‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’; ഇറാൻ്റെ കണ്ണുവെട്ടിച്ച് 10 കോടി ബാരൽ എണ്ണ കടത്തി! രഹസ്യനീക്കം വെളിപ്പെടുത്തി ട്രംപ്‌

ഈ ദൗത്യത്തിലൂടെ 200-ലധികം വാണിജ്യ എണ്ണക്കപ്പലുകളെ സുരക്ഷിതമായി അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ അമേരിക്കൻ സൈന്യത്തിന് സാധിച്ചുവെന്നും ട്രംപ് വെളിപ്പെടുത്തി

‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’; ഇറാൻ്റെ കണ്ണുവെട്ടിച്ച് 10 കോടി ബാരൽ എണ്ണ കടത്തി! രഹസ്യനീക്കം വെളിപ്പെടുത്തി ട്രംപ്‌
‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’; ഇറാൻ്റെ കണ്ണുവെട്ടിച്ച് 10 കോടി ബാരൽ എണ്ണ കടത്തി! രഹസ്യനീക്കം വെളിപ്പെടുത്തി ട്രംപ്‌

ഹോർമുസ് കടലിടുക്കിൽ ഇറാൻ ഏർപ്പെടുത്തിയ ഉപരോധത്തെ തകർത്ത് അമേരിക്ക നടത്തിയ അതീവ രഹസ്യമായ വൻ സൈനിക ദൗത്യത്തിന്റെ വിവരങ്ങൾ പുറത്തുവിട്ട് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്. ‘ഓപ്പറേഷൻ പ്രൊജക്ട് ഫ്രീഡം’ എന്ന് പേരിട്ടിരിക്കുന്ന ഈ രഹസ്യ ഓപ്പറേഷനിലൂടെ, ഇറാൻ അടച്ചുപൂട്ടിയ തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിലൂടെ 10 കോടിയിലധികം ബാരൽ ക്രൂഡ് ഓയിൽ ആരുമറിയാതെ കടത്തിയതായാണ് ട്രംപ് അവകാശപ്പെടുന്നത്. ഈ ദൗത്യത്തിലൂടെ 200-ലധികം വാണിജ്യ എണ്ണക്കപ്പലുകളെ സുരക്ഷിതമായി അന്താരാഷ്ട്ര വിപണിയിൽ എത്തിക്കാൻ അമേരിക്കൻ സൈന്യത്തിന് സാധിച്ചുവെന്നും ട്രംപ് വെളിപ്പെടുത്തി.

സിനിമകളെപ്പോലും വെല്ലുന്ന രീതിയിലായിരുന്നു കടലിടുക്കിലൂടെയുള്ള അമേരിക്കയുടെ ഈ എണ്ണക്കടത്ത്. രാത്രികാലങ്ങളിൽ പൂർണ്ണമായും ലൈറ്റുകൾ അണച്ചാണ് ഭീമാകാരമായ ഈ കപ്പലുകൾ പാത കടന്നത്. ഇറാന്റെ പക്കൽ അത്യാധുനിക റഡാർ സംവിധാനങ്ങൾ ഇല്ലാത്തതിനാലാണ് അമേരിക്കയുടെ ഈ വൻ നീക്കം കണ്ടെത്താൻ അവർക്ക് സാധിക്കാതെ പോയതെന്ന് ട്രംപ് പരിഹസിച്ചു. ഒറ്റ രാത്രിയിൽ മാത്രം ഇത്തരത്തിൽ 22 കപ്പലുകൾ വരെ ഇറാൻ്റെ അതിർത്തി കടത്തിയിട്ടുണ്ട്. ആഗോള വിപണിയിൽ എണ്ണവില ബാരലിന് 200 ഡോളറിന് മുകളിലേക്ക് കുതിച്ചുയരുന്നത് തടയാനും വില 90 ഡോളറിൽ താഴെ നിലനിർത്താനും ഈ ദൗത്യം സഹായിച്ചുവെന്നും, നിലവിൽ ഹോർമുസ് കടലിടുക്കിന്റെ പൂർണ്ണ നിയന്ത്രണം അമേരിക്കയുടെ കൈവശമാണെന്നും ട്രംപ് സോഷ്യൽ മീഡിയയിലൂടെ അവകാശപ്പെട്ടു.

Also Read: 20,000 പേരുടെ കുടിവെള്ളം മുട്ടിച്ചു; ജലസംഭരണികൾ തകർത്ത അമേരിക്കയ്‌ക്കെതിരെ ആഞ്ഞടിച്ച് ഇറാൻ

ലോകത്തിലെ ആകെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്നും കടന്നുപോകുന്ന അതീവ പ്രാധാന്യമുള്ള ജലപാതയാണ് ഹോർമുസ് കടലിടുക്ക്. കഴിഞ്ഞ ഫെബ്രുവരി 28-നാണ് ഇറാൻ ഈ പാത പൂർണ്ണമായും അടച്ചത്. മേഖലയിൽ വെച്ച് അമേരിക്കയുടെ അപ്പാച്ചെ ഹെലികോപ്റ്റർ ഇറാൻ സൈന്യം വെടിവെച്ചിട്ടതോടെയാണ് ഇരുരാജ്യങ്ങളും തമ്മിലുള്ള സംഘർഷം യുദ്ധസമാനമായത്. ഇതിന് മറുപടിയായി ഇറാന്റെ തലസ്ഥാനമായ ടെഹ്റാൻ, ഇസ്ഫഹാൻ തുടങ്ങിയ നഗരങ്ങളിൽ അമേരിക്ക വ്യോമാക്രമണം നടത്തിയിരുന്നു. ഇതിനെതിരെ ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർപ്സ് പശ്ചിമേഷ്യയിലെ 18 അമേരിക്കൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ട് ശക്തമായ തിരിച്ചടിയും നൽകിയിരുന്നു. ഈ കടുത്ത യുദ്ധപ്രതിസന്ധിക്കിടയിലാണ് മെയ് മാസത്തിൽ തുടങ്ങി അമേരിക്ക രഹസ്യമായി നടപ്പാക്കിയ ‘പ്രൊജക്ട് ഫ്രീഡം’ ദൗത്യത്തിന്റെ വിവരം ഇപ്പോൾ പുറത്തുവരുന്നത്.

Share Email
Top