സർക്കാർ അധികാരത്തിൽ വന്നതിനു ശേഷമുള്ള ആദ്യ നിയമസഭാ മാർച്ചിനിടെയുണ്ടായ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തിൽ ഉപയോഗിച്ച വെള്ളം പൂർണമായും സുരക്ഷിതമാണെന്ന് കെമിക്കൽ ലാബ് പരിശോധനാ റിപ്പോർട്ട്. വെള്ളത്തിൽ അണുബാധയൊന്നുമില്ലെന്നും ഇരുമ്പിന്റെ അംശം മാത്രമാണുള്ളതെന്നും പരിശോധനയിൽ സ്ഥിരീകരിച്ചു. ജലപീരങ്കിക്കായി ഉപയോഗിച്ച വെള്ളത്തിന്റെ നിറവ്യത്യാസം ചൂണ്ടിക്കാട്ടി പ്രതിപക്ഷം പൊലീസിനെതിരെ രംഗത്തുവന്നതിനെ തുടർന്നാണ് ആഭ്യന്തര വകുപ്പ് വിഷയം പരിശോധനയ്ക്ക് വിധേയമാക്കിയത്. പരിശോധനാ ഫലം ഇതിനോടകം ആഭ്യന്തര വകുപ്പ് മന്ത്രിക്ക് കൈമാറിയിട്ടുണ്ട്.
പി.എം. ശ്രീ ഉൾപ്പെടെയുള്ള വിവിധ വിഷയങ്ങൾ ഉന്നയിച്ച് പ്രതിപക്ഷ യുവജന സംഘടനകൾ നടത്തിയ സമരത്തിന് നേരെയായിരുന്നു ജലപീരങ്കി പ്രയോഗമുണ്ടായത്. സിപിഐ നേതാവും മുൻ മന്ത്രിയുമായ കെ. രാജനും പങ്കെടുത്ത ഈ സമരത്തിൽ, പകർച്ചവ്യാധിക്കാലത്ത് മലിനജലമാണ് ജലപീരങ്കിക്കായി ഉപയോഗിക്കുന്നതെന്ന് അദ്ദേഹം ആദ്യം ആരോപിച്ചിരുന്നു. പിന്നീട് ഈ വിഷയം ഏറ്റെടുത്ത പ്രതിപക്ഷ നേതാവ്, ജലപീരങ്കിയിലെ വെള്ളം കുപ്പിയിലാക്കി സഭയിലെത്തിച്ച് സർക്കാരിനെതിരെ രൂക്ഷമായ പ്രതിഷേധം ഉയർത്തിയിരുന്നു.
Also Read:പ്രിയദർശിനി! ബസ് സർവീസ് ഷെഡ്യൂളിൽ മാറ്റം വരുത്താൻ വിദഗ്ധ സമിതിയുടെ ശുപാർശ
എന്നാൽ പൊലീസിന്റെ ജലപീരങ്കി പ്രയോഗത്തെ പൂർണ്ണമായി ന്യായീകരിച്ചുകൊണ്ടാണ് ആഭ്യന്തരമന്ത്രി പ്രതികരിച്ചത്. പൊലീസിന് നേരെ ആക്രമണങ്ങളും അതിക്രമങ്ങളും ഉണ്ടാകുമ്പോൾ സ്വീകരിക്കുന്ന സ്വാഭാവിക നടപടിയാണിതെന്നും, ഇവിടെ ആദ്യമായല്ല ജലപീരങ്കി പ്രയോഗിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഉപയോഗിച്ച വെള്ളത്തിന് യാതൊരു കുഴപ്പവുമില്ലെന്നും കഴിഞ്ഞ പത്ത വർഷമായി പൊലീസ് ഉപയോഗിച്ചുവരുന്ന അതേ വെള്ളമാണ് ഇപ്പോഴും ഉപയോഗിക്കുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.






