പാർലമെന്റിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കുന്നതിനിടെ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ ഇന്നും സഭയിൽ എത്തിയില്ല. വിദ്യാർത്ഥികൾക്കെതിരെയുണ്ടായ പോലീസ് അതിക്രമത്തിൽ ആഭ്യന്തരമന്ത്രി നേരിട്ട് മറുപടി നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ അംഗങ്ങൾ ലോക്‌സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. രാജ്യസഭയിൽ പ്രതിപക്ഷ നേതാവ് മല്ലികാർജുൻ ഖാർഗെയ്ക്ക് സംസാരിക്കാൻ അനുമതി നൽകണമെന്ന് ആവശ്യപ്പെട്ടായിരുന്നു ബഹളം.
ഇന്ന് സഭ സമ്മേളിക്കുന്നതിന് മുന്നോടിയായി പാർലമെന്റ് കവാടത്തിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ തമ്മിൽ ഉന്തും തള്ളുമുണ്ടായി. ലോക്‌സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കെതിരെ ഭരണപക്ഷമായ എൻ.ഡി.എ അംഗങ്ങളും, ആഭ്യന്തരമന്ത്രി അമിത് ഷായ്‌ക്കെതിരെ പ്രതിപക്ഷ അംഗങ്ങളും മുദ്രാവാക്യം വിളികളുമായി മുഖാമുഖം എത്തുകയായിരുന്നു. തുടർന്ന് സുരക്ഷാ ഉദ്യോഗസ്ഥർ ഇരുവിഭാഗത്തിനും ഇടയിൽ സുരക്ഷാവലയം തീർത്താണ് രംഗം ശാന്തമാക്കിയത്.
Also Read: പാർലമെന്റിൽ വരാതെ ഓടുന്നവരുടെ അനുയായിയാണ് നിർമല സീതാരാമൻ; വിമർശനവുമായി ജോൺ ബ്രിട്ടാസ്
കേന്ദ്ര അന്വേഷണ ഏജൻസികളെ മോദി സർക്കാർ രാഷ്ട്രീയ നേട്ടങ്ങൾക്കായി ദുരുപയോഗം ചെയ്യുകയാണെന്ന് കോൺഗ്രസ് മുൻ അധ്യക്ഷ സോണിയാ ഗാന്ധി കുറ്റപ്പെടുത്തി. ഒപ്പം അയോധ്യ സംഭാവനക്കൊള്ള വിഷയം ഉന്നയിച്ച് പ്രധാനമന്ത്രി മറുപടി നൽകണമെന്നും പ്രതിപക്ഷം ആവശ്യപ്പെട്ടു. പാർലമെന്റിന്റെ വർഷകാല സമ്മേളനം വ്യാഴാഴ്ച അവസാനിക്കാനിരിക്കെയാണ് പ്രതിപക്ഷം സഭയ്ക്കകത്തും പുറത്തും പ്രതിഷേധം ശക്തമാക്കുന്നത്.





