തിരുവനന്തപുരം: കേരളത്തെ മയക്കുമരുന്ന് മുക്തമാക്കാൻ ലക്ഷ്യമിട്ടുള്ള ‘ഓപ്പറേഷൻ തൂഫാൻ’ വഴി സംസ്ഥാനത്ത് ലഹരി മാഫിയക്കെതിരെ വലിയ മുന്നേറ്റമെന്ന് ആഭ്യന്തര വകുപ്പ് മന്ത്രി രമേശ് ചെന്നിത്തല. മയക്കുമരുന്ന് കടത്തിന്റെ ഉറവിടം കണ്ടെത്തി നശിപ്പിക്കാൻ പുതിയ പോലീസ് സംഘത്തെ നിയോഗിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
ലഹരിക്കടത്തിലെ പ്രധാന കണ്ണികളായ നൈജീരിയൻ പൗരനെയും വിദേശ വനിതയെയും പോലീസ് അറസ്റ്റ് ചെയ്തതാണ് ഓപ്പറേഷനിലെ ഏറ്റവും പുതിയ നേട്ടം. പന്തളം പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത കേസുമായി ബന്ധപ്പെട്ട് നൈജീരിയൻ പൗരനെ ഡൽഹി പോലീസിന്റെ സഹായത്തോടെയാണ് പിടികൂടിയത്. പെരുനാട് പോലീസ് സ്റ്റേഷനിലെ കേസിൽ വിദേശ വനിതയെ ബെംഗളൂരുവിൽ നിന്നുമാണ് പിടികൂടിയത്. വിദേശത്തുനിന്ന് കേരളത്തിലേക്ക് ലഹരി എത്തിക്കുന്ന പ്രധാന കണ്ണികളാണ് ഇരുവരുമെന്ന് മന്ത്രി അറിയിച്ചു.
Also Read: പെൻഷൻ പ്രായം ഉയർത്തരുത്; ധവളപത്രത്തിലെ നിർദേശത്തിനെതിരെ മന്ത്രി ഒ.ജെ. ജനീഷ്
ലഹരി മാഫിയയെ വേരോടെ പിഴുതെറിയാൻ സംസ്ഥാന സ്പെഷ്യൽ ബ്രാഞ്ചിൽ ‘തൂഫാൻ ഇന്റലിജൻസ്’ എന്ന പേരിൽ പ്രത്യേക വിഭാഗത്തെ രൂപീകരിച്ചിട്ടുണ്ട്. ലഹരി വിപണനത്തെക്കുറിച്ചുള്ള വിവരങ്ങൾ ആർക്കും സുരക്ഷിതമായി പോലീസിന് കൈമാറാം. വിവരങ്ങൾ കൈമാറുന്നവരുടെ പേരുവിവരങ്ങൾ അതീവ രഹസ്യമായി സൂക്ഷിക്കുമെന്നും മന്ത്രി ഉറപ്പുനൽകി.
വിവരങ്ങൾ അറിയിക്കേണ്ട നമ്പരുകൾ
ഫോൺ: 9497979794, 9497927797
വാട്സ്ആപ്പ്: 9995966666





