തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് സംഘാടകർ; അടിയന്തര യോഗം ഉച്ചയ്ക്ക്

തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് സംഘാടകർ; അടിയന്തര യോഗം ഉച്ചയ്ക്ക്

തൃശൂർ: വനം വകുപ്പിന്റെ പുതിയ ഉത്തരവും ഹൈക്കോടതി ഇടപെടലും തൃശൂർ പൂരം നടത്തിപ്പ് പ്രതിസന്ധിയിലാകുമെന്ന് സംഘാടകർ. പൂരത്തിലെ മഠത്തിൽവരവ് പഞ്ചവാദ്യവും ഇലഞ്ഞിത്തറ മേളവും നടത്താൻ പറ്റാത്ത സാഹചര്യമുണ്ടാകുമെന്നു ഇരു ദേവസ്വങ്ങളും ചൂണ്ടിക്കാട്ടി. സർക്കുലർ പിൻവലിച്ചില്ലെങ്കിൽ പൂരത്തിന് ആനകളെ വിട്ടുനൽകില്ലെന്ന് ആന ഉടമ സംഘടന നിലപാടെടുത്തു. ആന ഉടമകളുടെയും പൂരം സംഘാടകരുടെയും അടിയന്തര യോഗം ഉച്ചയ്ക്ക് ഒന്നിനു ചേരും.

നിർദേശങ്ങൾ പ്രായോഗികമല്ലെന്നും പൂരം തകർക്കാനാണു ശ്രമമെന്നും പാറമേക്കാവ്, തിരുവമ്പാടി ദേവസ്വങ്ങൾ ആരോപിച്ചു. ആന എഴുന്നള്ളിപ്പിനു കുരുക്കിടുന്നതാണു വനംവകുപ്പിന്റെ സർക്കുലർ എന്നാണു വിമർശനം. മേളം, വാദ്യം, തീവെട്ടി എന്നിവയെല്ലാം ആനകളുടെ 50 മീറ്റർ അകലെയാകണം, ആനകളുടെ 50 മീറ്റർ അടുത്തു പാപ്പാന്മാർ മാത്രമേ ഉണ്ടാകാവൂ, ആനകൾ തമ്മിൽ ഒരു മീറ്റർ അകലം വേണം, ആനയ്ക്കു ചുറ്റും 50 മീറ്റർ ദൂരത്തിൽ ആളുകൾ നിൽക്കാത്തവിധം പൊലീസ് സുരക്ഷാവലയം സൃഷ്ടിക്കണം തുടങ്ങിയവയാണു പുതിയ ഉത്തരവിലെ പ്രധാന നിർദേശങ്ങൾ.

നിർദേശങ്ങൾ നടപ്പാക്കുന്നതോടെ പാറമേക്കാവ് പൂരം ഇറക്കത്തിന് ആന ക്ഷേത്രത്തിനു മുന്നിലും മേളം സ്വരാജ് റൗണ്ടിലുമാകുമെന്നു ദേവസ്വങ്ങൾ ചൂണ്ടിക്കാട്ടുന്നു. മഠത്തിൽ വരവിന് ആന മഠത്തിനു മുന്നിലും പഞ്ചവാദ്യം പാണ്ടിസമൂഹമഠത്തിനു മുന്നിലുമാകും. ദേവസ്വങ്ങളുമായോ കലക്ടറുമായോ ആലോചിക്കാതെയാണു പ്രിൻസിപ്പൽ ചീഫ് ഫോറസ്റ്റ് കൺസർവേറ്ററും ചീഫ് വൈൽഡ് ലൈഫ് വാർഡനും ചേർന്ന് ഉത്തരവിറക്കിയത്. മന്ത്രിമാരുടെ സാന്നിധ്യത്തിൽ നടത്തിയ ആലോചനാ യോഗത്തിൽ പറയാത്ത കാര്യങ്ങളാണ് ഉത്തരവിലുള്ളതെന്നും സംഘാടകർ ചൂണ്ടിക്കാട്ടുന്നു.

എവിടെയാണു മേളക്കാരെയും പഞ്ചവാദ്യക്കാരെയും നിർത്തേണ്ടതെന്ന് ഉത്തരവിറക്കിയവർ പറയട്ടെയെന്നു തിരുവമ്പാടി ദേവസ്വം സെക്രട്ടറി കെ.ഗിരീഷ് കുമാർ പറഞ്ഞു. ഈ നിർദേശങ്ങൾ പാലിച്ചാൽ പൂരം നടത്തിപ്പിലെ എല്ലാ ചടങ്ങുകളും പ്രതിസന്ധിയിലാകുമെന്നു പാറമേക്കാവ് ദേവസ്വം സെക്രട്ടറി ജി.രാജേഷ് അഭിപ്രായപ്പെട്ടു. പഞ്ചവാദ്യം റൗണ്ടിൽ നടത്തേണ്ടിവരും. ഇലഞ്ഞിത്തറയിൽ മേളം നടക്കുമ്പോൾ ആനകളെ 50 മീറ്റർ ദൂരെ നിർത്തുന്നതോടെ ഭഗവതി വടക്കുന്നാഥന്റെ നടയിൽ വണങ്ങി നിൽക്കുന്നുവെന്നത് ഇല്ലാതാകും.

ശ്രീമൂല സ്ഥാനത്തെ തിരുവമ്പാടി മേളം കലാശം അവിടെ കൊട്ടാൻ പറ്റാത്ത അവസ്ഥയാകും. എഴുന്നള്ളിപ്പു വടക്കുന്നാഥനിലേക്കുള്ള വഴിയുടെ പാതിഭാഗത്തു നിർത്തേണ്ടിവരും. രാത്രി എഴുന്നള്ളിപ്പുകളും ഘടക പൂര എഴുന്നള്ളിപ്പും ഏറെ കഷ്ടപ്പെടും. കുടമാറ്റ സമയത്തു തെക്കെ ഗോപുര നടയുടെ മധ്യത്തിൽ മാത്രം കുറച്ചു പേർക്കു നിൽക്കാനാകും. ബാക്കിയുള്ള ആയിരങ്ങൾക്കു കുടമാറ്റം കാണാനാകില്ല. ആനകളുടെ സുരക്ഷാ പരിശോധന രണ്ടു ദിവസം മുൻപു പൂർത്തിയാക്കണമെന്നതു പോലുള്ള നിർദേശങ്ങൾ വേറെയുമുണ്ട്. ആനകളെ ആരും രണ്ടു ദിവസം മുൻപു വിട്ടുകൊടുക്കാറില്ലെന്ന കാര്യം വനം വകുപ്പു പരിഗണിച്ചിട്ടില്ലെന്നും ദേവസ്വങ്ങൾ സർക്കാരിനെ അറിയിച്ചു.

Top