ഡല്‍ഹി: രാജ്യസഭാ ചെയര്‍മാനും ഉപരാഷ്ട്രപതിയുമായ ജഗ്ദീപ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാന്‍ ഇന്ത്യ സഖ്യത്തിന്റെ നീക്കം. ഇന്ത്യ സഖ്യത്തിലെ 70 എംപിമാര്‍ ഇതിനോടകം പ്രമേയത്തില്‍ ഒപ്പിട്ടതായാണ് റിപ്പോര്‍ട്ട്. തൃണമൂല്‍ കോണ്‍ഗ്രസ്, സമാജ് വാദി പാര്‍ട്ടി, ആംആദ്‌മി പാര്‍ട്ടി എംപിമാരുടെ പിന്തുണയോടെയാണ് കോണ്‍ഗ്രസ് ധന്‍കറിനെതിരെ അവിശ്വാസ പ്രമേയനീക്കം തുടങ്ങിയിരിക്കുന്നത്. പ്രതിപക്ഷ എംപിമാരുടെ പ്രസംഗങ്ങള്‍ ഇടയ്ക്കിടെ തടസപ്പെടുത്തുകയും നിര്‍ണായക വിഷയങ്ങളില്‍ മതിയായ സംവാദം അനുവദിക്കാതിരിക്കുകയും തര്‍ക്ക ചര്‍ച്ചകളില്‍ ഭരണകക്ഷിക്ക് അനുകൂലമായി പെരുമാറുകയും ചെയ്യുന്നുവെന്നാണു ധന്‍കറിനെതിരായ ആരോപണം.
Also Read: മണിപ്പൂർ കലാപം; റിപ്പോർട്ട് തേടി സുപ്രീം കോടതി
രാജ്യസഭാ ചെയര്‍മാനെതിരെ അവിശ്വാസ പ്രമേയം കൊണ്ടുവരാനുള്ള നീക്കം പ്രതിപക്ഷം ആലോചിക്കുന്നതായി ഈ വര്‍ഷം ആദ്യം റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. പാര്‍ലമെന്റിന്റെ ബജറ്റ് സമ്മേളനത്തിനിടെ, രാജ്യസഭയില്‍ തങ്ങളുടെ അഭിപ്രായം പ്രകടിപ്പിക്കാനുള്ള സമയം കുറയുന്നതു സംബന്ധിച്ചു പ്രതിപക്ഷ എംപിമാര്‍ അന്നും ആശങ്ക ഉന്നയിച്ചതാണ്. കോണ്‍ഗ്രസ് അധ്യക്ഷനും രാജ്യസഭ പ്രതിപക്ഷ നേതാവുമായ മല്ലികാര്‍ജുന്‍ ഖര്‍ഗെയുടെ പ്രസംഗങ്ങള്‍ തടസപ്പെടുത്തുന്നതാണു പ്രധാന തര്‍ക്ക വിഷയം. ഖര്‍ഗെയുടെ മൈക്ക് ഒന്നിലധികം തവണ ഓഫാക്കിയതും വിവാദങ്ങള്‍ക്കു വഴിവച്ചിരുന്നു.