CMDRF

ഉന്നത പഠനത്തിനായി പ്രയോജനപ്പെടുത്താം ഒ.എൻ.ജി.സി സ്കോളർഷിപ്പുകൾ

യോഗ്യതാപരീക്ഷയിലെ മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്.,മാർക്ക് തുല്യമെങ്കിൽ കുറഞ്ഞ വരുമാനമുള്ളവരെ തിരഞ്ഞെടുക്കും

ഉന്നത പഠനത്തിനായി പ്രയോജനപ്പെടുത്താം ഒ.എൻ.ജി.സി സ്കോളർഷിപ്പുകൾ
ഉന്നത പഠനത്തിനായി പ്രയോജനപ്പെടുത്താം ഒ.എൻ.ജി.സി സ്കോളർഷിപ്പുകൾ

ബിരുദതല എൻജിനിയറിങ്, എം.ബി.ബി.എസ്., എം.ബി.എ., ജിയോളജി, ജിയോഫിസിക്സ് മാസ്റ്റേഴ്സ് എന്നീ പ്രോഗ്രാമുകളിൽ പഠിക്കുന്ന, സാമ്പത്തികമായി പിന്നാക്കം നിൽക്കുന്ന വിവിധവിഭാഗങ്ങളിലെ വിദ്യാർഥികൾക്ക്, ഓയിൽ ആൻഡ് നാച്വറൽ ഗ്യാസ് കോർപ്പറേഷൻ (ഒ.എൻ.ജി.സി.) 2024-25 അധ്യയനവർഷത്തേക്ക് 2000 സ്കോളർഷിപ്പുകൾ പ്രഖ്യാപിച്ചു. ഒ.എൻ.ജി.സി. ഫൗണ്ടേഷൻ വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. പട്ടികജാതി, പട്ടികവർഗം, ഒ.ബി.സി., ജനറൽ- ഇ.ഡബ്ല്യു.എസ്‌. വിഭാഗങ്ങളിലെ വിദ്യാർഥികളെയാണ് വാർഷിക കുടുംബവരുമാനം അടിസ്ഥാനമാക്കി സ്കോളർഷിപ്പിന് പരിഗണിക്കുക.

യോഗ്യത

2024-25 അധ്യയനവർഷം ഈ പ്രോഗ്രാമുകളിൽ ആദ്യവർഷപ്രവേശനം നേടിയവർക്ക്‌ അപേക്ഷിക്കാം. ബിരുദതല എൻജിനിയറിങ്/ എം.ബി.ബി.എസ്. അപേക്ഷാർഥി പ്ലസ്ടു പരീക്ഷയും എം.ബി.എ./ മാസ്റ്റേഴ്സ് അപേക്ഷകർ ബിരുദപരീക്ഷയും 60 ശതമാനം മാർക്കുവാങ്ങി ജയിച്ചവരായിക്കണം. (ഗ്രേഡിങ് എങ്കിൽ 6.0 ഒ.ജി.പി.എ./ സി.ജി.പി.എ.). അംഗീകൃത ഫുൾടൈം റഗുലർ കോഴ്സിലാകണം പഠനം. 1.8.2024-ന്, 30 വയസ്സ് കവിഞ്ഞിരിക്കരുത്. എല്ലാവിഭാഗം അപേക്ഷകർക്കും യോഗ്യതാകോഴ്സ്, മാർക്ക്, പ്രായം എന്നിവ സംബന്ധിച്ച്‌ സൂചിപ്പിച്ച വ്യവസ്ഥകൾ ബാധകമാണ്.

ജനറൽ/ ഒ.ബി.സി. അപേക്ഷകരുടെ മൊത്തം വാർഷിക കുടുംബവരുമാനം (എല്ലാ സ്രോതസ്സുകളിൽനിന്നും) രണ്ടുലക്ഷംരൂപയിൽ താഴെയായിരിക്കണം. പട്ടികവിഭാഗക്കാരുടെ കാര്യത്തിൽ വാർഷിക കുടുംബവരുമാനം നാലരലക്ഷം രൂപയിൽ താഴെയായിരിക്കണം.രാജ്യത്തെ അഞ്ചുമേഖലകളായിത്തിരിച്ച്, തുല്യമായി (ജനറൽ- 100 വീതം/ ഒ.ബി.സി.- 100 വീതം/ പട്ടികവിഭാഗം- 200 വീതം) ഓരോ മേഖലയ്ക്കും സ്കോളർഷിപ്പുകൾ നൽകും.

യോഗ്യതാപ്രോഗ്രാമിന് പഠിച്ച സ്ഥാപനം സ്ഥിതിചെയ്യുന്ന സ്ഥലംപരിഗണിച്ചാണ് ബാധകമായമേഖല കണ്ടെത്തുന്നത്. കേരളം തെക്കൻമേഖലയിലാണ് (അഞ്ചാംമേഖല). തമിഴ്നാട്, കർണാടകം, ആന്ധ്രാപ്രദേശ്, തെലങ്കാന, പുതുച്ചേരി, ആൻഡമാൻ ആൻഡ് നികോബാർ എന്നിവയും തെക്കൻമേഖലയിലാണ്.

തിരഞ്ഞെടുപ്പ്

യോഗ്യതാപരീക്ഷയിലെ മാർക്ക് പരിഗണിച്ചാണ് തിരഞ്ഞെടുപ്പ്. മാർക്ക് തുല്യമെങ്കിൽ കുറഞ്ഞവരുമാനമുള്ളവരെ തിരഞ്ഞെടുക്കും. ബി.പി.എൽ. വിഭാഗക്കാർക്ക് മുൻഗണനയുണ്ട്. അവരുടെ അഭാവത്തിൽമാത്രമേ മറ്റുള്ളവരെ പരിഗണിക്കുകയുള്ളൂ.

അപേക്ഷ

ongcscholar.org (അപ്ലൈ സ്കോളർഷിപ്പ് ലിങ്ക്) വഴി സെപ്റ്റംബർ 18 വരെ നൽകാം. പൂരിപ്പിച്ച അപേക്ഷയും അനുബന്ധരേഖകളും, പഠിച്ചുകൊണ്ടിരിക്കുന്ന സ്ഥാപനത്തിന്റെ മേധാവിയുടെ സാക്ഷ്യപ്പെടുത്തലോടെ അപ്‌ലോഡ് ചെയ്യണം. അപേക്ഷയുടെ ഹാർഡ് കോപ്പി, അപേക്ഷാഫോമിൽ നൽകിയിട്ടുള്ള നിശ്ചിതവിലാസത്തിൽ ലഭിക്കണം. തിരഞ്ഞെടുക്കപ്പെടുന്നവർക്കുള്ള സ്കോളർഷിപ്പ്തുക ഓരോ അക്കാദമിക് വർഷവും പൂർത്തിയായശേഷം വിദ്യാർഥിയുടെ അക്കൗണ്ടിലേക്ക് ഇ.സി.എസ്. വഴി നൽകും. സ്കോളർഷിപ്പ് ലഭിക്കുന്നവർക്ക് തുടർവർഷങ്ങളിൽ അത് തുടർന്നുലഭിക്കാനുള്ള വ്യവസ്ഥകളും മറ്റുവിശദാംശങ്ങളും വെബ്സൈറ്റിലുണ്ട്.

Top