മസ്കത്ത്: ഒമാൻ ദേശീയ ദിനം ആഘോഷിക്കുന്നതിന്റെ ഭാഗമായി ഒമാൻ എയര്‍ യാത്രക്കാർക്കായി ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. ഈ ആകർഷകമായ ഓഫർ വഴി ബിസിനസ്, ഇക്കോണമി ക്ലാസ് സീറ്റുകൾക്ക് 20 ശതമാനം വരെ ഇളവ് ലഭിക്കും. ഈ പ്രമോഷൻ ലഭിക്കുന്നതിനായി നവംബര്‍ 30, 2025 വരെ ടിക്കറ്റുകൾ ബുക്ക് ചെയ്യണം.
2026 ജനുവരി 15 മുതൽ മാർച്ച് 31 വരെയുള്ള കാലയളവിൽ യാത്ര ചെയ്യുന്ന വൺവേ, റിട്ടേൺ ടിക്കറ്റുകൾക്കാണ് 20 ശതമാനം വരെ കിഴിവ് ലഭിക്കുക. യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ഫാർ ഈസ്റ്റ്, ആഫ്രിക്ക, ജിസിസി, ഇന്ത്യൻ ഉപഭൂഖണ്ഡം ഉൾപ്പെടെ 40-ൽ അധികം ലക്ഷ്യസ്ഥാനങ്ങളിലേക്കുള്ള യാത്രകൾക്ക് ഈ ഓഫർ ബാധകമാണ്.
Also Read: ദുബായുടെ വ്യോമയാന വളർച്ച; തിരക്ക് നിയന്ത്രിക്കാൻ ഫ്ലൈ ദുബായ് അൽ മക്തൂമിലേക്ക്
ഇക്കോണമി ക്ലാസ് ടിക്കറ്റ് നിരക്കുകൾ 29 ഒമാനി റിയാൽ മുതലും ബിസിനസ് ക്ലാസ് നിരക്കുകൾ 128 ഒമാൻ റിയാൽ മുതലുമാണ് ആരംഭിക്കുന്നത്. എന്നിരുന്നാലും, ആഭ്യന്തര വിമാനങ്ങൾ, ഇന്‍റർലൈൻ വിമാനങ്ങൾ, കോഡ്‌ഷെയർ പങ്കാളികളുമായുള്ള വിമാനങ്ങൾ എന്നിവയ്ക്ക് ഈ ഓഫർ ബാധകമായിരിക്കില്ല എന്നും എയർലൈൻ അറിയിച്ചു.






