നെയ്യാർ ഡാമിലെ ജലനിരപ്പ് രണ്ടാമത്തെ മുന്നറിയിപ്പ് അളവിലേക്ക് ഉയർന്നതോടെ ഡാമിൽ ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചു. നിലവിൽ ഡാമിന്റെ പരമാവധി ജലനിരപ്പായ 89.54 മീറ്ററിൽ 83.85 മീറ്റർ വരെ വെള്ളം എത്തിയിട്ടുണ്ട്. നെയ്യാർ ഡാം പരിസരത്തും സമീപ പ്രദേശങ്ങളിലും കനത്ത മഴ തുടരുന്നതിനാൽ അണക്കെട്ടിലേക്കുള്ള നീരൊഴുക്ക് ശക്തമാണ്. ജലനിരപ്പ് ഇനിയും ഉയർന്നാൽ ഡാമിന്റെ ഷട്ടറുകൾ ഏത് നിമിഷവും അടിയന്തരമായി തുറക്കേണ്ടി വരുമെന്ന് അധികൃതർ അറിയിച്ചു. ഇതിന് പുറമേ, ജലനിരപ്പ് ക്രമാതീതമായി ഉയർന്നതിനെ തുടർന്ന് കരമനയാറ്റിൽ കേന്ദ്ര ജല കമ്മീഷൻ യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. നദിക്കരയിലുള്ളവർക്കും സമീപവാസികൾക്കും കർശന ജാഗ്രതാ നിർദ്ദേശമാണ് നൽകിയിരിക്കുന്നത്.
അതേസമയം, സംസ്ഥാനത്തെ വിവിധ ജില്ലകളിൽ കനത്ത മഴ തുടരുകയാണ്. കേരളത്തിൽ ഇന്നും ഇടവേളകളില്ലാതെ തുടർച്ചയായുള്ള ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. മധ്യ-തെക്കൻ കേരളത്തിലെ ജില്ലകളിലാണ് താരതമ്യേന കൂടുതൽ മഴ ലഭിക്കാൻ സാധ്യതയുള്ളത്. ചില പ്രദേശങ്ങളിൽ ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്കും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കുന്നു. പൊതുജനങ്ങൾ പ്രളയ സാധ്യതയുള്ള മേഖലകളിൽ നിന്നും ജലാശയങ്ങളിൽ നിന്നും മാറിനിൽക്കണമെന്നും അടിയന്തര സാഹചര്യങ്ങൾ നേരിടാൻ അധികൃതർ സജ്ജമാണെന്നും അറിയിച്ചിട്ടുണ്ട്.






