ജയ്പൂർ: എൽപിജി സിലിണ്ടറുകൾ നിറച്ച ട്രക്കിലേക്ക് ടാങ്കർ ഇടിച്ചുകയറിയതിനെ തുടർന്നുണ്ടായ സ്‌ഫോടന പരമ്പരയിലും തീപ്പിടിത്തത്തിലും ഒരാൾക്ക് ദാരുണാന്ത്യം. ജയ്പൂർ-അജ്‌മേര്‍ ദേശീയപാതയിൽ ചൊവ്വാഴ്ച രാത്രിയാണ് സംഭവം നടന്നത്. മരിച്ച ടാങ്കറിന്റെ ഡ്രൈവറെ കൂടാതെ, ട്രക്ക് ഡ്രൈവർ ഉൾപ്പെടെ മൂന്നുപേർക്ക് പരിക്കേറ്റതായാണ് വിവരം.
Also Read: കർണാടകയിൽ വിനോദയാത്രയ്ക്കിടെ അപകടം; ഒരു കുടുംബത്തിലെ ഏഴുപേർ ഒഴുക്കിൽപ്പെട്ടു, രണ്ട് സ്ത്രീകൾ മരിച്ചു
രാജസ്ഥാനിലെ മൗസാമാബാദിലെ സവര്‍ദ പുലിയയ്ക്ക് സമീപമായിരുന്നു അപകടം. ഗ്യാസ് സിലിണ്ടറുമായെത്തിയ ട്രക്ക് ഇവിടെ ഒരു ധാബയ്ക്കരികില്‍ നിർത്തിയിട്ടിരിക്കുകയായിരുന്നു. ഈ ട്രക്കിന്റെ പിന്നിലേക്ക് അതിവേഗത്തിലെത്തിയ ടാങ്കർ ഇടിച്ചുകയറുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
ഇടിയുടെ ആഘാതത്തിൽ ട്രക്കിലെ സിലിൻഡറുകൾ തുടരെത്തുടരെ പൊട്ടിത്തെറിക്കുകയും ട്രക്കിനും ടാങ്കറിനും തീപ്പിടിക്കുകയും ചെയ്തു. ഏഴോളം വാഹനങ്ങൾ കത്തിനശിച്ചതായാണ് പ്രാഥമിക വിവരം. അപകടത്തിന് പിന്നാലെ ദേശീയപാതയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തിയിരുന്നു.













