കൊച്ചി: ഓപ്പറേഷൻ തൂഫാൻ പരിശോധനയുടെ ഭാഗമായി ആറ് കിലോ കഞ്ചാവുമായി ഇതരസംസ്ഥാന തൊഴിലാളി പിടിയിലായി. പശ്ചിമ ബംഗാൾ മൂർഷിദാബാദ് സ്വദേശിയായ സേഖ് സിദ്ദിഖ് (66) ആണ് പോലീസ് പിടിയിലായത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി മനോജ് കെ.ആറിന്റെ നേതൃത്വത്തിലുള്ള അന്വേഷണ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.
മൂവാറ്റുപുഴ വാഴപ്പിള്ളിയിലെ മിൽമയ്ക്ക് സമീപമുള്ള വെയ്റ്റിംഗ് ഷെഡിൽ വിൽപ്പനയ്ക്കായി കഞ്ചാവ് കൈവശം സൂക്ഷിച്ച് ഇരിക്കുമ്പോഴാണ് ഇയാൾ പോലീസിന്റെ വലയിലാകുന്നത്. ഏറെ നാളായി തൂഫാൻ സ്‌ക്വാഡംഗങ്ങളുടെ രഹസ്യ നിരീക്ഷണത്തിലായിരുന്നു ഇയാൾ. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പി.എം. റാസിഖ്, സി.ആർ. രഞ്ജുമോൾ, ഷിബു മാത്യു, എ.എസ്.ഐമാരായ സി.കെ. മീരാൻ, പി.എസ്. സലിം, കെ.എം. അനീഷ് തുടങ്ങിയവരും പങ്കെടുത്തു.






