മുംബൈ: പുണെയിൽ 16 വയസ്സുകാരൻ ഫ്ലാറ്റിൽ നിന്ന് വീണു മരിച്ച സംഭവത്തിനു പിന്നിൽ ഓൺലൈൻ ഗെയിം എന്നു സംശയം. വെള്ളിയാഴ്ച രാത്രി ഫ്ലാറ്റിന്റെ 14–ാം നിലയിൽ നിന്നു വീണുമരിച്ച നിലയിലാണ് കുട്ടിയെ കണ്ടെത്തിയത്.
ഹൗസിങ് സൊസൈറ്റിയുടെ വാട്സാപ് ഗ്രൂപ്പിലെ സന്ദേശം കണ്ട് ഓടിയെത്തിയ അമ്മയാണ് മകനെ തിരിച്ചറിഞ്ഞത്. മകൻ അനിയന്ത്രിതമായി ഓൺലൈൻ ഗെയിമുകളിൽ സജീവമായിരുന്നതായി അമ്മ പറഞ്ഞു.
ലാപ്ടോപ് ലഭിച്ചില്ലെങ്കിൽ അക്രമാസക്തനാകുന്ന പതിവും ഉണ്ടായിരുന്നു. മുറിയിൽ നിന്നു കണ്ടെത്തിയ പേപ്പറിൽ ഫ്ലാറ്റിന്റെ ചിത്രത്തിനൊപ്പം ചാടുക എന്ന് എഴുതിയിട്ടുണ്ട്. ലാപ്ടോപ് കണ്ടെത്തിയെങ്കിലും തുറക്കാനാകാത്തതിനാൽ സൈബർ വിദഗ്ധരുടെ സഹായം തേടിയിരിക്കുകയാണ്. നിരോധിച്ച മൊബൈൽ ഗെയിമുകൾ പേര് മാറ്റിയും മറ്റും ഇപ്പോഴും ഉപയോഗത്തിലുണ്ടെന്നു പൊലീസ് പറയുന്നു.