മലപ്പുറം: ജില്ലയിൽ ആളുകളെ കാണാതാകുന്ന സംഭവങ്ങളിൽ വർഷം തോറും വൻ വർധനവുണ്ടാകുന്നതായി ക്രൈം റെക്കോർഡ്സ് ബ്യൂറോയുടെ ഞെട്ടിക്കുന്ന കണക്കുകൾ. ഈ വർഷം ഇതുവരെ മാത്രം മലപ്പുറം ജില്ലയിൽ നിന്ന് 363 പേരെ കാണാതായിട്ടുണ്ട്. സംസ്ഥാനത്താകെ ഈ വർഷം കാണാതായവരുടെ എണ്ണം 5,253 ആണ്.
2022 മുതൽ മുൻപോട്ടുള്ള വർഷങ്ങളിലെ കണക്കുകൾ പരിശോധിച്ചാൽ ഭീതിജനകമായ വിവരങ്ങളാണ് പുറത്തുവരുന്നത്. 2022-ൽ 534 പേരെയും 2023-ൽ 536 പേരെയും കാണാതായപ്പോൾ, 2024-ൽ ഇത് 784 ആയി ഉയർന്നു. 2025-ൽ 733 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. വീടുകളിൽ നിന്ന് സ്കൂളുകൾ, കോളേജുകൾ, തൊഴിലിടങ്ങൾ എന്നിവിടങ്ങളിലേക്ക് പോകുന്ന വഴിക്കാണ് ഭൂരിഭാഗം പേരെയും കാണാതാകുന്നത്. കാണാതാകുന്നവരിൽ വലിയൊരു പങ്കും പെൺകുട്ടികളും സ്ത്രീകളുമാണെന്നത് ആശങ്ക കൂട്ടുന്നു. പോലീസിന്റെ കൃത്യമായ അന്വേഷണത്തിലൂടെ പലരെയും കണ്ടെത്താനായെങ്കിലും ഇനിയും ഒരു വിവരവും ലഭിക്കാത്തവർ നിരവധിയാണ്.
Also Read: ശബരിമല സ്വർണക്കൊള്ള കേസ്; പി.എസ് പ്രശാന്തും എ. അജികുമാറും ജാമ്യാപേക്ഷ സമർപ്പിച്ചു
സോഷ്യൽ മീഡിയ വഴി പരിചയപ്പെടുന്ന അപരിചിതർക്കൊപ്പം ദിവസങ്ങളുടെ മാത്രം ബന്ധം വെച്ച് ഇറങ്ങിപ്പോകുന്ന പ്രവണത വർധിച്ചുവരുന്നു. രക്ഷിതാക്കളുമായുള്ള നിസ്സാര തർക്കങ്ങളെ തുടർന്ന് വീടുവിട്ടിറങ്ങുന്നവരും നിരവധിയാണ്. കുട്ടികളെ അകാരണമായി ശിക്ഷിക്കുകയോ അവഗണിക്കുകയോ ചെയ്യുന്ന കുടുംബാന്തരീക്ഷം അവരെ വീടുവിടാൻ പ്രേരിപ്പിക്കുന്നു. ആളുകളെ കാണാതായി ദിവസങ്ങൾക്ക് ശേഷം, സ്വന്തം നിലയിലുള്ള അന്വേഷണം പരാജയപ്പെടുമ്പോൾ മാത്രം പോലീസിനെ സമീപിക്കുന്ന സംഭവങ്ങൾ നിരവധിയുള്ളതിനാൽ, യഥാർത്ഥ സംഖ്യ ഔദ്യോഗിക കണക്കുകളിലും വളരെ മുകളിലാണെന്നാണ് സൂചന.
NB: ഈ വാർത്തയിൽ ഉപയോഗിച്ചിരിക്കുന്ന ചിത്രം പ്രതീകാത്മകമാണ്. (AI SOURCES)






