30 ദിവസത്തിൽ വിറ്റത് വെറും 9 വണ്ടി! ഹ്യുണ്ടായി അയോണിക് 5-ന് കനത്ത തിരിച്ചടി; എങ്കിലും ഫീച്ചറുകളിൽ ഈ ഇവി സൂപ്പർ ബോസ്

വിൽപ്പനയിൽ പിന്നിലാണെങ്കിലും, പ്രീമിയം ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഫീച്ചറുകളുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ അയോണിക് 5 ഇന്നും ഒരു വിസ്മയം തന്നെയാണ്

30 ദിവസത്തിൽ വിറ്റത് വെറും 9 വണ്ടി! ഹ്യുണ്ടായി അയോണിക് 5-ന് കനത്ത തിരിച്ചടി; എങ്കിലും ഫീച്ചറുകളിൽ ഈ ഇവി സൂപ്പർ ബോസ്
30 ദിവസത്തിൽ വിറ്റത് വെറും 9 വണ്ടി! ഹ്യുണ്ടായി അയോണിക് 5-ന് കനത്ത തിരിച്ചടി; എങ്കിലും ഫീച്ചറുകളിൽ ഈ ഇവി സൂപ്പർ ബോസ്

ന്ത്യൻ വാഹന വിപണിയിൽ ക്രെറ്റയും വെന്യൂവും എക്‌സ്റ്ററുമൊക്കെയായി ഹ്യുണ്ടായിയുടെ എസ്‌യുവി നിര വൻ കുതിപ്പ് തുടരുമ്പോഴും, കമ്പനിയുടെ പ്രീമിയം ഇലക്ട്രിക് വാഹനമായ അയോണിക് 5 വിൽപ്പനയിൽ കനത്ത തിരിച്ചടി നേരിടുന്നു. കഴിഞ്ഞ് ജൂൺ മാസത്തിൽ രാജ്യത്താകെ വെറും 9 ഉപഭോക്താക്കൾ മാത്രമാണ് ഈ ലക്ഷ്വറി ഇവി സ്വന്തമാക്കിയത്. 2025 ജൂണിൽ 12 യൂണിറ്റുകൾ വിറ്റഴിച്ച സ്ഥാനത്താണിത്. ഇതോടെ വാർഷികാടിസ്ഥാനത്തിൽ വാഹനത്തിന്റെ വിൽപ്പനയിൽ 25 ശതമാനത്തിന്റെ ഇടിവ് രേഖപ്പെടുത്തി. ഉയർന്ന പ്രീമിയം വിലയും ഈ വിലനിലവാരത്തിലുള്ള വാഹനങ്ങൾ വാങ്ങാൻ എത്തുന്ന പരിമിതമായ ഉപഭോക്തൃ വിഭാഗവുമാണ് അയോണിക് 5-ന്റെ വിൽപ്പന കുറയാൻ പ്രധാന കാരണമായി വിപണി വിദഗ്ദ്ധർ ചൂണ്ടിക്കാണിക്കുന്നത്.

വിൽപ്പനയിൽ പിന്നിലാണെങ്കിലും, പ്രീമിയം ഇലക്ട്രിക് വാഹന വിഭാഗത്തിൽ ഫീച്ചറുകളുടെയും സാങ്കേതികവിദ്യയുടെയും കാര്യത്തിൽ അയോണിക് 5 ഇന്നും ഒരു വിസ്മയം തന്നെയാണ്. പാരാമെട്രിക് പിക്സൽ എൽഇഡി ഹെഡ്‌ലാമ്പുകളും ടെയിൽലാമ്പുകളും, ഓട്ടോ-ഫ്ലഷ് ഡോർ ഹാൻഡിലുകളും, കരുത്തുറ്റ 20 ഇഞ്ച് അലോയ് വീലുകളും വാഹനത്തിന് റോഡിൽ വേറിട്ടൊരു പ്രീമിയം ലുക്ക് നൽകുന്നു. വിശാലമായ ആധുനിക ക്യാബിനിൽ 12.3 ഇഞ്ചിന്റെ രണ്ട് ഡിജിറ്റൽ ഡിസ്‌പ്ലേകളാണ് ഒരുക്കിയിരിക്കുന്നത്. ഇന്റീരിയറിൽ പൂർണ്ണമായും പരിസ്ഥിതി സൗഹൃദ മെറ്റീരിയലുകളാണ് ഉപയോഗിച്ചിരിക്കുന്നത്. യാത്ര സുഖകരമാക്കാൻ വെന്റിലേറ്റഡ് സീറ്റുകൾ, ബോസ് ബ്രാൻഡിന്റെ 8-സ്പീക്കർ പ്രീമിയം സൗണ്ട് സിസ്റ്റം, പനോരമിക് സൺറൂഫ് എന്നിവയുണ്ട്. കൂടാതെ വണ്ടിയിൽ നിന്നും മറ്റ് ഇലക്ട്രോണിക് ഉപകരണങ്ങളിലേക്ക് പവർ നൽകാൻ സാധിക്കുന്ന വെഹിക്കിൾ-ടു-ലോഡ് സാങ്കേതികവിദ്യയും ഈ ഇവിയുടെ വലിയ പ്രത്യേകതയാണ്.

