്യ കുഞ്ഞ് ജനിക്കുന്നത്. എന്നാൽ തന്റെ എക്സ് പോസ്റ്റിൽ ‘മൂത്ത കുട്ടി’ എന്ന് ആൾട്ട്മാൻ പ്രത്യേകം പരാമർശിച്ചതോടെ, രണ്ടാമതൊരു കുഞ്ഞ് കൂടി ജനിച്ചിട്ടുണ്ടാകാമെന്ന സൂചനയാണ് അന്താരാഷ്ട്ര മാധ്യമങ്ങൾ നൽകുന്നത്. എന്നാൽ രണ്ടാമത്തെ കുഞ്ഞിന്റെ ജനനം ഇരുവരും ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.
അമേരിക്കൻ സർക്കാരിന്റെ പ്രത്യേക അഭ്യർഥനയെ തുടർന്ന് കഴിഞ്ഞ മാസമാണ് ഓപ്പൺഎഐ തങ്ങളുടെ ഏറ്റവും പുതിയ ‘ജിപിടി 5.6’ മോഡൽ പരിമിതമായ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിച്ചത്. സോൾ, ടെറ, ലൂണ എന്നീ മോഡലുകൾ ഇതിൽ ഉൾപ്പെടുന്നു. മുൻതലമുറ മോഡലുകളെ അപേക്ഷിച്ച് കമ്പ്യൂട്ടിങ് ശേഷിയിലും ചെലവുകുറവിലും വലിയ മുന്നേറ്റമാണ് ഈ പുതിയ സീരീസ് കാഴ്ചവെക്കുന്നത്. എന്നാൽ ജിപിടി 5.6 കണ്ടെത്തിയെന്ന് പറയുന്ന ‘പുതിയ ഗണിതം’ എന്താണെന്ന് ആൾട്ട്മാൻ തന്റെ കുറിപ്പിൽ വിശദീകരിച്ചിട്ടില്ല. ഇത് എഐ സ്വയം കണ്ടെത്തിയ ഒരു പുതിയ ഗണിത സിദ്ധാന്തമാണോ അതോ സങ്കീർണ്ണമായ കണക്കുകൾ പരിഹരിക്കാനുള്ള അതിന്റെ കഴിവാണോ എന്നതിൽ ഓപ്പൺഎഐ വ്യക്തത വരുത്തിയിട്ടില്ല.
എങ്കിലും ഈ വാരത്തിൽ ജിപിടി 5.6 കൂടുതൽ ഉപയോക്താക്കൾക്കായി കമ്പനി പുറത്തിറക്കിയേക്കുമെന്ന അഭ്യൂഹം ശക്തമാണ്. എന്നാൽ ഇതുസംബന്ധിച്ച് ഓപ്പൺഎഐ ഇതുവരെ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല. ആൾട്ട്മാന്റെ ഈ വിചിത്ര താരതമ്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ സമ്മിശ്ര പ്രതികരണമാണ് ഉയരുന്നത്. പുതിയ എഐ മോഡലിന്റെ കഴിവിനെ പ്രശംസിച്ച് ഒരു വിഭാഗം രംഗത്തെത്തിയപ്പോൾ, സ്വന്തം ചോരയിലുള്ള കുഞ്ഞിന്റെ വളർച്ചയെ ഒരു കമ്പ്യൂട്ടർ കോഡുമായി താരതമ്യം ചെയ്തത് അങ്ങേയറ്റം അസ്വസ്ഥത ഉണ്ടാക്കുന്നതാണെന്ന് ഭൂരിഭാഗം പേരും വിമർശിച്ചു. കുഞ്ഞിന്റെ ആദ്യ വാക്കുകൾ പോലും എഐയുടെ പ്രകടനത്തിനുള്ള മാനദണ്ഡമാക്കുന്ന കോർപ്പറേറ്റ് ചിന്താഗതിയെ പരിഹസിച്ചും നിരവധി പേർ രംഗത്തെത്തിയിട്ടുണ്ട്.






