ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം

നവംബര്‍ 30ന് ശേഷം സ്വകാര്യ ടെലികോം നെറ്റ് വ‍‍ർക്കുകളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വിഐ എന്നിവയുടെ ചില ഉപഭോക്താക്കള്‍ക്ക് ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം

ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം
ഡിസംബര്‍ 1 മുതല്‍ ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം

ഡല്‍ഹി: ഇന്ത്യയിലെ ടെലികോം സേവനങ്ങളില്‍ 2024 ഡിസംബര്‍ 1-ഓടെ മാറ്റങ്ങള്‍ വരുന്നു. നവംബര്‍ 30ന് ശേഷം സ്വകാര്യ ടെലികോം നെറ്റ് വ‍‍ർക്കുകളായ റിലയന്‍സ് ജിയോ, ഭാരതി എയര്‍ടെല്‍, വോഡോഫോണ്‍ ഐഡിയ (വിഐ) എന്നിവയുടെ ചില ഉപഭോക്താക്കള്‍ക്ക് ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം. ടെലികോം റെഗുലേറ്ററി അതോറിറ്റി ഓഫ് ഇന്ത്യയുടെ പുതിയ മാനദണ്ഡങ്ങള്‍ പൂര്‍ത്തിയാക്കാന്‍ കമ്പനികള്‍ക്ക് കഴിയാതെ വന്നാലാണ് ഈ പ്രതിസന്ധി രൂപപ്പെടുക.

Also Read: ഐഫോണ്‍ 17 എയര്‍ അള്‍ട്രാ-സ്ലിം വാങ്ങാനിരിക്കുന്ന ഇന്ത്യക്കാര്‍ക്ക് നിരാശ വാര്‍ത്ത

സ്പാം മെസേജുകളും ഫിഷിംഗ് മെസേജുകളും തടയാന്‍ ലക്ഷ്യമിട്ടുള്ള പുതിയ നിയന്ത്രണങ്ങള്‍ നടപ്പാക്കാന്‍ ടെലികോം കമ്പനികള്‍ക്ക് ട്രായ് അനുവദിച്ചിരിക്കുന്ന സമയപരിധി നവംബര്‍ 30ന് അവസാനിക്കും. പുതിയ നിയമം പ്രകാരം ഒടിപി അടക്കമുള്ള എല്ലാ കൊമേഴ്സ്യല്‍ മെസേജുകളുടെയും ഉറവിടം ടെലികോം കമ്പനികള്‍ കണ്ടെത്തിയിരിക്കണം. ഇങ്ങനെ മെസേജുകളുടെ ഉറവിടം തിരിച്ചറിഞ്ഞ് ഉപഭോക്താക്കള്‍ക്ക് ഉപദ്രവകരമായ സന്ദേശങ്ങള്‍ ടെലികോം കമ്പനികള്‍ ബ്ലോക്ക് ചെയ്യണം എന്നും സ്‌കാമുകളില്‍ നിന്ന് ഉപഭോക്താക്കളെ സംരക്ഷിക്കണമെന്നുമാണ് കമ്പനികള്‍ക്ക് ട്രായ് നല്‍കിയിരിക്കുന്ന കര്‍ശന നിര്‍ദേശം.

ഒടിപി തടസപ്പെടുമോ?

ഈ നിയന്ത്രണം നടപ്പാക്കാന്‍ ടെലികോം കമ്പനികള്‍ വൈകിയാല്‍ അത് ഒടിപി സേവനങ്ങള്‍ തടസപ്പെടുകയോ വൈകുകയോ ചെയ്യുന്ന സാഹചര്യമുണ്ടാകും. ഇത് ബാങ്കിംഗ്, സോഷ്യല്‍ മീഡിയ അടക്കമുള്ള അവശ്യ സേവനങ്ങളെ ബാധിക്കും. വിദൂരഭാവിയില്‍ രാജ്യത്തെ ടെലികോം സേവനങ്ങള്‍ സ്‌കാം രഹിതമാക്കാന്‍ ട്രായ്യുടെ ഇപ്പോഴത്തെ നീക്കം സഹായിക്കുമെങ്കിലും താല്‍ക്കാലികമായി ഒടിപി സേവനങ്ങള്‍ തടസപ്പെട്ടേക്കാം. ഇന്ത്യയിലെ ടെലികോം സേവനം സ്പാം രഹിതമാക്കാന്‍ ട്രായ് ശക്തമായ നടപടികളുമായി മുന്നോട്ടുപോവുകയാണ്. സ്പാമുകളെ സംബന്ധിച്ച് ഉപഭോക്താക്കള്‍ക്ക് പരാതി ഓണ്‍ലൈനായി സമര്‍പ്പിക്കാനുള്ള സംവിധാനം ഒരുക്കിയിട്ടുണ്ട്.

Top