Also Read: എംപിവി വിപണി പിടിച്ചടക്കി മാരുതി എർട്ടിഗ; ജൂണിലും റെക്കോർഡ് വിൽപ്പന; എതിരാളികൾ ബഹുദൂരം പിന്നിൽ!

സുരക്ഷയുടെ കാര്യത്തിൽ ലെവൽ-2 എഡാസ് സാങ്കേതികവിദ്യയാണ് വാഹനത്തിലുള്ളത്. ഫോർവേഡ് കൊളിഷൻ അവോയിഡൻസ് അസിസ്റ്റ്, ബ്ലൈൻഡ് സ്പോട്ട് മോണിറ്ററിംഗ്, ലെയ്ൻ കീപ്പ് അസിസ്റ്റ് തുടങ്ങി 21-ലധികം അഡ്വാൻസ്ഡ് സുരക്ഷാ ഫീച്ചറുകൾ ഇതിലുണ്ട്. കൂടാതെ 6 എയർബാഗുകൾ, 360 ഡിഗ്രി ക്യാമറ, ഇലക്ട്രോണിക് സ്റ്റാബിലിറ്റി കൺട്രോൾ, നാല് വീലുകളിലും ഡിസ്ക് ബ്രേക്കുകൾ എന്നിവയും സ്റ്റാൻഡേർഡായി നൽകിയിരിക്കുന്നു. 84kWh ലിക്വിഡ്-കൂൾഡ് ബാറ്ററി പായ്ക്കാണ് അയോണിക് 5-ന്റെ കരുത്ത്. ഒറ്റ ചാർജിൽ 690 കിലോമീറ്റർ വരെ സഞ്ചരിക്കാമെന്നാണ് കമ്പനി അവകാശപ്പെടുന്നത്. റിയർ-വീൽ ഡ്രൈവ് ഇലക്ട്രിക് മോട്ടോർ 225 bhp കരുത്തും 350 Nm ടോർക്കും ഉൽപ്പാദിപ്പിക്കും. നിശ്ചലാവസ്ഥയിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗത കൈവരിക്കാൻ വെറും 7.3 സെക്കൻഡ് മാത്രം മതി.
800V അൾട്രാ-ഫാസ്റ്റ് ചാർജിംഗ് പിന്തുണയ്ക്കുന്നതിനാൽ, 350kW ഡിസി ഫാസ്റ്റ് ചാർജർ ഉപയോഗിച്ചാൽ വാഹനത്തിന്റെ ബാറ്ററി വെറും 18 മിനിറ്റിൽ 10-ൽ നിന്ന് 80 ശതമാനം വരെ ചാർജ് ചെയ്യാം. നിലവിൽ പൂർണ്ണ സജ്ജീകരണങ്ങളുള്ള ഒരൊറ്റ വേരിയന്റിൽ മാത്രം ലഭ്യമായ ഹ്യുണ്ടായി അയോണിക് 5-ന്റെ ഇന്ത്യയിലെ എക്‌സ്-ഷോറൂം വില 55.70 ലക്ഷം രൂപ മുതലാണ് ആരംഭിക്കുന്നത്.

Share Email
Top