ഓപ്പോ സ്മാർട്ട്‌ഫോണുകൾക്കായി പുതിയ കളർ ഒഎസ് 17 ഓപ്പറേറ്റിങ് സിസ്റ്റം ഔദ്യോഗികമായി പുറത്തിറക്കി. നവീകരിച്ച രൂപകൽപ്പനയും കിടിലൻ നിർമിത ബുദ്ധി (എഐ) ഫീച്ചറുകളും മികച്ച പ്രകടനവുമമായാണ് പുതിയ ഒഎസ് എത്തിയിരിക്കുന്നത്. വരാനിരിക്കുന്ന ഒപ്പോ ഫൈൻഡ് എക്സ് 10 സീരീസിനൊപ്പം ഒക്ടോബർ 22-ന് ഈ പുതിയ ഒഎസ് ഇന്ത്യൻ വിപണിയിൽ അവതരിപ്പിക്കുമെന്നാണ് കമ്പനി അറിയിച്ചിരിക്കുന്നത്.
‘ലിവിങ് ഫ്ലോ ഡിസൈൻ’ ശൈലിയിൽ ഒരുക്കിയിരിക്കുന്ന ഈ ഒഎസിൽ മികച്ച ടച്ച് റെസ്പോൺസും ട്രാൻസ്ക്ലൂസന്റ് വിഷ്വലുകളും നൽകിയിട്ടുണ്ട്. സിസ്റ്റത്തിന്റെ പ്രവർത്തനക്ഷമത വർദ്ധിപ്പിച്ചതിലൂടെ റാമിന്റെ ഉപയോഗം 25 ശതമാനത്തോളം കുറയ്ക്കാനും, ആപ്പുകൾ ലോഞ്ച് ചെയ്യുന്നതിലെ സ്ഥിരത 55 ശതമാനത്തോളം ഉയർത്താനും കമ്പനിക്ക് സാധിച്ചിട്ടുണ്ട്. കൂടാതെ ഫോട്ടോകൾ എഡിറ്റ് ചെയ്യാനും ഫയലുകൾ കൃത്യമായി ക്രമീകരിക്കാനും സഹായിക്കുന്ന എഐ മിൻഡ് പൈലറ്റ്, എഐ ഫോട്ടോ ഏജന്റ് തുടങ്ങിയ നൂതന ടൂളുകളും ഇതിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഉപയോക്താക്കളുടെ സുരക്ഷ മുൻനിർത്തി ഒട്ടേറെ പുതിയ പ്രൈവസി ഫീച്ചറുകളും കളർ ഒഎസ് 17-ൽ കൊണ്ടുവന്നിട്ടുണ്ട്. തത്സമയ ഫോൺ കോളുകളിലെ എഐ തട്ടിപ്പുകളും കൃത്രിമ ശബ്ദങ്ങളും തിരിച്ചറിയാൻ സഹായിക്കുന്ന ‘എഐ കോൾ ഗാർഡ്’ ഇതിലെ പ്രധാന സവിശേഷതയാണ്. കൂടാതെ ഡാറ്റ സുരക്ഷയെക്കുറിച്ചുള്ള വിവരങ്ങൾ നൽകുന്ന ‘ട്രാൻസ്പരൻസി റിപ്പോർട്ട്’ സംവിധാനവും സ്മാർട്ട്‌ഫോൺ ഉപയോക്താക്കൾക്ക് ഏറെ ഉപകാരപ്രദമാകും.






