കേരളത്തിലെ ലഹരിമാഫിയയെ ലക്ഷ്യമിട്ട് പൊലീസ് ആരംഭിച്ച ഓപ്പറേഷൻ തൂഫാൻ ശക്തമായ നടപടികളിലേക്ക്. മയക്കുമരുന്ന് കച്ചവടത്തിലൂടെയും കടത്തിലൂടെയും സമ്പാദിച്ച സ്വത്തുക്കൾ കണ്ടെത്തി കണ്ടുകെട്ടാനുള്ള നീക്കമാണ് ഇപ്പോൾ നിർണായക ഘട്ടത്തിലെത്തിയിരിക്കുന്നത്. ലഹരിക്കടത്തിലൂടെ സമ്പാദിച്ച 40 പേരുടെ സ്വത്തുക്കൾ കണ്ടുകെട്ടാനുള്ള നടപടികൾ ആരംഭിച്ചതായും 148 ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ചതായും ഓപ്പറേഷന്റെ നോഡൽ ഓഫീസർ ഐ.ജി. പുട്ട വിമലാദിത്യ അറിയിച്ചു.
ഓപ്പറേഷൻ ആരംഭിച്ചതിനുശേഷം പൊതുജനങ്ങളിൽനിന്ന് വലിയ തോതിലുള്ള പരാതികളാണ് ലഭിച്ചത്. ഫോൺ വഴി 8,125 പരാതികളും വാട്സാപ്പിലൂടെ 5,668 പരാതികളുമാണ് ഇതുവരെ ലഭിച്ചത്. ആഭ്യന്തരമന്ത്രിയുടെ ഓഫീസിലും പരാതികൾ എത്തുന്നുണ്ട്. ജനങ്ങളുടെ സജീവമായ പങ്കാളിത്തമാണ് ഓപ്പറേഷന് ലഭിക്കുന്നതെന്നും ഐ.ജി. വാർത്താസമ്മേളനത്തിൽ വ്യക്തമാക്കി.
Also Read: വൈദ്യുതക്കരാറിൽ സർക്കാർ–കെ.എസ്.ഇ.ബി. നേർക്കുനേർ; ‘ലാഭ’മെന്ന് മുഖ്യമന്ത്രി, ‘വന് നഷ്ട’മെന്ന് ബോർഡ്!
ലഹരിക്കടത്തുമായി ബന്ധപ്പെട്ട് 186 വാഹനങ്ങളും 801 മൊബൈൽ ഫോണുകളും പിടിച്ചെടുത്തിട്ടുണ്ട്. വിദേശത്തുനിന്ന് ഇന്ത്യയിലേക്ക് ലഹരിമരുന്ന് കടത്തുന്നവരെയും അന്വേഷണസംഘം തിരിച്ചറിഞ്ഞിട്ടുണ്ട്. ഇവരെ പിടികൂടുന്നതിനായി അന്താരാഷ്ട്ര തലത്തിലുള്ള നടപടികളും ആരംഭിച്ചു. നാലുപേർക്കെതിരെ റെഡ് കോർണർ നോട്ടീസും ഒരാൾക്കെതിരെ ബ്ലൂ കോർണർ നോട്ടീസും പത്തുപേർക്കെതിരെ ലുക്ക് ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിട്ടുണ്ട്. ഇന്റർപോളിന്റെ സഹായത്തോടെയാണ് തുടർനടപടികൾ പുരോഗമിക്കുന്നത്.
ലഹരിക്കടത്ത് തടയുന്നതിനൊപ്പം കുറ്റകൃത്യങ്ങൾ ആവർത്തിക്കുന്നത് ഒഴിവാക്കാനും പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. ഇതിനായി ഏകദേശം 2,500 പേരുടെ വിവരങ്ങൾ ശേഖരിച്ച് നിരീക്ഷണത്തിലാക്കിയിട്ടുണ്ട്. പരാതികൾ ശേഖരിക്കുന്നതുമുതൽ സാമ്പത്തിക ഇടപാടുകൾ മരവിപ്പിക്കുന്നതും വിദേശത്തേക്ക് കടന്ന പ്രതികളെ കണ്ടെത്തുന്നതും വരെയുള്ള നടപടികളിലൂടെ ലഹരിമാഫിയയുടെ ശൃംഖലയെ തകർക്കുകയാണ് ഓപ്പറേഷൻ തൂഫാന്റെ ലക്ഷ്യം.






