തൃശൂര്‍: തൃശൂര്‍ ചെറുതുരുത്തിയില്‍ ട്രെയിന്‍ തട്ടിയുണ്ടായ അപകടത്തില്‍ ഒരാള്‍ മരിച്ചു. ചെറുതുരുത്തി സ്വദേശി രവി (48) ആണ് മരിച്ചത്. മൂന്നുപേരെ ട്രെയിന്‍ തട്ടിയെന്ന് ലോക്കോ പൈലറ്റ് അറിയിച്ചതിനെ തുടര്‍ന്ന് പ്രദേശത്ത് പൊലീസ് പരിശോധന നടത്തുകയായിരുന്നു. എന്നാല്‍ ഒരാളുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഒരാള്‍ മാത്രമാണ് അപകടത്തില്‍ പെട്ടതെന്ന് വ്യക്തമായതോടെ പൊലീസ് തെരച്ചില്‍ അവസാനിപ്പിക്കുകയായിരുന്നു. രാത്രി 8 മണിയോടെയാണ് അപകടമുണ്ടായത്. എറണാകുളത്തു നിന്നും കണ്ണൂരിലേക്ക് പോവുകയായിരുന്ന ആലപ്പി കണ്ണൂര്‍ എക്‌സ്പ്രസ് ആണ് രവിയെ തട്ടിയത്.
Also Read: ഗുളികയില്‍ മൊട്ടുസൂചി കണ്ടെത്തിയ സംഭവം; പരാതി വ്യാജമെന്ന് ആരോഗ്യ വകുപ്പ്
അതേസമയം, ഇയാള്‍ ട്രാക്കിന് സമീപം ഓട്ടോ നിര്‍ത്തി ട്രെയിനിന് മുമ്പില്‍ ചാടിയതാണെന്നാണ് പൊലീസ് നിഗമനം. കൂടെ രണ്ടു പേരുണ്ടെന്ന ലോക്കോ പൈലറ്റിന്റെ അറിയിപ്പിനെ തുടര്‍ന്ന് പൊലീസ് രണ്ടു കിലോമീറ്ററോളം തെരഞ്ഞെങ്കിലും ആരേയും കണ്ടെത്താനായില്ല. ലോക്കോ പൈലറ്റ് ട്രാക്കിന് സമീപത്ത് കൂടെ പോയ രണ്ടു പേരെ കണ്ടതാകാമെന്ന് പൊലീസ് പറയുന്നു. ഈ നിഗമനത്തില്‍ പൊലീസ് തെരച്ചില്‍ അവസാനിപ്പിച്ചു. ചെറുതുരുത്തി തഴപ്ര തെക്കേക്കരമേല്‍ വീട്ടില്‍ രാമന്റെ മകനാണ് മരിച്ച രവീന്ദ്രന്‍ എന്ന രവി. വെട്ടിക്കാട്ടിരിയില്‍ ഓട്ടോ ഡ്രൈവറും ചെത്തു തൊഴിലാളിയുമാണ്. ചെറുതുരുത്തി പോലീസ് സ്ഥലത്തെത്തി മൃതദേഹം തൃശൂര്‍ മെഡിക്കല്‍ കോളേജിലേക്ക് മാറ്റി.






