ദുബായ്: യുഎഇയിലെ ഇന്ത്യൻ പ്രവാസികൾക്ക് സുപ്രധാന അറിയിപ്പുമായി ദുബായ് ഇന്ത്യൻ കോൺസുലേറ്റും അബുദാബി ഇന്ത്യൻ എംബസിയും. കോൺസുലേറ്റിൽ പാസ്‌പോർട്ട്, വിസ, അറ്റസ്റ്റേഷൻ തുടങ്ങിയ വിവിധ സേവനങ്ങൾക്കായി നിലവിലുണ്ടായിരുന്ന നേരിട്ടെത്തി ക്യൂ നിൽക്കുന്ന സൗകര്യം പൂർണമായും നിർത്തലാക്കി. ഇനിമുതൽ ഈ സേവനങ്ങൾ ആവശ്യമുള്ളവർ മുൻകൂട്ടി ഓൺലൈൻ വഴി അപ്പോയിന്റ്മെന്റ് എടുക്കണമെന്ന് അധികൃതർ അറിയിച്ചു. കോൺസുലർ സേവനങ്ങൾ കൂടുതൽ സുഗമമാക്കുന്നതിനും തിരക്ക് ഒഴിവാക്കുന്നതിനുമായാണ് പുതിയ പരിഷ്കാരം.
അപേക്ഷകർക്ക് അപ്പോയിന്റ്മെന്റുകൾ ബുക്ക് ചെയ്യുന്നതിനായി book.passportindiauae.com എന്ന പ്രത്യേക ഓൺലൈൻ പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. ഓരോ ദിവസത്തേക്കുമുള്ള സ്ലോട്ടുകൾ തലേദിവസം രാത്രി എട്ട് മണിക്ക് വെബ്‌സൈറ്റിൽ ലഭ്യമാകും. അപ്പോയിന്റ്മെന്റ് ലഭിച്ചവർക്ക് നിശ്ചയിച്ച സമയത്തിന് 15 മിനിറ്റ് മുൻപ് മാത്രമേ കോൺസുലേറ്റ് പരിസരത്തേക്ക് പ്രവേശനം അനുവദിക്കൂ. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി അപേക്ഷകർക്ക് മാത്രമായിരിക്കും പ്രവേശനം. എന്നാൽ പ്രായപൂർത്തിയാകാത്ത അപേക്ഷകർക്കൊപ്പം മാതാപിതാക്കൾക്ക് ഒപ്പമുണ്ടാകാം.
Also Read: ദുബായിൽ ട്രക്ക് പാർക്കിങ് ശേഷി വർധിപ്പിച്ചു; ഗതാഗതക്കുരുക്കഴിക്കാൻ ആർ.ടി.എ.യുടെ വൻ വിപുലീകരണം
ദുബായ് കോൺസുലേറ്റിൽ പാസ്‌പോർട്ട്, വിസ സേവനങ്ങൾക്കായി ഗേറ്റ് നമ്പർ 2 വഴിയും, അറ്റസ്റ്റേഷൻ ആവശ്യങ്ങൾക്കായി ഗേറ്റ് നമ്പർ 1 വഴിയുമാണ് പ്രവേശനം ക്രമീകരിച്ചിരിക്കുന്നത്. അബുദാബി എംബസിയിൽ അൽ സഫാറത്ത് സ്ട്രീറ്റിലെ പ്രധാന ഗേറ്റ് വഴി പ്രവേശിക്കാം. നവജാത ശിശുക്കളുടെ അപേക്ഷകൾക്കും എമർജൻസി സർട്ടിഫിക്കറ്റ് ആവശ്യമായവർക്കും പ്രത്യേക മുൻഗണന ലഭിക്കും. അതേസമയം, അബുദാബി എംബസിയിലും ദുബായ് കോൺസുലേറ്റിലും അടിയന്തര സാഹചര്യങ്ങൾ കണക്കിലെടുത്ത് രാവിലെ 9 മുതൽ 11 മണി വരെ പരിമിതമായ തോതിൽ വാക്ക്-ഇൻ സേവനങ്ങൾ ലഭ്യമായിരിക്കുമെന്നും അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
അപേക്ഷകർ പൂർണമായി പൂരിപ്പിച്ച ഫോമുകളും ആവശ്യമായ അനുബന്ധ രേഖകളും സഹിതം വേണം എത്തുവാൻ. ഇതിനായുള്ള ഓൺലൈൻ അപേക്ഷാ ഫോമുകൾ mportal.passportindia.gov.in/mission/ എന്ന ലിങ്കിൽ ലഭ്യമാണ്. അപേക്ഷയിൽ ഫോട്ടോയും ഒപ്പും കൃത്യമായ വ്യക്തതയോടെ അപ്‌ലോഡ് ചെയ്യാൻ അപേക്ഷകർ പ്രത്യേകം ശ്രദ്ധിക്കണം. സേവനങ്ങൾക്കുള്ള ഫീസ് പണമായി മാത്രമേ സ്വീകരിക്കുകയുള്ളൂ എന്നതിനാൽ കൃത്യമായ തുക കൈവശം കരുതേണ്ടതാണ്. സംശയനിവാരണങ്ങൾക്കായി ടോൾ ഫ്രീ നമ്പറായ 800 46342 വഴിയോ, +971 54 309 0571 എന്ന വാട്സ്ആപ്പ് നമ്പർ വഴിയോ ബന്ധപ്പെടാവുന്നതാണ്. പുതിയ മാർഗനിർദേശങ്ങളോട് പ്രവാസികൾ പൂർണമായി സഹകരിക്കണമെന്ന് മിഷൻ അധികൃതർ അഭ്യർഥിച്ചു.






