അഹമ്മദാബാദ്: ഐപിഎൽ ചരിത്രത്തിൽ അപൂർവമായി മാത്രം സംഭവിക്കുന്ന കാഴ്ചയ്ക്കായിരുന്നു കഴിഞ്ഞ മത്സരത്തിൽ ക്രിക്കറ്റ് ലോകം സാക്ഷ്യം വഹിച്ചത്. ഒരു മത്സരത്തിനിടെ തന്നെ ഓറഞ്ച് ക്യാപ് പലതവണയാണ് ഒരേ ടീമിലെ രണ്ട് സഹതാരങ്ങളുടെ തലമാറിയത്. ഗുജറാത്ത് ടൈറ്റൻസ് താരങ്ങളായ സായ് സുദർശനും ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലും തമ്മിലായിരുന്നു ഈ റൺവേട്ടയിലെ ആവേശപ്പോരാട്ടം. ഒടുവിൽ രണ്ട് റൺസിന്റെ നേരിയ ലീഡിൽ ഗില്ലിനെ മറികടന്ന് സുദർശൻ ഓറഞ്ച് ക്യാപ് സ്വന്തമാക്കി.
കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരായ മത്സരത്തിന്റെ തുടക്കത്തിൽ റൺവേട്ടയിൽ മുന്നിലെത്തിയ സായ് സുദർശന്റെ തലയിലായിരുന്നു ഓറഞ്ച് ക്യാപ്. എന്നാൽ 22 റൺസെടുത്തു നിൽക്കെ കൈമുട്ടിന് പരിക്കേറ്റ് സുദർശൻ കളം വിട്ടു. ഇതിന് പിന്നാലെ തകർത്തടിച്ച ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ അർധസെഞ്ച്വറി തികച്ചതോടെ സുദർശനെ മറികടന്ന് ഓറഞ്ച് ക്യാപ് സ്വന്തമാക്കി. എന്നാൽ കഥ അവിടെയും തീർന്നില്ല. ഗിൽ പുറത്തായതിന് പിന്നാലെ പരിക്കിന്റെ വേദന മറന്ന് സുദർശൻ വീണ്ടും ക്രീസിലെത്തി.
Also Read:മാഞ്ചസ്റ്റർ സിറ്റിക്ക് എട്ടാം എഫ്‌എ കപ്പ്; കലാശപ്പോരിൽ ചെൽസിയെ തകർത്ത് കിരീടമുയർത്തി
ഇന്നിംഗ്സിലെ അവസാന ഓവറിൽ കാമറൂൺ ഗ്രീനിനെ സിക്സറിന് പറത്തി സുദർശൻ അർധസെഞ്ച്വറി തികച്ചു. ഇതോടെ ഗില്ലിനെ വീണ്ടും മറികടന്ന് താരം ഓറഞ്ച് ക്യാപ് തിരിച്ചുപിടിക്കുകയായിരുന്നു. മത്സരത്തിൽ ഗുജറാത്ത് 29 റൺസിന് പരാജയപ്പെട്ടെങ്കിലും സുദർശന്റെ പോരാട്ടം ശ്രദ്ധേയമായി. നിലവിൽ 13 മത്സരങ്ങളിൽ നിന്ന് 46.17 ശരാശരിയിൽ 554 റൺസോടെ സുദർശനാണ് റൺവേട്ടയിൽ ഒന്നാമത്. കൊൽക്കത്തയ്ക്കെതിരെ 49 പന്തിൽ 85 റൺസ് അടിച്ചുകൂട്ടിയ ശുഭ്മാൻ ഗിൽ 12 മത്സരങ്ങളിൽ നിന്ന് 552 റൺസുമായി രണ്ടാമതുണ്ട്.
ഇരുവരുടെയും കുതിപ്പോടെ അതുവരെ ഓറഞ്ച് ക്യാപ് കൈവശം വച്ചിരുന്ന ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസൻ (12 മത്സരങ്ങളിൽ 508 റൺസ്) മൂന്നാം സ്ഥാനത്തേക്ക് ഇറങ്ങി. കൊൽക്കത്തയ്ക്കെതിരെ പുറത്താകാതെ സെഞ്ച്വറി നേടിയിട്ടും വിരാട് കോലി (12 മത്സരങ്ങളിൽ 484 റൺസ്) നാലാം സ്ഥാനത്തേക്ക് വീണു. 481 റൺസുള്ള ഹൈദരാബാദ് ഓപ്പണർ അഭിഷേക് ശർമയാണ് അഞ്ചാമത്. കഴിഞ്ഞ മത്സരങ്ങളിൽ തിളങ്ങാൻ കഴിയാതിരുന്ന ഡൽഹി ക്യാപിറ്റൽസിന്റെ കെ.എൽ രാഹുൽ (477 റൺസ്) ആദ്യ അഞ്ചിൽ നിന്ന് പുറത്തായി. അതേസമയം, ചെന്നൈ സൂപ്പർ കിംഗ്സിന്റെ മലയാളി താരം സഞ്ജു സാംസൺ 12 മത്സരങ്ങളിൽ നിന്ന് 450 റൺസുമായി എട്ടാം സ്ഥാനം നിലനിർത്തിയിട്ടുണ്ട്.






